POEMS OF SIVAKUMAR AMBALAPUZHA


 

Poems of Sivakumar Ambalapuzha










കെ എൽ 21 ബി 2277

 

തോരാതെ തുരുതുരാ

പായുന്നു വണ്ടികൾ

പച്ചയും ചുവപ്പും കാവിയും

പട്ടികൾക്കൊരുപോലെയെന്ന്

നടുക്കവലയിൽ സീബ്രാലൈനിൽ

കാത്തുനിൽക്കുന്നൊരു

വെളുത്ത പട്ടിയും കറുത്ത കുട്ടിയും

എട്ടരയുടെ ഫ്ലൈറ്റുമായൊരു

കൂട്ടിയിടിയൊഴിവാകാൻ

മാനത്ത് നടുക്കാറ്റിൽ തങ്ങിനിന്ന്

വട്ടമിടുന്നൊരു പരുന്ത്

അതേ ഫ്ലൈറ്റിൽ വരുമൊരാളെ

സ്വീകരിക്കാൻ പോകുന്ന

കെ എൽ 21ബി 2277 ടാക്സി

പട്ടിക്കും കുഞ്ഞിനും കടന്നുപോകാൻ

ബ്രേക്കിട്ടുനിർത്തുന്നു

സൈറൺ മുഴക്കി

പാഞ്ഞുവന്നൊരു ആംബുലൻസ്

പകച്ചുനിന്ന പട്ടിക്കുട്ടിയെ

തലനാരിഴയ്ക്ക് കടന്നുപോയി

 

നിശ്ചലമെന്നോണം പരുന്തിപ്പോഴും

നടുക്കാറ്റിൽ തങ്ങിനിൽക്കുന്നു

വെളുത്ത പട്ടിയും കറുത്ത കുട്ടിയും

റോഡിനപ്പുറത്തെ ഹോട്ടലിന്റെ പിന്നാമ്പുറത്ത്

കിട്ടിയതെന്തോ കടിച്ചുവലിക്കുന്നു

വിമാനമിറങ്ങിയവന്റെ ടാക്സി

വീടെന്ന് ആക്രാന്തത്തിലേക്ക് കുതിക്കുന്നു

 

പരുന്തിപ്പോഴും നടുക്കാറ്റിൽ തങ്ങിനിൽക്കുന്നു

അങ്ങോട്ടുപോയ രോഗിയുടെ ജഡവുമായി

ആംബുലൻസ് നിലവിളിച്ചു മടങ്ങുന്നു

തിരികെ റെയിൽവേയാർഡിലേക്ക് പോകാൻ

സീബ്രാലൈനിൽ കാത്തുനിൽക്കുന്നു

വെളുത്ത പട്ടിയും കറുത്ത കുട്ടിയും

പാഞ്ഞുവരുന്ന ആംബുലൻസിന്

കടന്നുപോകാൻ വെട്ടിത്തിരിഞ്ഞ

കെ എൽ 21ബി 2277ന്റെ

പിൻ ചക്രത്തിനടിയിൽ

വെളുത്തപട്ടിയുടെ ഒടുക്കത്തെ പിടച്ചിൽ

 

ഇപ്പോൾ പരുന്ത് വീണ്ടും

വട്ടമിട്ടുവട്ടമിട്ട്

ഉയരെയുയരെ പറക്കുന്നു

എട്ടരയുടെ ഫ്ലൈറ്റുമായി കൂട്ടിയിടിക്കുന്നു

കത്തിയമരുന്ന വിമാനത്തിന്റെ

പുകച്ചുരുളുകൾ ആകാശത്തേക്കുയരുന്നു

നടുക്കവലയിൽ ആംബുലൻസുകളുടെ

നിലയ്ക്കാത്ത സൈറൺവിളി

 

ഇപ്പോൾ കറുത്ത ദേഹത്ത്

വെളുത്ത സീബ്രാവരകളുള്ള ഒരു പട്ടി

നടുക്കവലയിൽ നിൽക്കുന്നു

ആളുകളെ നിരത്ത് മുറിച്ച് കടത്തുന്നു

കാറ്റിൽ അലയുന്നുണ്ട്

കത്തിക്കരിഞ്ഞ തൂവലുകളുടെ മണം


KL 21B 2277

Vehicles speeding incessant,

Green Red or Orange

For dogs all are same.

At the crossroads zebra line waits,

A bitch white and a puppy black.

To avoid ramming the 8-30 flight,

A kite hovers and glides

In the breezy sky.

For the bitch and pup to cross,

Breaks and halts the cab KL 21B 2277,

On the way to receive someone

Landing in the same flight.

Blowing the siren and rushing in,

By a hairline an ambulance misses,

The puppy dumbstruck.

The kite still soars around,

Drifting in mid wind.

Behind the hotel across the road,

Now the white bitch and black pup

Crunches into something.

 

With the one who has landed,

The cab KL 21B 2277

Dashes up in scram aiming home.

The kite in mid wind still floats.

Blaring loud the ambulance returns,

Carries the sick man now dead.

To go back to the railway yard,

Waits at the zebra line,

The white bitch and black pup.

Making way for the ambulance darting,

At the hind wheel of the cab,

Ends in final shudders, the bitch.

The static kite now starts gliding,

Round around and up higher,

Slams into the 8-30 flight.

Smoke curls rise to the sky,

Ambulances honk sirens wild,

At the fork where roads meet.

 

In the midst now stands a dog,

White zebra lines shine

On its gleaming black coat,

Helping all to cross the road.

 

A stench of burnt feathers

Fills and roams the air.




മുയൽരോമം കൊണ്ടുളള ബ്രഷ്             

 

മുയൽരോമത്തിന്റെ ബ്രഷ് കൊണ്ടാണ്

വരച്ചുകൊണ്ടിരിക്കുന്നത്
എന്റെ വളർത്തുമുയലാകട്ടെ
ഇണയിലാണ്
കാറ്റിന്റെ ചില്ലുകളുടക്കി 
പിഞ്ഞിപ്പറക്കുന്ന 
വെളിയടയ്ക്ക്

നീലനിറം കൊടുക്കുകയാണ്
മുയൽരോമത്തിന്റെ ബ്രഷ്
മൂക്കുവിറപ്പിക്കുന്ന വളർത്തുമുയലിന്റെ

ശ്വാസവേഗം കേൾക്കാമിപ്പോൾ
പിഴിഞ്ഞെടുത്ത ബാക്കി

ഓറഞ്ചുതൊണ്ടുകൾക്ക്
ചുവപ്പും മഞ്ഞയും ചേർത്തുകുഴച്ചു

പിഴുതെടുത്ത ക്യാരറ്റിന്

ചുവപ്പും പച്ചയും
പുൽത്തൊട്ടിയിലെ മുയലിന്റെ
കുറ്റിവാൽ 
കിതകിതയ്ക്കുന്നുണ്ട്
വരയ്ക്കേണ്ടതിനി
ഒരാമയൊരുമുയൽ
ഒരാനയൊരുസിംഹം
ആമയുടെ കണ്ണിനും
മുയലിന്റെ കാതിനും
ആനയുടെ തുമ്പിക്കൈയ്ക്കും
സിംഹത്തിന്റെ കൂർമ്പല്ലിനും 
ചായം കൂട്ടവേ 
ഇണയെ വിട്ട് വളർത്തുമുയൽ
ഈസൽ മറിച്ചിട്ട്
ചിത്രത്തിനുമേൽ പറ്റിക്കിടന്നു
ആമയോടോടിത്തോറ്റതും
സിംഹത്തെ കിണറ്റിൽ ചാടിച്ചതും
ആനപ്പുറത്തേറിയതുമായ
കഥകൾ പറഞ്ഞുകൊണ്ട്
കുറേക്കൂടി പറ്റിച്ചേർന്ന് വളർത്തുമുയൽ
ചിത്രത്തിലെ മുയലിനെ മറച്ചു
മുയൽരോമം കൊണ്ടുളള ബ്രഷ് കൂർപ്പിച്ച്
ഏതെല്ലാമോ നിറങ്ങൾ മുക്കി
ചായമടിക്കുകയാണ് ഞാനിപ്പോൾ
പുൽത്തൊട്ടിയിലെ ഇണമുയലിന്


THE RABBIT FUR BRUSH

 

With the Rabbit fur brush,

I am painting.

My pet rabbit is on his doe.

 

The rabbit fur brush is

Colouring the robe,

Torn by spikes of wind.

The breath of my pet rabbit,

I can hear the pulsating nose.

I am mixing red and yellow

For the orange peel heap,

Of the juice booth.

Throbbing in the crib is

The rabbit’s tail stump.

 

I have to paint now

A tortoise and a rabbit,

An elephant a lion.

I am mixing paint for

The tortoise’ eye,

Rabbit’s ear,

Elephant’s trunk,

And the lion’s canine.

 

Leaving the doe,

The pet rabbit

Tumbles the easel.

Lies tight on the painting,

Narrating the stories of

Defeat by the tortoise,

Making the lion jump

Into the well,

And mounting the elephant.

 

More and more tight

On the easel,

He covered the doe

In the painting.

 

Sharpening the rabbit fur brush

Dipping into unknown colours

I am colouring now

The doe in the painting.


 


Dare The Ghosts അഥവാ

പ്രേതങ്ങളെ പേടിയില്ലെങ്കിൽ

 

കീശയിൽ നിന്നൊരു കടലാസ് നിവർത്തി

എവിടെയും അവതരിപ്പിക്കാത്ത

ഏറ്റവും പുതിയ കവിതയെന്ന മുഖവുരയോടെ

ഉദ്ഘാടകനായ പ്രശസ്തകവി

തന്റെ കവിത ചൊല്ലിത്തുടങ്ങി

അടുത്ത സീറ്റിൽ വന്നിരുന്ന്

സമയമെത്രയായീ

എന്ന് ചോദിച്ച് പരിചയപ്പെട്ടയാൾ

പുറത്തെ മഴയൊച്ചയ്ക്ക് മേലേ

ആ കവിതയുടെ അടുത്തടുത്ത വരികൾ

ചൊല്ലിക്കൊണ്ടേയിരുന്നു

മാറ്റൊലി പോലെ അരങ്ങിൽ കവി

അവ തന്നെ ആവർത്തിച്ചുകൊണ്ടും

അയാൾ ചൊല്ലി നിർത്തുമ്പോഴും

അവസാനവരികൾക്കായി

ശ്വാസമെടുക്കുകയായിരുന്നു കവി

ചോദിക്കാതെ തന്നെ പേരുപറഞ്ഞ്

മഴശ്ശീല പുതച്ച് അയാൾ മറയുമ്പോൾ

മരത്തലപ്പുകളിൽ മിന്നൽ വെട്ടം

ആ കവിത പ്രകാശിപ്പിച്ചു

ഏതോ തകരപ്പാത്തിയിൽ

മഴത്തുള്ളികളുടെ അലാറമണിയ്ക്കൊപ്പം

നീർപ്പെയ്ത്തിലൊരു പുൽക്കൊടി

പെൻഡുലം പോലാടിയാടി

അയാൾ പറഞ്ഞ പേരോർത്തെടുത്ത്

അടുത്തു നിന്നവനോട് ചോദിച്ചു

നാട്ടിലെ പേരുകേട്ട

വാച്ച് റിപ്പയറർ ആയിരുന്നു

ഏത് പഴഞ്ചൻ നാഴികമണിയും

ഉയിർപ്പിച്ച് പുതിയതാക്കുന്നയാൾ

മരിച്ച് മൂന്നാണ്ടായിട്ടും

കട തെരഞ്ഞിപ്പോഴുമാളുകൾ

ദൂരെദൂരെ നിന്നും വരാറുണ്ടത്രേ

ഉറക്കംകിട്ടാതെ രാത്രിയിൽ

ഉത്തരം പരതി ഗൂഗിളിൽ

പിരിയുന്നേരമയാൾ പറഞ്ഞ പേരിനു

ഉത്തരം തന്ന് ബ്രൗസർ ഹാങ്ങായി

Buried is great poetry unwritten

With someone dead unknown

To be written by those living;

Put your ears to the graves

If you dare the ghosts

 

ജീവിച്ചിരിക്കുന്നവരാൽ എഴുതപ്പെടാനായി

എഴുതപ്പെടാത്ത മഹാകവിതകൾ

അറിയപ്പെടാത്തവർക്കൊപ്പം

അടക്കപ്പെട്ടിരിക്കുന്നു

കുഴിമാടങ്ങളിൽ കാതു ചേർക്കൂ

പ്രേതങ്ങളെ പേടിയില്ലെങ്കിൽ




DARE THE GHOSTS

Unfolding a paper from the pocket

Introducing it as the latest poem

Presented nowhere before

The poet started reciting

The man who came and sat next to me

And got acquainted asking time

Was reciting the consequent lines

Of that same poem

Above the platter of rain outside

Like an echo on the dais

The poet repeated the same

When the man was concluding

The poet was taking breath

For the last lines

Without me asking said his name

While the man vanished

Wrapped in rain

Lightning shone the poem

On tree canopies

On some tin sheet spout

Rain drops sounded alarm bell

In the drizzle swayed a grass

Swayed like a Pendulum

Recalling the name he said

Asked the man standing near

Famous the man had been

Very skilled a watch repairer

Any antique watch or clock

He rejuvenates as new

People from far off come

In search of the shop but

He is dead three years since

 

Sleep eluding in the night

In Google searched a lot

Got result for the name

He said while parting

The browser got hung

 

Buried is great poetry unwritten

With someone dead unknown

To be written by those living;

Put your ears to the graves

If you dare the ghosts




Sivakumar Ambalapuzha
Poet, Translator
Born at Ambalapuzha, Alapuzha Dt., Kerala, India.

Poetry Collections:
Panikkoorkka (2008), Pazhaneeraandi(2010), Pavale En Pavale(2016)

Received Ayyappa Panikker Award and Mahakavi P Award for Poetry.

(email: sivakumarambalapuzha@gmail.com   Ph: 98 460 25 084


Previous Post Next Post