POEMS OF PRAVEEN PRASAD(Malayalam)

 Poems of Praveen Prasad





തക്കാളിപ്പാടം

 

കൃഷിക്കാരൻ മരിച്ചതറിയാത്ത

ഒരു തക്കാളിപ്പാടം

ഉറക്കെ കരയാനാവാതെ

പ്രപഞ്ചത്തോട് ദു:ഖിക്കുന്നുണ്ട്.

 

കാറ്റത്ത് ചിറകുവച്ച

പാടത്തെ പൊടിമണ്ണ്

തന്റെ ഉടമയെ തിരഞ്ഞ് തിരഞ്ഞ്

പുഴയ്ക്കപ്പുറത്തും

മലയടിവാരത്തും പോയടിഞ്ഞു.

 

ചെടിയറ്റങ്ങളെ

നിലംതൊടാൻ പ്രേരിപ്പിക്കുന്ന

പാകമായ തക്കാളികളാവട്ടെ

അതിക്രമിച്ച് കടക്കുന്നവർക്കുനേരെ

ആക്രോശിച്ചുകൊണ്ട്

അയാളെന്താണ് ഓടിവരാത്തതെന്ന്

അതിശയിക്കുകയാണ്.

 

കൃഷിക്കാരനില്ലെന്ന്

ഉറപ്പുവരുത്തിയ വെട്ടുകിളികൾ

വലിയ ആവേശത്തോടെ

തക്കാളിയില തിന്നുന്നു.

 

രാത്രിയിൽ ചന്ദ്രനും

പകലിൽ സൂര്യനും

കൃഷിയിടത്തിന്റെ വേദന

വെറുതെ നോക്കിനിൽക്കുന്നു.

 

നിങ്ങളുടെ ദൈവം

മരിച്ചുപോയെന്നും

അയാളിനി കൃഷിചെയ്യില്ലെന്നും

ഈ തക്കാളിച്ചെടികളെ

ആരാണൊന്ന് പറഞ്ഞ് ധരിപ്പിക്കുക.

 

അല്ലെങ്കിൽ വേണ്ട...

അത് പറയണ്ട

അവറ്റകൾ അറിയണ്ട,

 

കൃഷിക്കാരന്റെ മൃതശരീരത്തിൽനിന്ന്

അയാളുടെ പുറത്തേക്ക് തൂങ്ങിയ

ചുവന്ന നാക്ക്

തെളിഞ്ഞ് കണ്ടതുപോലെ

പാകമായിട്ടും പറിക്കപ്പെടാത്ത

പഴുത്ത തക്കാളികൾ

വീണ് ചീഞ്ഞ്

അയാളുടെ പാടവും

ഭൂമിയുടെ ഉടലിൽനിന്നും

തെളിഞ്ഞ് കാണപ്പെടട്ടെ.

 

The tomato field


There is a tomato field that

is sorrowful to the universe

unable to lament though

it doesn’t yet know that

the farmer is dead.

 

The dust on the field

grew wings in the wind

and looking for its owner

settled down across the river

and the mountain valley.

 

The ripe tomatoes that incite

the outer reaches of the plants

to bend and touch the ground

are , on the other hand, wondering

why that guy is not rushing in

yelling at the trespassers.

 

The locusts, now sure that

the farmer is absent, gnaw

at the tomato leaves

with charged enthusiasm.

 

The moon in the night and

the sun during the day

stand mute witness

to the agony of the field.

 

Who will make these

tomato plants understand

that their God is dead and

he will never again

farm the land?

 

Or, let it be.

No need to tell them.

Let them remain ignorant.

 

Like how

the red tongue of the farmer

hanging out from his corpse

became distinctly visible,

let the ripe tomatoes too,

unplucked though ripe,

fall and decay in his field,

as distinct from

the body of the earth.


Trans: Ravishanker N

 

ഉയർന്നുനിൽക്കുന്ന കരകൾക്കിടയിൽ കരയുന്ന ഒരു ലോകമുണ്ട്

 

കണ്ണുകളെ മുക്കിക്കളയുന്നത്ര ദൂരംവരെ

ഉപ്പുവെള്ളവും

പവിഴപ്പുറ്റുകളും

മീനുകളും

നീലനിറവും മാത്രമല്ല കടൽ.

കടലിനടിയിൽ കല്ലിൽ കെട്ടിതാഴ്ത്തിയവരുടെ ലോകമുണ്ട്.

നമ്മൾ വലിച്ചെറിഞ്ഞ ലോകം.

മരിച്ച്‌ കടലോട് കടലായി

കല്ലിൻമേലുള്ള കെട്ട് വിടുവിച്ച്

അവരെല്ലാം ജലജീവികളെപോലെ

നീന്തിത്തുടിക്കുന്നുണ്ടാകും.

വിശന്ന് നിലവിളിക്കുന്ന

മീൻകുഞ്ഞുങ്ങൾക്ക്

മരിച്ചുപോയവർ അവരുടെ

വിരലറ്റങ്ങൾ തിന്നാൻ കൊടുക്കും.

അറബിക്കടലിന്റെ തീരത്തുനിന്നും

വെളിച്ചം നഷ്ടപ്പെട്ട കണ്ണുകളുള്ള

ഒരു പെൺകുട്ടി

മൈലുകൾ നീന്തിവന്ന്

ബംഗാൾ കടലിടുക്കിലുള്ള

രാജ്യം നഷ്ടപ്പെട്ട ഒരുത്തനുമായി പ്രണയത്തിലാവും.

എഴുനിറങ്ങളിലുള്ള പവിഴപ്പുറ്റുകൾ

തമ്മിൽ കൈമാറി

അവർ വിവാഹം കഴിക്കും.

കടലിലന്ന് ഉത്സവമായിരിക്കും

കരയിലേക്ക് ഒരു തിര വീശിയടിക്കും.

ആഫ്രിക്കൻ തീരത്തുനിന്ന്

ഒരമ്മ വെള്ളംകേറി

ചീഞ്ഞുവീർത്ത ഗർഭപാത്രം ചുമന്നുകൊണ്ട്

ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവും,

തിരകൾക്ക് ശക്തികുറഞ്ഞ

ഏതെങ്കിലും ഒരു കരീബിയൻ തീരത്തേക്ക്

ഒരു കൊച്ചു കുഞ്ഞുമായി ഉയർന്ന് വരും.

അവർ അമ്മയും മകനുമാവും.

ഉപ്പുകലരാത്ത മുലപ്പാൽ

അവർ മകന് കൊടുക്കും.

കല്ലിൽകെട്ടി കടലിലെറിഞ്ഞവരെല്ലാം

വലിയൊരു വീടുവച്ച് കുടുംബമാകും.

മരിച്ചതോർത്ത് ഇടയ്ക്ക്

അവരൊരുമിച്ച് കരയും

തമ്മിൽ ആശ്വസിപ്പിക്കും.

അവരുടെ കണ്ണീര് കലർന്നാണ്

കടലിന് ലവണത്വം കൂടുന്നത്.

കരയിലെ ജീവികളെക്കാൾ

എത്രയോ വലുതാണ്

കടലിന്റെ ജനസംഖ്യ.

ഭൂമിയിലെ ഏറ്റവും വലിയ

ഭൂഖണ്ഡം കടലാണ്.




Between the steep banks is a weeping world


 

The sea is not just a stretch of blue,

fishes, coral reefs or salt water till

far away where the eyes drown.

At the bottom of the sea is a world

of people who were sunk with a rock

tied to them. A world that we cast away.

 

Now dead and having become one with the sea,

they must be swimming like the sea creatures

releasing themselves from the bonds.

To the starving fish lings that cry of hunger,

they will offer their finger tips to nibble.

 

A girl with the light gone out of her eyes will

swim for miles to fall in love with a man

with no nation in the Bay of Bengal. They will

marry exchanging coral reefs in seven hues.

There will be a big celebration in the sea

at that time. A wave will rush towards the shore.

 

From the shores of Africa, a mother will go down

to the depths carrying a rotten womb swollen with

water and rise up in some Caribbean shore where

the waves are weak with a little baby. They will be

mother and son. She will breastfeed him with milk

untainted with salt.

 

All the people who were thrown into the sea tied to

rocks will build a big mansion and be a big family.

They will cry in unison at the thought that they are dead.

They will comfort each other. The sea is so salty

because of their mingling tears.

 

The population under the sea is much more than the

creatures on land. The sea is the greatest continent.

 

 Trans : Ravishanker N

 

 

 പുലർകാലയാത്ര

 

കൂട്ടുകാരന്റെ കൂടെ

ബൈക്കിന്റെ പിന്നിലിരുന്ന്

പുലർച്ചെയൊരു യാത്ര പോകുമ്പോൾ

ചെവികളിൽ മഞ്ഞിന്റെ

തണുത്ത തെറി.

 

റോഡിന്റെ വിരിപ്പിൽ

നിലാവ് കിടന്നെഴുന്നേറ്റ്

പോയതിന്റെ നനവ്.

 

തെരുവുനായകൾ

അപ്പികൊണ്ട്

അടയാളം വെച്ച വളവുകൾ.

 

പാതയോരങ്ങളിൽ

ഇരുട്ട് പ്രസവിച്ച

മാലിന്യസഞ്ചികൾ

നാറി നാറി ഉറങ്ങുന്നു.

 

കെടാനൊരുങ്ങീ

കവലകളിൽ

തേക്കാത്ത പല്ലിന്റെ നിറമുള്ള

സോഡിയം ബൾബുകൾ.

 

മുഴുവനാൾക്കാരുമുണർന്ന്

ഭൂമി കൂടുതൽ വേഗത്തിലുരുണ്ട്

തുടങ്ങിയാൽ

മറഞ്ഞുപോകാൻ പോണ

പുലർകാല പരിസരം

പുറകിലോട്ടെറിഞ്ഞൊരു പാട്ടുംപാടി

ഞങ്ങൾ യാത്ര തുടർന്നു.

 

Early Morning Ride

 

Back seat riding

on a friend's bike

early morning

chilling abuses from the fog

taunt the ears.

 

Along the road-spread

the slept-in wetness

of moonlight.

 

Turnings marked

by street dogs

with their poop.

 

On the roadsides

waste in bags,

night's litter,

stinks and stinks to sleep

 

 

About to go off,

the sodium bulbs

with the tint of unbrushed teeth,

at the crossroads.

 

We advanced

humming along

leaving behind

the dawnscape

that would be lost

when people get up

and earth proceeds fast.

 

 Trans : K C Muraleedharan


 

 

 PRAVEEN PRASAD

Born in 2002 at Palakkad, Kerala. Writing poems in Malayalam using print magazines, websites and social media as platforms. Currently pursuing my post graduation in English Language and Literature at Sree Sankaracharya University of Sanskrit, Kalady. No poetry collections yet.

 

 


Previous Post Next Post