E P Magazine Poems








ഇ .പിയുടെ എഫ് .ബി മാഗസിന്റെ അവസാന പതിപ്പ് ഇവിടെ പ്രസിദ്ധീകരികുകയാണ്.കാലതാമസം വന്നതിൽ നിർവ്യാജം ഖേദിക്കുന്നു.ചിത്രത്തിന് ഗൂഗിൾ കടപ്പാട്


എഡിറ്റർമാർ :

കളത്തറ ഗോപൻ

ബാബു സക്കറിയ

എസ്.ജോസഫ്



Paying Guest / പേയിംഗ് ഗസ്റ്റ് /സൂരജ് കല്ലേരി



ഒന്ന്


നാലുപേരുടെ റൂം

നാലുപേർക്കും

നാലു ലോകമാണെന്ന

റൂമിന്റെ സ്വപ്നം

കെട്ടിടത്തിനൊത്ത നടുക്കൊരു

കപ്പലുപോലെ നിവരുന്നു.


ഈ കവിത വായിച്ചതും

സഹമുറിയൻ

പുറത്തേക്ക് തലയിടും

കടലു കാണാൻ.

അയാളത് കണ്ടെത്തുമോയെന്ന

കൗതുകം

മൂന്നാമനുണ്ടാവും,

പക്ഷേ അയാളൊരു അലസനാണ്

മലർന്നുകിടന്ന് ഒരു ചിരി മാത്രം.


അവസാനത്തെയാൾ

കവിത ആവർത്തിച്ചുകൊണ്ടേയിരുന്നു

ശബ്ദം  മുറിയെ ചുമന്നു

നടക്കാൻ തുടങ്ങി.


നാലു പേരുണ്ടെന്നു പറഞ്ഞ

കവിതയിൽ നിന്ന്

ഒറ്റയ്ക്കൊരു ബെഡ്,

ചുവന്നയൊറ്റ കസേര,

പത്രങ്ങളാൽ മൂടിയ മേശ,

ഒരൊറ്റ സ്വെറ്റർ മാത്രമുള്ള കബോർഡ്,

പിൽക്കാലത്ത് കണ്ടെത്തുന്നു.


രണ്ട്


പതിയെ അവർ

അലസതയെ ഹാങ്ങറുകളിൽ

തൂക്കാൻ തുടങ്ങി

സ്ഥലം തികയാതെ വന്നപ്പോൾ

കട്ടിലിനടിയിൽ ഞെരുക്കി

ഇപ്പോളതിനെ ഉറുമ്പരിക്കുന്നു.

മുറി നിറയെ പുറ്റുകൾ

അവരുടെ കൂടുകൾ.

അലസതയ്ക്ക് എത്ര മധുരമുണ്ടായിരുന്നെന്ന

തോന്നലിനെ ഒരാൾ നുണയുന്നു.


മൂന്ന്


വൈകുന്നേരങ്ങളിൽ

ചെയ്തു തീർക്കാനുള്ളതിന്റെ

മുകളിലൂടെ സമയമിഴഞ്ഞിറങ്ങും.

ഹൃദയത്തിന്റെ പൊത്തിൽ

നഷ്ടത്തിന്റെ ചുരുളൽ

നേർത്ത ശീൽക്കാരങ്ങൾ.


താഴെ തെരുവിനറ്റത്തെ

ചൈനീസ് റെസ്റ്റോറന്റിൽ

പാതിരയ്ക്ക് വിശന്നുകേറും

നീളൻ കണ്ണുകളിൽ ഘടികാരങ്ങളുള്ള

അവളുമൊത്ത് അറ്റമില്ലാത്തൊരു

മഞ്ഞ നൂഡിൽസ് പകുറ്ത്ത്കൊറ്ണ്രിട്ക്കത്തു.

തിരികെ മുറിയിലെത്തി ചുരുണ്ടുകൂടും. 


ആരോ എന്നെയും പകുത്തെടുക്കുന്ന

സ്വപ്നം മുറിഞ്ഞ് , മുറിഞ്ഞ്

കാണുന്നു.



കനാലുവെള്ളം / പ്രവീൺ പ്രസാദ്



കനാലിന്റെ കുറുകെയിട്ട 

പാളൻ കല്ലിൽ ഇരിക്കുന്ന

മൂന്ന് കുട്ടികൾ.

അവരുടെ നിഴലെന്ന് തോന്നുന്ന

മൂന്ന് കോലൻ തുമ്പികൾ

അരികിലെ പുല്ലിൽ തിളങ്ങുന്നു.


പല പച്ചയിലുള്ള മൂന്നിലകൾ 

ദൂരെ മാറി വെള്ളത്തിൽ

ഒരുമിച്ചിട്ട് ഓടിവന്ന്

ആദ്യമേതാണ് കല്ലുകടന്ന് 

നീന്തിവരുകയെന്ന

മൂന്ന് നോട്ടങ്ങൾ കൂടിയാണ്

വെള്ളത്തിന് മുകളിലിരിക്കുന്നത്.


ഒന്നാമില വന്നു, ഒരു തുമ്പി പറന്നു. 


രണ്ടാമില വന്നു, അടുത്ത തുമ്പിയും പറന്നു.


മൂന്നാമതില വന്നില്ല, ചിറകൊതുക്കി 

ആ തുമ്പി അനങ്ങാതിരുന്നു.


എനിക്കറിയാം.


കലക്കവെള്ളമായതിനാൽ 

ആരും കാണാതൂളിയിട്ട് 

കല്ലുകടന്നയെന്റെ ഇലേ...

ഈ കവിതയ്ക്ക്

നിന്റെ മിനുസമുണ്ട്, 

കനാലിലിപ്പോൾ വെള്ളമുണ്ട്,

തെളിച്ചമുണ്ട്.



ബാഗ്ദാദ് ലൈബ്രറി* / സുരേഷ് നാരായണൻ



മറ്റു പ്രത്യേകതകൾ ഒന്നുമില്ലാതെ 

ഒരു ഡിസംബർ പ്രഭാതം.


ബാഗ്ദാദ് ലൈബ്രറിയിലെ പുസ്തകങ്ങളൊക്കെ കണ്ണും തിരുമ്മി എഴുന്നേറ്റു 

വരുന്നതേയുണ്ടായിരുന്നുള്ളൂ.


അപ്പോഴാണ് 

യാതൊരു ഔപചാരികതയും ഇല്ലാതെ ഒരു സന്ദർശകൻ അവിടെ കയറി 

വന്നത്


ഒരു കുഞ്ഞു തീപ്പൊരി.


'ഉരുകിയൊലിക്കേണ്ട, 

ഭയന്നു വിറയ്ക്കേണ്ട ,

ഞാനൊരു സന്ദേശവാഹകൻ മാത്രം!' 

അതു പറഞ്ഞു തുടങ്ങി.


'വായനക്കാർ നിങ്ങളെ

ഒടിച്ചു മടക്കി ഷെൽഫുകൾക്കുള്ളിൽ തിരുകിയിരിക്കുന്നു.

നിങ്ങൾക്ക് ചിറകുകൾ വിടർത്തണ്ടേ?

നിങ്ങളുടെ ഉള്ളിലുള്ള പ്രാവുകളെ സ്വതന്ത്രമാക്കണ്ടേ;

ചാരനിറമുള്ള പ്രാവുകളെ!


വരൂ, 

എന്നെ ആലിംഗനം ചെയ്യൂ!

ഞാൻ നിങ്ങളുടെ പിൻകഴുത്തിൽ 

ഉമ്മവയ്ക്കുന്നതിനുമുമ്പ്!'


അതു പതിയേ

പറന്നെടുത്തു.


ആയിരം വാക്കുകൾ പുസ്തകങ്ങളുടെ തൊണ്ടയിൽ കുരുങ്ങി.

ക്ഷണനേരത്തിനുള്ളിൽ ,അത്ഭുതം! എല്ലാതുങ്ങളും പ്രാവുകളായ് 

ഉയർന്നുപൊങ്ങി.

കടും മഞ്ഞത്തിരശ്ശീലയുടെ

മനംമയക്കുന്ന പശ്ചാത്തലത്തിൽ!



സംയുക്ത കവിത / ബാബു സക്കറിയ & സുകുമാരൻ ചാലിഗദ്ധ



കോട്ടയത്തെ റബ്ബർ കാടുകളിലെ പക്ഷികളും മൃഗങ്ങളുമെല്ലാം

ഒരു മരത്തിൽ നിന്നും

അടുത്ത മരത്തിലേക്ക്

തെറിച്ച് തെറിച്ച് സഞ്ചരിക്കുന്നു .


ചില്ലകൾക്കു മേലേ ചാടിച്ചാടിപ്പോകുമ്പോൾ പൊന്തിപ്പോയൊരു മേഘം

ഏതോ ആകാശച്ചില്ലയിൽ കുടുങ്ങിനിന്നു


തെറിച്ചു തെറിച്ചു പോയൊരു

വെയിൽക്കീറിനെ പിടിക്കാൻ

ഒരു നിഴൽത്തുണ്ട് വലയുമായി

തെറിച്ചു തെറിച്ചു പിന്നാലെ പോയി


എഴുതി മുഴുവനാക്കിയ കവിത

ഫോണിൽ നിന്നു ഫോണിലേക്കു

തെറിച്ചു പോയി.




ക്യാൻവാസ് / കെ.കെ മുരുകേശ്



നടപ്പ് 

കാലുകളുടെ ചിത്രം വരയാണ് 1

വിരലുകൾ ബ്രഷ്നാരുകൾ പോലെ വിടരുന്നു

വെള്ളത്തിൽ കൂമ്പുന്നു


ഒരു ബ്രഷ് രേഖാചിത്രം വരയ്ക്കുമ്പോൾ

മറ്റൊന്ന് നിറം കൊടുക്കുന്നു


പനിച്ചിറങ്ങുന്ന മഴയിൽ ചാലിച്ച്

നിറങ്ങൾ കുഴച്ച് ചേർക്കുന്നു

ചിലപ്പോൾ വെയില് ചേർത്ത് കനംപിടിപ്പിച്ച്

മുദ്രകൾ പതിപ്പിക്കുന്നു


വരച്ചു തീരുമ്പോൾ കാണാം

വാതിൽപ്പടിയിലിരുന്ന് കരയുന്ന ഒരു കുട്ടി

അല്ലെങ്കിൽ 

ചെളിയും ചവറും വെള്ളവും

ഇറ്റുന്ന ഒരു തെരുവ്

അരിപ്പൊടിക്കോലങ്ങൾ

ഒഴുകിയിറങ്ങിയ അഴുക്കുചാൽ

അതുമല്ലെങ്കിൽ

പച്ചപ്പിൽ മഞ്ഞ വീണ ഒരു കൃഷിയിടം


നിറങ്ങളുടെ സമൃദ്ധിയുള്ള ഒരു

സൂര്യോദയമോ

തിളക്കമുള്ള കൺമുനകളോ

വരയ്ക്കാൻ കഴിയാഞ്ഞല്ല


കീഴ്ക്കാംതൂക്കായ ഒരു ക്യാൻവാസിൽ

എത്രനേരം ഇങ്ങനെ

കുത്തനെ വരയ്ക്കാനാവും


മോർണിംഗ് വൈബ് /റോബിൻ എഴുത്തുപുര


രാവിലെ

മഴയോട് കയർക്കുകയായിരുന്നു

മഴ

രാവിലെയോടും


അന്നേരമാണ്

കാലൻകുടയും നിവർത്തി

ചെളിവെള്ളത്തിൽ

ചവിട്ടി ചവിട്ടിയില്ലാ മട്ടിൽ

വീട്ടീന്നിറങ്ങിയത്


പിശകുള്ള കവിതവായിച്ച്

വശംകെട്ട്

താളംതെറ്റാതാഞ്ഞുപിടിച്ച്

പാലത്തിന്റെ

കൈവരി കടന്നു.


ഇന്നലേം കണ്ടതാ

ആകെ മാറിപ്പോയി;പുഴ

ഹോ !പേടിക്കണം.


റോട്ടിലേക്കൊരു കാലുവയ്ക്കുന്നു

വെയിറ്റിംഗ് ഷെഡ്

വലിക്കുന്നു

പിന്നേം വയ്ക്കുന്നു

എറിച്ചിലു മൂക്കുമ്പം

കയ്പ്പൻപള്ളയോട് ചേർന്ന്

യ്യോ യ്യോ യ്യോന്ന് ...


ഒരു വഷളൻ പട്ടി

ചുരുണ്ടുകിടക്കുന്നു

തണുത്തുവിറച്ചെണീറ്റ്

'കോപ്പെ'ന്ന് പറഞ്ഞ്

അടുത്ത തൂണരികിലേക്ക്


അങ്ങനെ ഒരോട്ടോയിൽ

കയറിപ്പറ്റി

രാവിലെ കട്ടപ്പൂസുമായ്

രണ്ടുപേരകത്ത്


മഴ പട്ടിയേപ്പോലെ നക്കുവാണ്

കുടവിടർത്തി

അരികിൽപ്പിടിച്ചു


അപ്പോളേക്കും ഒരുത്തൻ

നെടുനീളൽ

വാൾൾൾൾൾൾൾ ....


മനംപിരട്ടിവരുന്നു

കണ്ണടച്ച്

1.മുളക്

2.നാരങ്ങ

3.ഓറഞ്ച്

4.തണ്ണിമത്തൻ

5.ആപ്പിൾ

അറിയാതെ 6.ചോറ്...

ബേ ....

ബേ.. ബേ... ബേ

ബ്റേറേ ...... പോയി ...


പൈപ്പിന്റെ ചുവട്ടിൽ

കുടേംപിടിച്ച്

ഷർട്ട് കഴുകമ്പം

ദിനേശന്റെ വിളി

'ടാ പ്രോഗ്രാം തുടങ്ങി '


ങും ... കവിതചൊല്ലണം.



പെലക്കളർ / വള്ളിക്കുന്നം പ്രഭ


കളറു തീണ്ടാത്ത

കുഞ്ഞുന്നാളിൽ

അമ്മച്ചിയുടെ

ഒറ്റ സാരി

പെരേലെ കാഴ്ചവസ്തുവായിരുന്നു.


നീലയിൽ കുളിച്ച്

ചുവപ്പരുക്

തുന്നിയ ചേല.

മൂടു പോയ

തകര പെട്ടിയിൽ

ഒടിഞ്ഞു ചുളുങ്ങി കിടക്കും.

പാറ്റ നക്കിയ

മണം പെരയിലാകെ

പരക്കും.

കൂര ചോരുമ്പോൾ

വാഴയില വെട്ടി പൊതപ്പിക്കും.

കനച്ചമണം

അയയിലാടി

വെയിൽ പൂക്കൾ തിന്നും


ചാക്കാലക്കും

മിന്നുകെട്ടിനും

തെരണ്ടു കുളിക്കും

നീലയിൽ കുളിച്ചങ്ങനെ

അമ്മച്ചിനിൽക്കും.

കെട്ടിലമ്മയായല്ലോയെന്നച്ഛനും.


ലംപ്സം ഗ്രാൻ്റ്

വാങ്ങാൻ

സ്കൂളിലെത്തുമ്പോൾ

ചേലയിലമ്മ

കറുത്തു ജ്വലിക്കും

നീലയിൽ പുള്ളികുത്തി

ചെളി മായാതെ

ചിരിക്കും..

'പെലേരെടെ നിറം'

കുട്ടികൾ ചരിഞ്ഞും

മറിഞ്ഞും ചിരിക്കും.

ഒളിഞ്ഞു പാഞ്ഞ്

ഞാനമ്മയെ നോക്കും.


യെലേപ്പം വാങ്ങിത്തരാം

അമ്മ പറയും...

കാലടർന്ന ബഞ്ചിലമ്മ

ചേർത്തു പിടിക്കും.


അപ്പത്തിൽ നിന്നും ഇല ചുരണ്ടുമ്പോൾ

കണ്ണിലേക്ക് നോക്കും.

കടും ചായ മോന്തി

അമ്മ ചിരിക്കും..


തബ്രാട്ടി തന്നതാ

അമ്മുമ്മ

പറഞ്ഞതമ്മ പലവുരി

പറയും...

ചേല തുമ്പിലുമ്മ നൽകും..

ചേലോടെ വീണ്ടും വീണ്ടും

കണ്ണാടി നോക്കും.


ഓണത്തിനാദ്യമായി

ചൊമന്ന നിക്കർ.

കവറിനുള്ളിൽ

കത്തുന്ന ഗന്ധം.

ഊഞ്ഞാലിൽ പായുമ്പോൾ

കൂട്ടുകാരിയുടെ പരിഭവം ..

ച്ചേ... പെല കളർ.

നിറങ്ങൾ തുള്ളി 

കരള് കീറും..

കണ്ണ് നീറിയപ്പോഴും

അമ്മ ചിരിക്കും.. '


പെലേരെടെ

കളറ് 

കേൾക്കാത്ത ഭാവത്തിലമ്മ

പറയും

പെലേരുടെ കളറ്

ചേറിൻ്റെ കളറാ

ജീവിതം കുഴച്ച പുലത്തിൻ്റെ,

നേരിൻ്റെ, നെന്മണിയുടെ

നട്ടാൽ പൂക്കുന്ന

നന്മയുടെ കളറ്


ചന്തി കീറി

തുന്നി കുത്തിയ

നിക്കറിൻ്റെ

കളറ് തേഞ്ഞു.,

നീല ചേല

ചിത്രങ്ങൾ തുന്നാൻ

ചിതലുകൾ കട്ടെടുത്തു...


പെലേർക്കൊരു ...

നിറമുണ്ടോ....?



വിശപ്പ് / അമ്മു ദീപ



ശീതകാലം    

മഞ്ഞു പൊന്തും ചുരം


രാത്രി മുഴുവൻ 

വിശന്നു ചുരുണ്ടിരുന്ന എന്നെയും കൊണ്ട്

ഒരു ബസ്സ്‌

ചുരംകേറുന്നു


ചുരം

 ചെന്നവസാനിക്കുന്നിടത്ത് 

പുലർവെട്ടത്തിൽ 

നനഞ്ഞ തടിവീട്


അതിന്റെ സമസ്ത ദ്വാരങ്ങളിലൂടെയും പ്രസരിക്കുന്നു

ഉരുളക്കിഴങ്ങുകറി

വേവും സുഗന്ധം



കുറിപ്പുകൾ/ പി. സുധാകരൻ



1


ചില്ലകളുണങ്ങിയ

മരത്തിന്റെ വേരുകൾ

ഇനിയും 

ആർക്കുവേണ്ടിയാണ്

വെള്ളംതേടുന്നത്?

അതെ 

നീയുണ്ടല്ലോ അവിടെ!


2

വരണ്ട പുഴത്തീരത്ത്

കടത്തുതോണിയുമായി

കാത്തിരിക്കുന്ന 

വള്ളക്കാരൻ.

വരും

മഴക്കാലം!

എന്റെ പൂക്കാലം!!


3


ഇലപൊഴിഞ്ഞ

പൂമരമെന്നോട് പറഞ്ഞു,

ഇനിയുംവരും വസന്തം

പുനർജ്ജനിക്കും

നമ്മൾ

ഇലകളായ്... പൂക്കളായ്


4


എന്നും കണ്ണാടിയിലേക്കു നോക്കും

നിന്നെക്കാണാൻ.

അപ്പോഴൊക്കെ

എന്നിലേക്കുള്ള ദൂരം

കൂടിയെന്ന് ഞാൻ അറിയും!

നിന്റെ കൈത്തലത്തിൽ

ഒരു ഭൂപടമുണ്ടായിരുന്നു

ഞാനതിൽ കപ്പൽമാർഗങ്ങൾ

തിരഞ്ഞിരുന്നല്ലോ.

എന്നിട്ടുമെന്തേ

നീയെന്ന ഭൂഖണ്ഡം

എനിക്കന്യമായി?



ഉപമകൾ വരുന്ന വഴി/ആദിത്യ ശങ്കർ


പുല്ലിലൂടാവില്ല.

മഞ്ഞു തുള്ളികളിലോ

ഉറുമ്പിൻ്റെ കാൽപ്പാടുകളിലോ

ഒരുപമയുടെ നീരും 

കണ്ടെത്തിയില്ല.


നക്ഷത്രങ്ങളിലൂടെയാവില്ല.

മാനം നോക്കിക്കിടന്ന

ഹതാശൻ്റെ  കണ്ണിലവ

മിന്നിയില്ല.  

   

ഉപമകൾ

വരുന്ന വഴിയിലെതിരെ

നടന്നവരാരുമില്ല.  

ഒന്ന് മറ്റൊന്നിനെ

ഓർക്കുന്നില്ല,

കണ്ട ഭാവം

നടിക്കുന്നില്ല.

നിങ്ങളെ

പരിചയപ്പെടുത്തുന്നില്ല.


നിന്നെപ്പരതിയലഞ്ഞ

കവലകളിൽ

പകൽ കാട്ടു തീ പോലെന്ന്

പരാതി പറയാനായില്ല.

തണ്ണിമത്തൻ പോലത്തെ

ലഡ്ഡു എന്ന്

ചെറിയ മധുരത്തെ

പെരുപ്പിക്കാനും;

ഉപമയേ നീയല്ലോ.


എത്രയൊച്ചുകളെ

കടന്ന് പോയെങ്കിലും

അതിലേതാണ്

പറക്കും തളികയായ്

പറന്നതെന്ന്  

ഒരുപമയും

വെളിപ്പെടുത്തിയില്ല.


എത്ര തീവണ്ടികളെ

പ്രണയിച്ചെങ്കിലും

അതിലേതാണ്

അട്ടയായ് തേടിയെത്തിയതെന്നും.


ഉപമകളുടെ ഉപമയിൽ

കവിതകളല്ലേ വീടുകൾ

Previous Post Next Post