The waste land translated by s joseph

 

The Waste Land 














The Waste Land

 

പാഴ്നിലം


ടി.എസ്.എലിയറ്റ്



വിവർത്തനം :എസ്.ജോസഫ്



1


ചത്തവരുടെ  അടക്ക്



  ഏറ്റവും ക്രൂരമായ  മാസമാണ്  ഏപ്രിൽ
അത് തരിശുനിലത്തുനിന്നും വയമ്പുചെടികളെ കിളിർത്തുപൊന്തിക്കുന്നു.
ഓർമ്മയും ആശയും കലർത്തുന്നു.
അട്ടുപോയ വേരുകളെ പൂക്കാലത്തിലെ മഴ കൊണ്ട് ഇളക്കുന്നു.
ഓർമ്മകേടുള്ള മഞ്ഞിൽ നമ്മെ പൊതിഞ്ഞു കൊണ്ട്
തണുപ്പുകാലം നമ്മളെ ചൂടുപിടിപ്പിച്ചു.
ഉണക്ക കിഴങ്ങാൽ  ചെറിയ ഒരു ജീവിതത്തെ തീറ്റിപ്പോറ്റി.
വേനൽ നമ്മെ അത്ഭുതപ്പെടുത്തി.
ഒരു മഴച്ചാറ്റലോടെ സ്ട്രാൻ ബർഗെർസീ കടന്ന് ഞങ്ങൾ കൊളോനെടേയിൽ നിന്നു
പിന്നെ സൂര്യപ്രകാശത്തിൽ
ഹോഫ്ഗാർട്ടനിലേക്ക് യാത്രതുടർന്നു
കാപ്പി കുടിച്ചു
ഒരു മണിക്കൂറോളം വർത്തമാനം പറഞ്ഞു.
ഞാൻ റഷ്യനല്ല , ലിത്വാനിയയിൽ നിന്ന് വന്നു. ശരിക്കും ജർമ്മനാണ്
ഞങ്ങൾ പിള്ളേരായിരുന്നപ്പോൾ
ആർച്ചു ഡ്യൂക്കിന്റവിടെ താമസിച്ചു.
എന്റെ കസിന്റവിടെയും
കസിനെന്നെ ഒരു തെന്നുവണ്ടിയിൽ
കൊണ്ടു പോയി
ഞാൻ പേടിച്ചു പോയി
അവൻ പറഞ്ഞു:
മേരീ മേരീ മുറുക്കെപ്പിടിക്കുക.
പിന്നെ അവിടന്നിറങ്ങി നടന്നു
മലകളിൽ
നിങ്ങൾക്ക് സ്വാതന്ത്യം തോന്നും
ഞാൻ രാവോളം വായിച്ചു
തണുപ്പു കാലത്ത് തെക്കോട്ടു പോകുന്നു

മുറുക്കെ പിടിക്കുന്ന വേരുകൾ ഏതാണ് ,
ഈ കല്ലുകുപ്പയിൽ വളരുന്നത് ഏത് കൊമ്പുകളാണ് ?
മനുഷ്യപുത്രാ,
നിനക്ക് പറയാനോ ഊഹിക്കാനോ ആവില്ല.
കാരണം നിനക്കറിയാവുന്നത് കുറേ തകർന്ന ബിംബങ്ങളുടെ കൂന മാത്രം
അവിടെ സൂര്യപ്രകാശമടിക്കുന്നു
ചത്ത മരം തണൽ നല്കില്ല
ചീവീട് സ്വൈരം തരില്ല
ഉണങ്ങിയ കല്ല് 
വെള്ളത്തിന്റെ ഒച്ചയില്ല
ഈ ചുവന്ന പാറയ്ക്കടിയിൽ മാത്രം നിഴലുണ്ട്
(
ഈ ചുവന്ന പാറയ്ക്കടിയിലെ നിഴലിലേക്കുവരൂ)
രണ്ടിൽ നിന്നും വേറിട്ട മറ്റൊന്നു ഞാൻ നിങ്ങളെ കാണിക്കാം.
രാവിലെ നിങ്ങളുടെ നിഴൽ പിന്നിലാണ്
വൈകുന്നേരം നിങ്ങളുടെ അടുത്തേക്ക് വരുന്നു
ഒരു പിടി മണ്ണിൽ ഞാൻ ഭയത്തെ കാട്ടാം.

  
കാറ്റു പുതമയോടെ വീശുന്നു
വീടും പുതുത്
എന്റെ ഐറീഷ് കുട്ടി
നീ എവിടെ പാർക്കുന്നു !
ആദ്യമായി ഒരു കൊല്ലം മുമ്പാണ്
നിങ്ങൾ എനിക്ക് ഹ്യാസിന്ത് പൂക്കൾ
തന്നത്
"
അവർ എന്നെ ഹ്യാസിന്ത് പെൺകുട്ടി എന്നു വിളിച്ചു. "
എന്നിട്ടും വൈകി ഞങ്ങൾ  ഹ്യാസിന്ത് തോട്ടത്തിൽ നിന്ന് തിരിച്ചു വന്നപ്പോൾ
നിന്റെ കൈനിറഞ്ഞിരുന്നു
മുടി നനഞ്ഞിരുന്നു
എനിക്ക് സംസാരിക്കാൻ പറ്റിയില്ല
കണ്ണുകളും തോറ്റു
ഞാൻ ജീവിച്ചുമില്ല മരിച്ചുമില്ല
എനിക്കൊന്നുമറിയുകയുമില്ല
വെളിച്ചത്തിന്റെ ഹൃദയത്തിലേക്കുനോക്കുമ്പോൾ
മൗനം
കടൽ മങ്ങിയതും ശൂന്യവുമാണ്

സൊസോസ്ട്രിസ് മാഡം
പ്രശസ്തയായ കൈനോട്ടക്കാരി
അവൾക്ക് പനിയുണ്ടായി
മാത്രമല്ല അവൾ യൂറോപ്പിലെ അതിബുദ്ധിമതിയായി
അറിയപ്പെട്ടിരുന്നു
ഒരു കെട്ട് ദുഷിച്ച ചീട്ടുകൾക്കൊപ്പം
അവൾ പറഞ്ഞു:
ഇതാ നിങ്ങളുടെ ചീട്ട്
മുങ്ങി മരിച്ച ഫിനീഷ്യൻ നാവികൻ
(
നോക്കൂ അവന്റെ കണ്ണുകൾ മുത്തുകളായി മാറി )
ഇതാ പാറകളുടെ സ്ത്രീ
അവസരങ്ങളുടെ സ്ത്രീ
ഇതാ മൂന്ന് പടികളുടെ മനുഷ്യൻ
ഇതാ ചക്രം
ഇതാ ഒറ്റക്കണ്ണൻ കച്ചവടക്കാരൻ
ഈ ശൂന്യമായ ചീട്ട്
അവൻ പിന്നിൽ ചുമക്കുന്ന ഒന്ന്
എനിക്കത് കാണാൻ വിലക്കുണ്ട്
തൂക്കിലേറ്റിയ മനുഷ്യനെ ഞാൻ കണ്ടുപിടിക്കുന്നില്ല.
വെള്ളത്താലുള്ള പേടി മരണം
ഞാൻ ഒരു പറ്റം ആളുകൾ വളയത്തിനു ചുറ്റും നടക്കുന്നത് കാണുന്നു
നിങ്ങൾക്ക് നന്ദി
ശ്രീമതി ഇക്വിറ്റോണിനെ കണ്ടാൽ
ഞാൻ തന്നെ ജാതകം കൊണ്ടുവന്നെന്നു പറയണേ
ഇക്കാലത്ത് ഒരാൾ വളരെ ശ്രദ്ധിക്കണം

മായാ നഗരം,
തണുപ്പു കാലത്തെ
തവിട്ടു കോടയ്ക്കുകീഴെ
ലണ്ടൻ പാലത്തിലൂടെ ഒരു ജനക്കൂട്ടം
ഒഴുകിപ്പോയി
വളരെയാളുകൾ
ഇത്രമാത്രം പേർ മരിക്കുമെന്ന്
ഞാൻ കരുതിയില്ല
ചെറുതും ഇടവിട്ടതുമായ
വീർപ്പുകളിട്ട്
ഓരോ മനുഷ്യനും
കണ്ണുകൾ കാൽക്കലുറപ്പിച്ചു
മലമുകളിലേക്കും
കിംഗ് വില്യം തെരുവിലേക്കും ഒഴുകി
സെയിന്റ് മേരീസ് വൂൾനോത്ത് 
ഒമ്പതിന്റെ അവസാനത്തെ
മണിയടി കേൾക്കുന്ന സമയത്തോളം
മണിക്കൂറുകളോളം ഒരു മരിച്ച ശബ്ദത്തെ
കാത്തു
അപ്പോൾ ഞാൻ പരിചയമുള്ള ഒരാളെ കണ്ടു.
അയാളെ തടഞ്ഞു നിർത്തി ഞാൻ പറഞ്ഞു:
"
സ്റ്റെറ്റ് സൺ
നിങ്ങളെല്ലാമായിരുന്നില്ലേ മൈലേയിൽ  എന്നോടൊപ്പം
കപ്പലിലുണ്ടായിരുന്നവർ !
കഴിഞ്ഞാണ്ടിൽ നീ നിന്റെ പൂന്തോട്ടത്തിൽ
കഴിച്ചിട്ട ശവം മുളച്ചുതുടങ്ങിയോ ?
ഈയാണ്ടിൽ അത് പൂക്കുമോ?
ഇനി പെട്ടെന്ന് പെയ്ത മഞ്ഞു
വീണത് നശിച്ചുവോ?
ഓ പട്ടിയെ ഓടിച്ചു വിടണേ
മനുഷ്യരുടെ ചങ്ങാതിയാണല്ലോ.
അല്ലെങ്കിൽ അവൻ ആ
കുഴിമാന്തിയെടുക്കും
കാപട്യക്കാരനായ വായനക്കാരാ
കൂട്ടുകാരാ,
സഹോദരാ

 

2



ചെസ്സുകളി 



അവളിരുന്ന കസേര
മിനുക്കിയ സിംഹാസനം പോലെ
മാർബിളിൽ തിളങ്ങി
പഴങ്ങൾ നിറഞ്ഞ മുന്തിരിവള്ളികൾ കൊണ്ട് കുലീനമായി രൂപകല്പന ചെയ്ത ഭാഗം സ്ഫടികത്തെ താങ്ങി നിർത്തുന്നു
അതിൽ നിന്ന് ഒരു സ്വർണ ക്യൂപിഡ്
പുറത്തേക്കു നോക്കി
(
മറ്റൊന്ന് കണ്ണുകൾ ചിറകിനു പിന്നിലൊളിപ്പിച്ചു )
എഴുതിരിയുള്ള മെഴുതിരിക്കാലിലെ
തീനാളങ്ങൾ മേശപ്പുറത്ത്
പ്രതിഫലിച്ചപ്പോൾ ഇരട്ടിയായി
അവളുടെ ആഭരണങ്ങളുടെ തിളക്കം
അതിനെ തൊടാൻ ആഞ്ഞു ,
അത് അവളുടെ
മിനുസമുള്ള പട്ടിന്റെ ഉറകളിൽ നിന്ന്
സമൃദ്ധമായി വഴിഞ്ഞൊഴുകി.
അവളുടെ
ആനക്കൊമ്പു കൊണ്ടും നിറമുള്ള ചില്ലും കൊണ്ടുള്ള  കുപ്പികളിൽ അടയ്ക്കപ്പെട്ട
വിചിത്രമായ നിർമ്മിത സുഗന്ധങ്ങൾ
തൈലം, പൊടി , ദ്രാവകം -
ബോധത്തെ
ഗന്ധത്തിൽ  മുക്കി
ക്ലേശിപ്പിച്ചു , കുഴപ്പത്തിലാക്കി
ജനലിൽ നിന്ന്  പുതുതായി വന്ന
കാറ്റിനാൽ ഇളക്കപ്പെട്ട്
ഇവ നീളൻ മെഴുതിരി നാളങ്ങളെ
പോഷിപ്പിച്ചു പടർത്തിയുയർത്തി
കൊത്തുപണികളുള്ള മച്ചുപാത്തിയിലേക്ക് അവയുടെ പുക ചുഴറ്റി
രൂപങ്ങൾ ഇളക്കുന്നു
ചെമ്പ് പതിച്ച വലിയ കടൽ മരം
പച്ചയും ഓറഞ്ചും നിറങ്ങളായ്  രത്നക്കല്ലുകളിൽ കത്തിത്തിളങ്ങി
അതിലെ ദു:ഖ വെളിച്ചത്തിൽ
കൊത്തിയെടുത്ത ഡോൾഫിൻ നീന്തി
പുരാതനമായ ഷെൽഫിനു മുകളിലെ
ജനലേകിയതു പോലൊരു കാടിന്റെ ദൃശ്യം
പ്രാകൃതനായ രാജാവ്  ബലാത്ക്കാരം ചെയ്തതിനാൽ ഫെനോമലേ രാപ്പാടിയായി  രൂപം മാറി
എന്നിട്ടും രാപ്പാടി അലംഘനീയമായ  കൂവൽ മരുഭൂമിയിൽ നിറച്ചു.
എന്നിട്ടും അവൾ കരഞ്ഞു
ഇപ്പോഴും  ലോകം അതിനെ പിൻതുടരുന്നു
വൃത്തികെട്ട ചെവികൾക്കത് " ജഗ് , ജഗ് "
കാലത്തിന്റെ ഉണങ്ങിയ മറ്റുകുറ്റികൾക്കും ദിത്തികളിൽ എഴുതപ്പെട്ടിരുന്നു
തുറിച്ചുനോക്കുന്ന രൂപങ്ങൾ പുറത്തേക്ക് ചാഞ്ഞു ,
ചായുന്നു , അടഞ്ഞ മുറി മിണ്ടാതിരിക്കുന്നു.
കോണിപ്പടിയിൽ പല പല കാലടികൾ
തീവെട്ടത്തിനടിയിൽ
ബ്രഷിനടിയിൽ
അവളുടെ മുടി വാക്കുകളിൽ തിളങ്ങിയ വികാര തീവ്രമായ സ്ഥാനങ്ങളായി 
പിന്നെ പ്രകൃതമായ നിശ്ചലതയിലായി
"
ഈ രാത്രി മനസിന് ഒട്ടും സുഖമില്ല
അതേ ഒട്ടും സുഖമില്ല
എന്നോടൊപ്പം ഉണ്ടാവണം
എന്നോട് എന്തെങ്കിലും പറയൂ
എന്താണ് ഒരിക്കലും ഒന്നും പറയാത്തത് ?
എന്തെങ്കിലും പറയൂ
എന്തിനെപ്പറ്റിയാണ്  ആലോചിക്കുന്നത് , എന്തൊരു ചിന്ത,
എന്ത് ?
എനിക്കൊരിക്കലുമറിയില്ല നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് .
ചിന്തിക്കുക .
നമ്മൾ എലികളുള്ള  കുഴിവഴിയിലാണെന്ന്
എനിക്കു തോന്നുന്നു.
അവിടെ മരിച്ച മനുഷ്യർക്ക് അസ്ഥികൾ നഷ്ടപ്പെട്ടു.
എന്താണ് ഒരൊച്ച ,
കതകിനടിയിൽ കാറ്റോ ,
ഇപ്പോൾ കേട്ട ഒച്ചയെന്താണ് ,
കാറ്റെന്താണ് ചെയ്യുന്നത് ?
ഒന്നുമില്ല. പിന്നെയും ഒന്നുമില്ല
നിനക്കൊന്നുമറിയിയില്ലെന്നാണോ ?
അറിയില്ലേ നിനക്കൊന്നും
നി ഒന്നും കാണുന്നില്ലേ
നീ ഒന്നും ഓർക്കുന്നില്ലേ?
ഞാൻ ഓർക്കുന്നു
അവന്റെ കണ്ണുകാളായിരുന്നു മുത്തുകളായത്
നീ ജീവിക്കുന്നുണ്ടോ , ഇല്ലയോ ?
നിന്റെ തലയിൽ ഒന്നുമില്ലേ?
പക്ഷേ ഓ ഓ ഓ ഓ ആ ഷേക്സ്പീരിയൻ
രാഗം
അത് മനോഹരം
ബുദ്ധിപരം
ഞാനിപ്പോൾ എന്തു ചെയ്യും
എതു ചെയ്യും ?
ഞാൻ ഞാനെനപോലെ പുറത്തേക്ക് ഓടും
തെരുവിൽ നടക്കും
മുടിതാഴ്ത്തിയിട്ട്
അങ്ങനെ
നാളെ നമ്മൾ എന്തു ചെയ്യും ?
നമ്മൾ എപ്പോഴും എന്തു ചെയ്യും ?
പത്തിന് ചൂടുവെള്ളം
മഴ ചെയ്യുകയാണെങ്കിൽ
നാലിന് അടച്ചിട്ട വണ്ടി
നമ്മൾ അപ്പോൾ ചെസുകളിക്കും
പീലിയില്ലാത്ത കണ്ണുകൾ ഇറുക്കി
കതകിലൊരു മുട്ടിന് ശ്രദ്ധിച്ച്
ലിൽ ന്റെ കെട്ടിയോനെ പട്ടാളത്തിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ , ഞാൻ പറഞ്ഞു.
ഞാനെന്റെ വാക്കു വിഴുങ്ങിയില്ല
അവളോട് ഞാൻ തന്നെ പറഞ്ഞു.
ഒന്നു വേഗം
ദയവായി
ഇപ്പോഴാണ് സമയം.
നിങ്ങൾ കുറച്ചു കൂടി  ഉഷാറാകൂ
അവൻ പല്ലു വാങ്ങാൻ തന്ന പണം
കൊണ്ട് നിങ്ങൾ എന്തു ചെയ്തു എന്നറിയാൻ ആൽബർട്ട് തിരിച്ചു വരുന്നുണ്ട്
അവൻ അതു തന്നപ്പോൾ
ഞാൻ ഉണ്ടായിരുന്നല്ലോ അവിടെ
നീ എല്ലാരെയും പുറത്താക്കി
നല്ലൊരു സെറ്റ് സെറ്റുവാങ്ങു ലിൽ
അവൻ പറഞ്ഞു.
ഞാൻ ആണയിടാം
എനിക്ക് നിങ്ങളെ നോക്കാൻ പറ്റുന്നില്ല.
ഞാൻ പറഞ്ഞു
ഇനീം പാവം ആൽബർട്ടിനെ പ്പറ്റി
ചിന്തിക്കാൻ എനിക്കു വയ്യ
അവൻ നാലു കൊല്ലമായി പട്ടാളത്തിലാണ്
നല്ല കാലം ഉണ്ടാകണമെന്നുണ്ടവന്
നീ അത് നല്കുന്നില്ലെങ്കിൽ
മറ്റാരെങ്കിലും അവനത് നല്കും.
ഞാൻ പറഞ്ഞു
ഓ അവിടെ ഉണ്ടോ
അവൾ പറഞ്ഞു
എന്തോ ഞാൻ പറഞ്ഞു
ആർക്ക് നന്ദി പറയണമെന്ന് എനിക്കറിയാം
അവൾ പറഞ്ഞു
എന്റെ നേരേ ഒന്നു നോക്കൂ
വേഗമാട്ടെ
ഇതാണ് സമയം
അത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ
നിങ്ങൾ ക്കതുമായി മുന്നോട്ടു പോകാം
ഞാൻ പറഞ്ഞു.
നിങ്ങൾ പറ്റില്ലെങ്കിൽ
മറ്റുള്ളവരത് എടുത്തോളും
പക്ഷേ ആൽബർട്ടത് വേണ്ടെന്നു വച്ചാൽ
അത് പറയാഞ്ഞതു കൊണ്ടാവരുത്
ഇങ്ങനെ പുതാനമായിരിക്കുന്നതിൽ
നിങ്ങൾക്ക് നാണം വേണം
(
അവൾക്ക് മുപ്പത്തിയൊന്നേയുള്ളു. )
എനിക്ക് ഇത് ഒഴിവാക്കാൻ പറ്റില്ല
നീണ്ട മുഖം വലിച്ചവൾ പറഞ്ഞു
ഞാനെടുത്തത് അവരുടെ ഗുളികകൾ
അതു കൊണ്ടു വരൂ
അവൾ പറഞ്ഞു
(
അവൾക്ക് അഞ്ചെണ്ണം ഉണ്ടായിരുന്നു
ജോർജ് മരിച്ചതേയുള്ളു. )
എല്ലാം ശരിയാകുമെന്ന്
കെമിസ്റ്റ് പറഞ്ഞു.
എല്ലാം ശരി
പക്ഷേ ഞാൻ എപ്പോഴും
ഒരുപോലെയല്ല
നിങ്ങൾ വിഡ്‌ഢി തന്നെ
ഞാൻ പറഞ്ഞു.
കൊള്ളാം ആൽബർട്ട്
നിങ്ങളെ ഒറ്റയ്ക്ക് വിട്ടിട്ട്  പോകുന്നില്ലെങ്കിൽ
അത് അങ്ങനെ തന്നെ.
ഞാൻ പറഞ്ഞു
കുട്ടികൾ വേണ്ടെങ്കിൽ നിങ്ങളെന്തിന് കല്യാണം കഴിച്ചു.
വേഗമാകട്ടെ
ഇതാണ് സമയം
കൊള്ളാം.
ഞാറാഴാഴ്ച ആർബർട്ട് വീട്ടിലുണ്ടെങ്കിൽ
അവർക്ക് ചൂടുള്ള പന്നിക്കറി ഉണ്ടാകുമായിരുന്നു
അവരെന്നോട് അത്താഴത്തിന് വരുന്നോ എന്നു ചോദിച്ചു. അത്  കഴിക്കുന്നതിന്റ സുഖം
വേഗമാകട്ടെ .
ഇതാണ്  സമയം
ബിൽ ശുഭ രാത്രി
ലോ ശുഭരാത്രി
മേ ഗുഡ് നൈറ്റ്
റ്റാ റ്റാ ശുഭരാത്രി
ശുഭരാത്രി
ശുഭരാത്രി
സ്ത്രീകളേ , നല്ലത്
രാത്രി മധുരം
സ്ത്രീകള നല്ലത്
രാത്രി
ശുഭരാതി




 

 

 

 

 

 

 

3

അഗ്നി പ്രഭാഷണം

 



നദിയുടെ കൂടാരം തകർന്നു :
ഇലയുടെ അവസാനത്തെ വിരലുകൾ  തീരത്തുപിടിച്ച് 
വെള്ളത്തിൽ മുങ്ങുന്നു.
കാറ്റ്
കേട്ടിട്ടില്ലാത്ത തവിട്ടു നിറമുള്ള ഭൂമി മുറിച്ചുകടക്കുന്നു.
ജലദേവതമാർ പോയി
മധുരവതിയായ തെംസേ ,
ഞാൻ പാട്ടു നിർത്തും വരെ
പതുക്കെ ഒഴുകുക
നദിയിൽ ഒഴിഞ്ഞ കുപ്പികളും
സാന്റ് വിച്ച് പേപ്പറുകളും പട്ടുറുമാലുകളും
കാർഡ് ബോർഡ് പെട്ടികളും
സിഗരറ്റ് കുറ്റികളും ഇല്ല.
അല്ലെങ്കിൽ വേനൽക്കാല രാത്രികളിലെ
മറ്റ് അവശിഷ്ടങ്ങളും ഇല്ല
ജലദേവതമാർ പോയി
അവരുടെ ഇഷ്ടക്കാരും പോയി
ഡയറക്ടർമാരുടെ അലസരായി നടക്കുന്ന
പിന്തുടർച്ചക്കാരും പോയി
വിലാസങ്ങൾ പോലുമില്ലാതെ
ലെമാനിലെ നദിക്കരികേ
ഞാനിരുന്നു കരഞ്ഞു.
മധുരവതിയായ തെംസേ
പതുക്കെ പോകൂ
എന്തെന്നാൽ ഞാൻ ഉറക്കയോ
നീട്ടിയോ സംസാരിക്കുന്നില്ല.
പക്ഷേ എന്റെ പിന്നിൽ ഒരു തണുത്ത
കാറ്റടിയിൽ ഞാൻ കേൾക്കുന്നു.
ചെവികൾ തോറും എല്ലുകളുടെ
ആക്രോശവും അമർത്തിയ ചിരിയും
ഞാൻ വൃത്തികെട്ട കനാലിൽ
മീൻ പിടിച്ചു കൊണ്ടിരുന്നപ്പോൾ
ഒരു എലി മെലിഞ്ഞ തീരത്തൂടെ വയറും വലിച്ച് ചെടികൾക്കിടയിലൂടെ
പതുക്കെയിഴഞ്ഞു പോയി
തണുപ്പുകാലത്ത് ചില്ലുവീടിന്റെ പിൻ വട്ടത്തിൽ
എന്റെ സഹോദരനായ രാജാവിന്റെ കപ്പൽ മുങ്ങലിനെപ്പറ്റിയും
അതിനും മുമ്പ്  എന്റെ അച്ഛനായ രാജാവിന്റെ ഭരണത്തെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ
അത്ര നനവില്ലാത്ത നിലത്ത്
നഗ്നമായ വെളുത്ത ശരീരങ്ങൾ
എല്ലുകൾ അല്പം  ഉണങ്ങിവരണ്ട
നിലവറയിലും
എലിക്കാൽ പെരുമാറ്റം കൊണ്ടു മാത്രം മുഖരിതമായി വർഷം തോറുമെങ്കിലും
എന്റെ പിന്നിൽ കാലാകാലങ്ങളായി
ഞാൻ ഹോണടിയുടേയും  മോട്ടോറുകളുടേയും
ശബ്ദം കേൾക്കുന്നു
അത് സ്വീനിയെ മിസിസ് പോർട്ടറുടെ അടുത്തേക്ക് കൊണ്ടുവരും
ഓ ചന്ദ്രൻ മിസിസ് പോർട്ടറിൽ തിളങ്ങി
അവളുടെ മകളുടെ മേലും
അവർ കാലുകഴുകുന്നത്
സോഡാ വെള്ളത്തിലാണ്.
കപ്പേളയിൽ പാടുന്ന കുട്ടികളുടെ ശബ്ദങ്ങൾ
റ്റ്വിറ്റ് റ്റ്വിറ്റ് റ്റ്വിറ്റ്
ജഗ് ജഗ് ജഗ് ജഗ് ജഗ്
അങ്ങനെ പരുക്കനായി പ്രേരിപ്പിച്ചു.
പരിതപിക്കുക

മായപ്പട്ടണം
മഞ്ഞു കാലത്തെ ഉച്ചനേരത്തെ തവിട്ടു കോടയ്ക്കു കീഴിൽ
സ്മിർണയിൽ നിന്നുള്ള മുഖം വടിക്കാത്ത
പോക്കറ്റു നിറയെ ഉണക്കമുന്തിരിയുമായി കച്ചവടക്കാരൻ
മിസ്റ്റർ യൂജനൈഡ്സ്
സി.ഐ എഫ് ലണ്ടൻ :
കാഴ്ചയിൽ രേഖകൾ
കാനൻ സ്ട്രീറ്റ് ഹോട്ടലിൽ ഉച്ച ഭക്ഷണത്തിനും
മെട്രോ പോളിൽ ഒരാഴ്ച  ചെലവഴിക്കുന്നതിനും
വികലമായ ഫ്രെഞ്ചിൽ എന്നെ ക്ഷണിച്ചു.
വയലറ്റ് മണിക്കൂറിൽ
കണ്ണും പുറവും
ഡെസ്കിൽ നിന്നുയരുമ്പോൾ
ഒരു ടാക്സിയായി
മനുഷ്യ എഞ്ചിൻ  കാത്തിരിക്കുമ്പോൾ
വിറയ്ക്കുന്നു
കാത്തിരിക്കുന്നു
ഞാൻ തൈറീസിയാസ്
അന്ധനാണെങ്കിലും
രണ്ട് ജീവിതങ്ങൾക്കിടയിൽ
മിടിക്കുന്നു
ചുളുങ്ങിയ പെൺമുലകളുള്ള വൃദ്ധൻ
വയലറ്റ് മണിക്കൂറിൽ കാണാം
വയലറ്റ് മണിക്കൂറിൽ
വീട്ടിലേക്ക് പോകുന്നു
നാവികനെ കടലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നു
ചായയുടെ നേരത്ത്
വീട്ടിലെത്തിയ ടൈപ്പിസ്റ്റ്
ബ്രേക്ഫാസ്റ്റിന്റെ അവശിഷ്ടങ്ങൾ
തുടച്ചു നീക്കുന്നു.
സ്റ്റൗവ് കത്തിക്കുന്നു. ടിന്നുകളിൽ ഭക്ഷണം
വയ്ക്കുന്നു
ജനാലയ്ക്കപ്പുറം ആപൽക്കരമായി
ഉണങ്ങുന്ന അവളുടെ ചമയക്കൂട്ടുകളിൽ
പോക്കുവെയിൽ രശ്മികൾ
തൊട്ടു.
ദിവാനിൽ കൂടിക്കിടക്കുന്നു (അത് രാത്രിയിൽ അവളുടെ കിടക്ക )
കാൽമേശകൾ , ചെരുപ്പുകൾ പുറവസ്ത്രങ്ങൾ,ബോഡീസുകൾ
ഞാൻ തിരേസിയാസ്
പടുകിളവൻ ചുളുങ്ങിയ അകിടുള്ളവൻ
രംഗം  മനസിലാക്കി
ബാക്കി മുൻകൂട്ടി പറഞ്ഞു.
ഞാനും പ്രതീക്ഷിച്ച അതിഥിയെ കാത്തിരുന്നു
അവൻ യുവാവ് മുറിവേറ്റ മുഖമുള്ളവൻ
വീട് ബ്രോക്കറിന്റെ ക്ലാർക്ക്
ഒറ്റ തുറിച്ചുനോട്ടത്തോടെ,
ഒരു ബ്രാഡ് ഫോർഡ് കോടീശ്വരന്റെ പട്ടു തൊപ്പി പോലെ
ഉറച്ച മനോഭാവമുള്ള ഒരു കീഴാളൻ
അയാൾ ഊഹിച്ച പോലെ
ഇപ്പോഴാണ് അനുകൂല സമയം
ഊണു കഴിഞ്ഞു. അവൾക്കു മുഷിഞ്ഞു ക്ഷീണവുമായി
അവളെ ലാളിക്കുവാൻ ശ്രമിക്കുന്നു
അവ ഇപ്പോഴും ശാസിക്കപ്പെട്ടില്ല
അത് ആശിച്ചില്ലെങ്കിൽ
അരുണിമയാർന്ന് ,
തീരുമാനിച്ച്
പെട്ടെന്നയാൾ ആക്രമിക്കുന്നു.
തപ്പുന്ന കൈകൾക്കില്ല തടസം.
അവന്റെ പൊങ്ങച്ചത്തിനില്ല പ്രതികരണം
നിസംഗമായി സ്വാഗതം ചെയ്യുന്നു.
(
ഞാൻ തിരേസിയാസ്
എല്ലാം മുന്നേ സഹിച്ചു.
ഇതേ കിടക്കയിലോ ദിവാനിലോ വയ്യോ ആണ് ചെയ്തത്
ഭിത്തിക്കുതാഴെ തീബ്സിനരുകിൽ
ഇരുന്ന ഞാൻ
മരിച്ചവരിൽ താണവരുടെ ഇടയിലേക്ക് നടന്നു )
അന്തിമമായ രക്ഷാകർത്തു ചുംബനം
ചൊരിഞ്ഞു
എന്നിട്ട് ഇരുട്ടിൽ
ഏണിപ്പടി തിരഞ്ഞ് നടക്കുന്നു
അവൾ തിരിഞ്ഞ്
ഗ്ലാസിൽ ഒരു നിമിഷം നോക്കി
അവളുടെ കാമുകൻ പോയതറിയാതെ
അവളുടെ തലച്ചോറിൽ പാതിരൂപപ്പെട്ട ഒരു ചിന്ത
കടന്നു പോകുമ്പോൾ .
ശരി, അത് നന്നായി
അത് കഴിഞ്ഞതിൽ ഞാൻ
സന്തോഷിക്കുന്നു
സുന്ദരിയായ ഒരു സ്ത്രീ
വിഡ്ഢിത്തത്തിലേക്ക് തിരിയുമ്പോൾ
അവൾ ഒറ്റയ്ക്ക് അവളുടെ മുറിയിലേക്കെത്തി
അവൾ യാന്ത്രികമായ കൈ കൊണ്ട് മുടിയൊതുക്കുന്നു
ഗ്രാമഫോണിൽ ഒരു പാട്ടുവയ്ക്കുന്നു..

"
ഈ സംഗീതം വെള്ളത്തിന്റെ മീതേ കൂടി
ഇഴഞ്ഞ് എന്റെ അടുത്തെത്തി "
തുടർന്ന് സ്ട്രാന്റുവഴി ക്വീൻ വിക്ടോറിയ
തെരുവിലേക്ക്
ഓ നഗരമേ നഗരമേ
എനിക്ക് ചെലപ്പോൾ കേൾക്കാം
ലോവർ തെംസ് സ്ട്രീറ്റിലെ ഒരു പൊതു ബാറിനു സമീപം
ഒരു മാൻഡൊലിന്റെ ഇമ്പമുള്ള പരിഭവം
അതിനുള്ളിൽ നിന്ന് ജല്പനവും കരച്ചിലും
ഉച്ചയ്ക്ക് മീൻപിടുത്തക്കാർ വിശ്രമിക്കുന്നിടത്ത്
മാഗ്നസ് രക്തസാക്ഷി പള്ളിയുടെ ഭിത്തികളിൽ
അയോണിയൻ വെളുപ്പും സ്വർണവും
ചേർന്ന തിളക്കം

നദി വിയർക്കുന്നു
എണ്ണയും ടാറും
കളിവള്ളങ്ങൾ  ഒഴുകിനടക്കുന്നു
തിരിയുന്ന വേലിയേറ്റത്തിനോപ്പം
ചുവന്ന പായ്ക്കപ്പലുകൾ
കാറ്റില്ലാത്ത ഭാഗത്തേക്ക്
വിശാലമായി കനത്ത പായകളിൽ  ആടുന്നു
കളിവള്ളങ്ങൾ ഒഴുകുന്ന തടിക്കഷണങ്ങളെ  തള്ളുന്നു.
പട്ടികളുടെ ചെറുദ്വീപ് കഴിഞ്ഞ് ഗ്രീൻവിച്ച്
ഇറക്കത്തിലേക്ക്
വെയിലാല ലിയ
വല്ലാല ലിയ ലാല
എലിസബത്തും ലെസ്റ്ററും
തുഴകൾ വലിച്ചു കൊണ്ട്
അമരം രൂപപ്പെട്ടു.
സ്വർണം പൂശിയ ഒരു
ചിപ്പി
ചുവപ്പും സ്വർണവും
വെള്ളത്തിന്റെ തള്ളൽ രണ്ട് കരകളേയും തിരയിൽ മുക്കി.
തെക്കുപടിഞ്ഞാറൻ കാറ്റ്
താഴേക്ക് താഴത്തേക്കൊഴുകി
മണിനാദം
വെളുത്ത ഗോപുരങ്ങൾ
വെയിലാല ലിയ
വല്ലാല ലിയ ലാല
ട്രാമുകളും പൊടി പിടിച്ച 
മരങ്ങളും
ഹൈബറി എന്നെ ഗർഭത്തിൽ വഹിച്ചു.
റിച്ച് മണ്ടും
ക്യൂവും എന്നെ ഒഴിവാക്കി
റിച്ച് മൗണ്ടിന് സമീപം
ഞാൻ കാൽ മുട്ടുകൾ ഉയർത്തി
ഒരു ചെറിയ വള്ളത്തിന്റെ തറയിൽ
ഒരു തറയിൽ മലർന്നുകിടന്നു
.
എന്റെ കാലുകൾ മൂർഗേറ്റിലും
ഹൃദയം കാലുകൾക്കടിയിലും
സംഭവം കഴിഞ്ഞപ്പോൾ ഞങ്ങൾ കരഞ്ഞു. അവൻ പുതിയ തുടക്കം വാഗ്ദാനം ചെയ്തു
ഞാൻ ഒന്നും പറഞ്ഞില്ല.
ഞാൻ എന്തിന് ഇഷ്ടക്കേട് കാണിക്കണം ?

മാർഗേറ്റ് മണൽപ്പുറത്ത്
ഇല്ലായ്മയെ ഇല്ലായ്മയോട്  ഇണക്കാൻ എനിക്ക് കഴിയില്ല.
വൃത്തിയാല്ലാത്ത കൈകളിലെ പൊട്ടിപ്പോയ വിരൽ നഖങ്ങൾ
എന്റെ ജനം
പാവപ്പെട്ട ജനം ഒന്നും പ്രതീക്ഷിക്കാത്തവർ
                       
ലാ
ലാ
പിന്നെ ഞാൻ കാർത്തേജിലേക്കു
വന്നു
കത്തുന്നു കത്തുന്നു
കത്തുന്നു കത്തുന്നു
ഓ ദൈവമേ അങ്ങ് പറിച്ചെടുക്കുന്നു
കത്തുന്നു.





 

 

 



 

4

 

 


വെള്ളത്താലുളള മരണം

 



ഫ്ലീബസ്  എന്ന ഫിനീഷൻ രണ്ടാഴ്ചയായി മരിച്ചിട്ട്
കടൽക്കാക്കകളുടെ കരച്ചിൽ മറന്നു ;
ആഴക്കടലിന്റെ ഏറ്റവും
ലാഭ നഷ്ടങ്ങളും
അടിയൊഴുക്ക് പിറുപിറുത്തു കൊണ്ട്
അയാളുടെ എല്ലുകൾ പെറുക്കിയെടുത്തു
അയാൾ പൊങ്ങുന്നതും താഴുന്നതു മനുസരിച്ച്
അയാൾ ആയുസിന്റെ ഘട്ടങ്ങളും  യൗവനവും  നീർച്ചുഴിയിൽ പെട്ടു പിന്നിട്ടു.
ജൂതനോ അന്യമതക്കാരനോ ആയിക്കോട്ടെ
ചക്രം കറക്കുകയും കാറ്റിനെ നോക്കുകയും
ചെയ്യുന്നവനേ
ഒരിക്കൽ നിന്നെ മാതിരി അവനും സുന്ദരനും പൊക്കക്കാരനും ആയിരുന്നു.

ഏറ്റം - വെള്ളത്തിന്റെ ഉയർച്ച 

 

5


ഇടിവെട്ട് പറഞ്ഞത് എന്താണ്

വിയർപ്പണിഞ്ഞ മുഖങ്ങളിലെ പന്തത്തിന്റെ
ചുവപ്പു വെട്ടത്തിനു ശേഷം
പൂത്തോട്ടങ്ങളിലെ തണുത്ത മൗനങ്ങൾക്കു
ശേഷം
കല്ലുള്ള സ്ഥലങ്ങളിലെ വേദനയ്ക്കു ശേഷം
ഒച്ചയിടലും നിലവിളിയും
തടവറയും കൊട്ടാരവും
അകലെ പർവ്വതങ്ങൾക്കു മീതേ
വസന്തത്തിന്റെ ഇടിയുടെ മാറ്റൊലിയും
ജീവിച്ചിരുന്നവൻ മരിച്ചു
ജീവിക്കുകയായിരുന്ന നമ്മൾ മരിക്കുന്നു
ചെറിയ ക്ഷമയോടെ .
വെള്ളമില്ലവിടെ
പാറ മാത്രം
പാറയില്ല വെള്ളവും
പൂഴി മൂടിയ വഴിയും
മലകൾക്കിടയിൽ വളഞ്ഞുപുളഞ്ഞു പോകുന്ന
വഴി
പാറക്കെട്ടുള്ള മലകൾ
വെള്ളമില്ലവിടെ
ഉണ്ടായിരുന്നെങ്കിൽ നമ്മളവിടെ
ഇറങ്ങിനിന്നിട്ട് വെള്ളം
കുടിച്ചേനേ
പറകൾക്കിടയിൽ ഒരാൾക്ക് നില്ക്കാ
നാവില്ല
നിന്ന് ചിന്തിക്കാനാവില്ല വിയർപ്പ് ഉണങ്ങിയിരിക്കും
കാലുകൾ പൂഴിയിൽ പൂണ്ടിരിക്കും
പാറകൾക്കിടയിൽ 
അല്പം വെള്ളമുണ്ടായിരുന്നെകിൽ
തുപ്പാൻ പറ്റാത്ത പുഴുപ്പല്ലുകളുള്ള
പർവ്വതത്തിന്റെ വായ
ഇവിടെ ഒരാൾക്ക് നില്ക്കാനോ
കിടക്കാനോ ഇരിക്കാനോ ഒന്നുമാവില്ല
പർവ്വതങ്ങളിൽ നിശ്ശബ്ദത പോലുമില്ലെങ്കിലും
വരണ്ട വന്ധ്യമായ
മഴയില്ലാത്ത ഇടി മുഴക്കമുണ്ട്
മലനിരകളിൽ ഏകാന്തത പോലുമില്ല
ചുവന്നിരുണ്ട മുഖങ്ങൾ
ചെളിക്കട്ട വിണ്ടുകീറിയ
വീടുകളുടെ വാതിലിൽ നിന്ന്
കൊഞ്ഞനം കുത്തുകയും മുരളുകയും ചെയ്യുന്നു
ഇവിടെ പാറയില്ലാതെ
വെള്ളമുണ്ടായിരുന്നെങ്കിൽ
ഇവിടെ പാറയും വെള്ളവുമുണ്ടായിരുന്നെങ്കിൽ
വെള്ളവും വസന്തവും
പാറകൾക്കിടയിൽ ഒരു കളവും
ഇവിടെ വെള്ളത്തിന്റെ ശബ്ദമെങ്കിലും
ഉണ്ടായിരുണ്ടങ്കിൽ
ചീവീടും
ഉണങ്ങിയ പല്ലും പാടുന്നതല്ലാതെ
പാറയുടെ മുകളിൽ വെള്ളത്തിന്റെ ശബ്ദം
അവിടെ പൈൻ മരങ്ങളിലിരുന്ന് 
വടക്കേ അമേരിക്കൻ സന്യാസിപ്പക്ഷികൾ  പാടുന്നിടത്ത്
ഡ്രിപ് ഡ്രോപ്
ഡ്രിപ് ഡ്രോപ് ഡ്രോപ്
ഡ്രോപ് ഡ്രോപ്
പക്ഷേ അവിടെങ്ങും
വെള്ളമില്ല.

നിന്റെ  അരികിൽ എപ്പോഴും നടക്കുന്ന മൂന്നാമൻ ആരാണ് ?
ഞാൻ നിന്നെയും എന്നെയുമേ കാണുന്നുള്ളു.
മുന്നിലെ വെളുത്ത വഴിയിലേക്ക് ഞാൻ നോക്കുമ്പോൾ
നിന്റെ കൂടെ നടക്കുന്ന ഒരാളെ കാണുന്നുണ്ട്
തല മൂടി , തവിട്ടു മേലങ്കിയുമിട്ട് തെന്നി
പെണ്ണോ ആണോ എന്നറിയില്ല
പക്ഷേ നിങ്ങളുടെ മറ്റേ വശത്ത് ആരാണ്?
വായുവിൽ എന്താണൊരു വലിയ ശബ്ദം
അമ്മയുടെ കരച്ചിലിന്റെ
മർമ്മരം
ആരാണ് ആ തല മൂടിയ അവസാനിക്കാത്ത നിരന്ന തുറസുകളിൽ ആർക്കുന്ന സഞ്ചാര പ്പരിഷകൾ
പരന്ന ചക്രവാളം വളയുന്ന
വിണ്ടുകീറിയ ഭൂമിയിൽ ഇടറുന്നവർ
മലകൾക്കുമുകളിലെ പട്ടണം ഏതാണ്
വിണ്ടുകീറലുകൾ
രൂപമാറ്റങ്ങൾ
വയലറ്റുവായുവിൽ പൊട്ടിത്തെറിക്കുന്നു.
വീഴുന്ന ഗോപുരങ്ങൾ
ജറുസലേം
ആതൻസ്
അലക്സാണ്ട്രിയ
വിയന്ന , ലണ്ടൻ
മായ

നീണ്ട കറുത്ത മുടി
കോതി നീട്ടി മുറുക്കി
ആ മുടിനാരുകളിൽ
സംഗീതം മൂളി മീട്ടി
വയലറ്റുവെളിച്ചത്തിൽ
കുഞ്ഞങ്ങളുടെ മുഖമുള്ള
വച്ചാലുകളും
ചൂളം കുത്തി
ചിറകടിച്ചു
കറുപ്പാണ്ട ഭിത്തികളിൽ
തല കുത്തി ക്കിടന്ന്
ഇഴഞ്ഞു വായുവിൽ കീഴ്മേൽ മറിഞ്ഞുകിടന്നു
ഓർമ്മിപ്പിക്കുന്ന
മണികൾ മുഴക്കിക്കൊണ്ട്
മണിക്കുറുകൾ കാക്കുന്ന ഗോപുരങ്ങൾ
ഒഴിഞ്ഞ സംഭരണികളിൽ നിന്നും
പൊട്ടക്കിണറ്റിൽ നിന്നും പാടുന്ന ശബ്ദങ്ങളും
മലകൾക്കിടയിലെ ഈ ചെതുക്കുപിടിച്ച
മടയിൽ
മങ്ങിയ നിലാവിൽ
ഇടിഞ്ഞ കുഴിമാടങ്ങൾക്കു മീതേ
പുല്ലുകൾ കപ്പേളയെപ്പറ്റി പാടുന്നു
കാറ്റ് വീടാക്കിയ അകം പൊള്ളയായ കപ്പേളയുണ്ട്.
അതിന് ജനലുകളില്ല
വാതിലുകൾ ആടുന്നു
ഉണക്കയസ്ഥികൾ ആർക്കും ഉപദ്രവമല്ല
ഒരു മരമേൽക്കൂരയിലിരുന്ന്
ഒരു കോഴി
കോ കോ റികോ കോ കോ
റികോ
ഒറ്റമിന്നലിൽ
അപ്പോൾ
ഒരു ഈറൻ കാറ്റ്
മഴ കൊണ്ടുവരുന്നു.
ഗംഗ വരണ്ടു പോയി
വാടിത്തളർന്ന ഇലകൾ
മഴയ്ക്കു കാത്തു
കരിമേഘങ്ങൾ
അങ്ങകലെ
ഹിമവാന്റെ മീതേ
കാട് പതുങ്ങി
മൗനത്തിലായി

അപ്പോൾ ഇടിമുഴക്കം പറഞ്ഞു:

ദത്ത : നമ്മൾ എന്താണ് നല്കിയത് ?
എന്റെ ചങ്ങാതീ
ചോര എന്റെ ഹൃദയം പിടിച്ചു കുലുക്കുമ്പോൾ
ഒരു യുഗത്തിന് തിരിച്ചെടുക്കാൻ വയ്യാത്ത
വിവേകം ഒരു നിമിഷത്തെ കീഴ്പ്പെടലിന്റെ ഭീകരമായ ധൈര്യം
ഇതിനാൽ , ഇതിനാൽ മാത്രം
നമ്മൾ നില നിന്നു
അത് നമ്മുടെ മരണക്കുറിപ്പിലോ
ഓർമ്മകളിലോ
അഥവാ
നമ്മളുടെ ഒഴിഞ്ഞ മുറികളിൽ
മെലിഞ്ഞ വക്കീൽ പൊട്ടിച്ച മുദ്രകൾക്കു കീഴിൽ
കാണപ്പെടില്ല

ദയധ്വം
ഞാൻ വാതിലിൽ തിരിയുന്ന താക്കോലിനെപ്പറ്റി കേട്ടിട്ടുണ്ട്
ഒരിക്കൽ മാത്രം  തിരിയുന്നത്
നമ്മൾ താല്ക്കാലിനെപ്പറ്റി ആലോചിക്കുന്നു
ഓരോരുത്തരും സ്വന്തം ജയിലറയിൽ
താക്കോലിനെപ്പറ്റി ചിന്തിക്കുന്നു.
ഓരോരുത്തരും ഒരു ജയിലറ ഉറപ്പിക്കുന്നു
ഇരുൾ വീഴുമ്പോൾ മാത്രം ആകാശത്തിലെ
അഭ്യൂഹങ്ങൾ ഒരു നിമിഷത്തേക്ക്
കൊറിയോലാനസിനെ വീണ്ടുമുണർത്തുന്നു.

ദമ്യത
തോണി നീങ്ങി ഉല്ലാസത്തോടെ
പായുള്ള , തുഴയുള്ള കൈകൾക്ക്
കടൽ ശാന്തമായിരുന്നു.
ക്ഷണിക്കപ്പെടുമ്പോൾ
നിങ്ങളുടെ ഹൃദയം  സന്തോഷപൂർവ്വം
മിടിക്കുമായിരുന്നു.
അനുസരണയോടെ മിടിക്കുന്നു
നിയന്ത്രിക്കുന്ന കൈകളിൽ
ഞാൻ കരയിൽ ഇരുന്നു മീൻ പിടി
ക്കുകയായിരുന്നു.
പിന്നിൽ വരണ്ട നിരപ്പു ഭൂമി
ഞാൻ എന്റെ സ്ഥലങ്ങൾ എങ്കിലും
നേരേ ചൊവ്വേ ആക്കട്ടെ
ലണ്ടൻ പാലം വീഴുന്നു
വീഴുന്നു
വീഴുന്നു
പിന്നെ അവൻ എല്ലാവരേയും  ശുദ്ധീകരിക്കുന്ന അഗ്നിയിൽ ഒളിച്ചു.

തൂക്കനാം കുരുവീ
തൂക്കനാം കുരുവീ
തകർന്ന ഗോപുരത്തിൽ
അക്വിറ്റൈൻ രാജകുമാരൻ
ഈ അംശങ്ങളെ ഞാൻ
നാശനഷ്ടങ്ങൾക്കെതിരേ
തടുത്തു കൂട്ടിയിരിക്കുന്നു.
ഓ ഞാൻ നിങ്ങൾക്ക് നാടകം നല്കാം
ഹീറോണി മോസ് ഭ്രാന്ത് വീണ്ടും
ദത്ത , ദയധ്വം , ദമ്യത
ഓം ശാന്തി : ശാന്തി: ശാന്തി:




Previous Post Next Post