POEMS OF UNNI SREEDALAM (Malayalam)

 

Poems Of Unni Sreedalam



 



 

ജാവലിൻ ഏറ്

 

ജാവലിൻ എറിയണമെങ്കിൽ ആദ്യം

അത് പിടിക്കാൻ അറിയണം

ഏറിന്റെ ശക്തിയിലല്ല കാര്യം

വായുവിനെ തുളച്ച് കൃത്യമായ ചരിവിൽ

കൃത്യമായ ഉയരത്തിൽ

അതങ്ങനെ പാറണം

മുന കുത്തി നിന്ന് വിറയ്ക്കണം

 

ജാവലിനുമേൽ കൈ പതിയാൻ ഒരിടമുണ്ട്, ഒരിടമേയുള്ളു

അതെവിടെയെന്ന് എങ്ങനെയെന്ന് പറഞ്ഞു തരാനാവില്ല

കൈയ്യത് കണ്ടെത്തണം

ജാവലിൻ ഒരു ത്രാസു പോലെ

കയ്യിൽ രണ്ടറ്റവും ബാലൻസ് ചെയ്ത്

ഭാരമൊഴിഞ്ഞു നിൽക്കണം

ജാവലിനറിയാമായിരിക്കും ആരുടെ കയ്യിൽ അതെങ്ങനെയിരിക്കണമെന്ന്

ആ നിമിഷം ഒക്കെയും ചാലാകും

 

(2021)

 


 

Javelin Throw


To throw the javelin one should first know

how to hold the spear

The power of the throw hardly matters

Cutting through the air

at the precise  angle

and the ideal height

it should fly in ease,

land on the tip, stand vibrating.

 

The Javelin prefers to be held at a spot, a singular one

Where and how nobody can teach

but the hands to sense

The Javelin should sit in the hand

like scales with balanced pans, feather like

Perhaps, the javelin knows in whose hand, how to stay

If that goes well, everything is possible.

 

(Translated by K C Muraleedharan)

 

നഷ്ടപ്പെട്ട കുട്ടി


ഊണിനു മുൻപുള്ള ഉച്ച നേരത്താണ് കുട്ടിയ്ക്ക് തിരയുന്ന ലോകത്തെ നഷ്ടപ്പെട്ടത്.

 

ഊണിനു ശേഷമുള്ള ഉച്ചയ്ക്കൊപ്പമാണ് തിരച്ചിലുകാർ ഇറങ്ങിയത്.

 

മുറ്റം എന്ന കളിപ്പാട്ടത്തിന്റെ ഭാഗമായിരുന്നു കുട്ടി.

 

ഊട്ടാനോ കുളിപ്പിക്കാനോ ഉറക്കാനോ കൂടെക്കൂടെ ആ ഭാഗം അഴിച്ചു മാറ്റപ്പെടുമായിരുന്നതിനാൽ മുറ്റം തീരെ സംശയിച്ചില്ല.

 

തിളവെള്ളക്കുമിളകൾ പോലെയുള്ള മണിക്കൂറുകൾക്കുശേഷം തിരഞ്ഞിറങ്ങിയവരുടെ കൂമ്പിയ തൊട്ടാവാടി ഉടലുകൾ തിരികെ വന്നു.

 

നിരാശ നനഞ്ഞു തോർന്നു നിൽക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ സ്ഥിരമായി നാവുകളിൽ ഊറാറുള്ള വാചകങ്ങൾ അവിടവിടെ ഇറ്റുവീണു പൊട്ടി.

 

സാരമില്ല അവൻ വരും..

പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ..

ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വീട്ടിൽ പോയതായിരിക്കും..

എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവുമോ ?

 

പൊള്ള വാക്കുകളിൽ കോർത്തു വലിഞ്ഞ് പൊള്ളി കുട്ടിയുടെ അമ്മയ്ക്ക് ഓക്കാനം മുട്ടി, കക്കൂസിൽ പോകണമെന്ന് തോന്നി.

 

കക്കൂസിന്റെ ഭിത്തികളിൽ അള്ളിപ്പിടിച്ച് കുട്ടിയുടെ അപരിചിത ഭയങ്ങളുടെ ആദ്യരാത്രിയെ സങ്കൽപ്പിച്ച് അമ്മ നൂറായി പിളർന്നു.

 

സന്ധ്യയാകുന്നത് സഹിക്കാനായില്ല. പന്ത്രണ്ടുകാരി ചേച്ചി തിണ്ണയിലിരുന്ന് കണ്ണിന്റെ നൂലാൽ ആകാശച്ചെരുവിലെ അവശേഷിക്കുന്ന വെളിച്ചത്തെ വിടാതെ പിടിച്ചു നിർത്തി.

 

ചുറ്റും കാണുന്നതിലേക്കെല്ലാം വൈദ്യുതിയായി പാഞ്ഞുകയറി കുട്ടിയെ തിരയണമെന്ന് അച്ഛൻ പുളഞ്ഞു.

 

റോഡിലും കുളത്തിലും കെട്ടിടങ്ങളിലും മേഘങ്ങളിലുമൊക്കെ കാണ്മാനില്ല എന്ന പോസ്റ്റർ പോലെ തന്റെ കണ്ണുകളുടെ നൂറുനൂറ് പകർപ്പുകളെടുത്തൊട്ടിക്കാൻ മാമന്റെ കൈകാലുകൾ തരിച്ചു.

 

ദേഹം ഒന്നു കുടഞ്ഞ് ഒഴിഞ്ഞ പട്ടിക്കൂട് ചടഞ്ഞു.

 

സെറ്റിയുടെ കാലിൽ നിന്നും കിടക്ക വിരിപ്പിലെ ബുജി*യിൽ നിന്നും തവികളുടെ കുഴിവിൽ നിന്നും ഉപ്പൂറ്റിയിലെ ചത്തുണങ്ങിയ മുറിവായകളിൽ നിന്നുപോലും കുട്ടി കരയുന്നെന്ന് അമ്മൂമ്മയ്ക്കുറപ്പായി.

 

കിട്ടിയോ കിട്ടിയോ എന്ന ഉദ്വേഗത്തോടെ മുൻപോട്ട് കുനിഞ്ഞ് തെരുവുവിളക്കുകൾ തെളിഞ്ഞു തുടങ്ങിയപ്പോൾ കുട്ടിയുടെ വീടിന്റെ പുറം ഭിത്തിയിൽ തൂങ്ങിക്കിടന്ന മഴക്കറ പിടിച്ച മഞ്ഞ ബൾബ് അന്നാദ്യമായി ഒന്നു ചിമ്മി അണഞ്ഞു.


*ബുജി - കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു കാർട്ടൂൺ കഥാപാത്രം.

 

 


The Lost Child


It was during the noonday haze

before lunch that the child was lost

to the searching world. It was after lunch

that a search party set out. The front-yard

was a giant toy and the child a minuscule part

of it disengaged now and then

to be fed, bathed, shushed, or put to sleep.

 

The yard thought it was one such interval

and waited long for the child to return

to its embrace. After several hours

that burst like bubbles in boiling water,

the search party came back,

their bodies drooping and folded inward

like mimosa leaves. The banalities

that you hear spoken in situations

when sadness suffuses the air

dripped perfunctorily from every tongue.

 

Don't worry, he will return.

Maybe he went to visit his friends or relatives.

Will he be hiding somewhere, the little devil?

 

The child’s mother felt like throwing up

when such meaningless words stung her heart;

she felt like defecating to let

the imponderable burden out.

In her agony, she clawed the plaster off

the latrine’s walls and straddled the commode

splintering into a thousand fragments

when thoughts of her child’s impending night

of strange terrors assailed her from every side.

 

Dusk was inconsolable;

the child’s twelve-year-old sister

tried to keep the kite of the fading light

flying with the string of hope

shooting from her eyes. Electricity

rushed frenziedly into everything.

The father writhed in pain and anxiety;

the uncle’s hands twitched to stick

flyers for the missing child

photocopied from the fear

brimming in his soul on stones,

buses, trees, ponds, buildings and clouds.

 

The vacant kennel got up, shook its fur,

and dropped on its haunches again.

The grandmother was sure she heard the child

crying from the legs of the settee,

from the Buji lying orphaned on the bedspread,

from the eye sockets of ladles

and from healed wounds on the soles her corny feet.

The streetlights bent forward

and lit up in their curiosity.

 

The rain-smeared incandescent bulb

on the exterior wall of the child’s house

blinked its yellowed eyes

for the first time and went off.


 Translated by Sambhu Ramachandran

 

*Buji – a toy based on a cartoon character

 


 

വച്ചയുടനെ, വച്ച് കുറച്ചുകഴിഞ്ഞ്


 

ആരും തൊടാതെ,

ഒരനക്കവുമില്ലാതെ മറിഞ്ഞു വീഴുന്നു

ഭിത്തിയിൽ ചാരിവച്ച പലക,

തെങ്ങിൽ ചാരിയ തോട്ടി

 

വച്ചയുടനെ വീഴുന്നതു പോലെയല്ല

ചാരി വച്ചയുടനെയുള്ള അനങ്ങാതിരുത്തമോ മറിഞ്ഞുവീഴ്ചയോ

ചൂഴ്ന്നു നിൽക്കുന്ന ഒന്നിനെയും മറിച്ചിടുന്നില്ല

ഒരു തിരിഞ്ഞു നോട്ടത്തിന്റെയും ചരടു വലിയുന്നില്ല

ഓർക്കാതിരുന്നതൊന്നും ആ ഒച്ച ഓർമിപ്പിക്കുന്നില്ല,

ഓർത്തുവന്നതൊന്നും മറപ്പിക്കുന്നുമില്ല.

ചാരി വച്ചു കുറച്ചു കഴിഞ്ഞ്

ചൂഴ്ന്നു നിൽക്കുന്നതിന്റെ ശരീരത്തിലതാകുന്ന നേരം കഴിയുമ്പോൾ, 

(നേരത്തിന്റെ രണ്ടറ്റവും ഒട്ടു മുക്കാലും അലിഞ്ഞിരിക്കുന്ന നേരമാണത്)

മറിഞ്ഞു വീഴുമ്പോൾ-

ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടി ക്ലാസ്സിനെയാകെ,

പുതിയ പൊതിയിട്ട പഴയ നോട്ടുബുക്കെന്ന മാതിരി

കുറച്ചു നേരത്തേക്ക് പുതുക്കന്നതു പോലെ

ഇടം പുതുക്കുന്നു.

 


ജീവിതരേഖ


1981 ൽ ആലപ്പുഴയിൽ ജനിച്ചു. സർക്കാർ സർവീസിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ. 1996 മുതൽ കവിതകൾ എഴുതുന്നു.

മെയിൽ ഐഡി

 

Previous Post Next Post