ESSAY BY Dr .C Ganesh

 

 ഡോ.സി ഗണേഷ് 


                                     കാലത്തിന്റെ തയ്യൽക്കാരൻ




കാലത്തിന്‍റെ തയ്യല്‍ക്കാരന്‍/ലേഖനം


        പിയുടെ കലാകാരന്‍ എന്ന കവിതയെ മുന്‍നിര്‍ത്തി ചില കലാചിന്തകള്‍


 


        പിയുടെ കലാകാരന്‍ എന്ന കവിതയ്ക്ക് ഒരു ആമുഖമുണ്ട്. കവിതാസന്ദര്‍ഭം എന്തെന്നറിയിക്കുന്ന അതില്‍ പൂര്‍ണവാക്യങ്ങളല്ല കാവ്യഭംഗിയാര്‍ന്ന കുറെ വാക്കുകളാണുള്ളത്. അതിങ്ങനെ: 'തഞ്ചാവൂര്‍. പഞ്ചനദം. കാവേരിക്കര. കരിമ്പുവയല്‍. കരയോരത്ത് ത്യാഗരാജസമാധി. കല്യാണമാല. സംസ്കൃതവിദ്യാപീഠം. അവിടെ വിദ്യാര്‍ത്ഥിയായി കഴിഞ്ഞ കാലം. ത്യാഗരാജോത്സവം കണ്ടു. കേട്ടു. സംഗീതം കുടിച്ചു. ത്യാഗരാജസംഗീതത്തില്‍ ഒഴുകിപ്പോയി'. ഇങ്ങനെയാണ് ആമുഖം. ഒരു യാത്രികന്‍റെ അനുഭവരേഖപോലെ തെളിയുന്ന ആമുഖം പിന്നിട്ടാല്‍ നാമുടക്കുന്നത് ഒരു പ്രയോഗത്തിലാണ്. 'കലതന്‍ കലവികള്‍.' കലവി എന്നാല്‍ വഴിത്താര. കലയുടെ വഴിത്താരയുടെ(ചരിത്രത്തിന്‍റെ) പരിശോധനയോ വിവരണമോ ആയി കവിതയെ വായിക്കാന്‍ വായനക്കാരന്‍ ഇതോടെ സജ്ജമാകുന്നു.


 


        തഞ്ചാവൂര്‍ ചിത്രകല, ശില്‍പകല, സംഗീതം- ദക്ഷിണേന്ത്യ ലോകത്തിനു നല്‍കിയ വലിയ സംഭാവനകള്‍ കവിയിലുണ്ടാക്കുന്ന കലയെക്കുറിച്ചുള്ള അനുരണനങ്ങളാണ് കവിതയ്ക്ക് നിദാനം. കലാകാരന്‍ ആരായിരിക്കണമെന്നും എന്താണ് കലയെന്നും കവിയ്ക്ക് ചില തീര്‍ച്ചകളുണ്ട്. രേഖപ്പെടുത്താതെ പോകുന്ന ചരിത്രമുണ്ടല്ലോ അവരുടെ പക്ഷത്താണ് കവി നിലയുറപ്പിക്കുന്നത്. ഓറിയന്‍റല്‍ ഡ്റോയിങ്സ് എന്ന കൃതിയില്‍ തഞ്ചാവൂരിലെ ചിത്രകാരന്‍മാരെ രേഖപ്പെടുത്താനൊരു (അ)വിദദ്ഗ്ധശ്രമം സായിപ്പ് നടത്തുകയുണ്ടായി. പക്ഷെ, എല്ലാവരെയും കണ്ടുകിട്ടിയില്ലെന്നും കിട്ടിയവരെക്കാള്‍ മികച്ചവര്‍ ഫ്രെയിമിനപ്പുറമാകാമെന്നും അദ്ദേഹം എഴുതുന്നു. രേഖയില്ലാത്ത ചരിത്രത്തെ നെഞ്ചോടുചേര്‍ക്കുന്ന സമീപനമാണ് കവിയുടേത്.


 


        'അറിയപ്പെടാത്ത മൂകഗ്രാമം മധുരവൃന്ദാവനഭൂമിയാക്കുന്ന കലാസപര്യ'യാണ് ആ കലാകാരന്‍മാര്‍ കാഴ്ചവച്ചത്. കച്ചവടമെന്തെന്നറിയാത്ത കലയുടെ പരമവും ശുദ്ധവുമായ ലക്ഷ്യമാണ് കവിയെ ആകര്‍ഷിച്ചത്. തഞ്ചാവൂരിലേക്ക് നടക്കുമ്പോള്‍, തഞ്ചാവൂര്‍ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ധാരാളം വഴിവാണിഭങ്ങള്‍ കാണുമ്പോള്‍, കവി ലാഭക്കണക്കുകളില്‍ അഭിരമിക്കുന്ന ജനതയേയാണ് ഓര്‍ക്കുന്നത്. മലൈയാളി- കലൈയാളി എന്ന ദ്വന്ദ്വം വരച്ചുകൊണ്ടാണ് കലയുടെ വിപണിവത്കരണപ്രവണതകളെ പി അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, 'സുരഭിലശ്യാമളചോളഭൂമി' എന്ന് ആശ്ചര്യചിഹ്നമിടുകയും ചെയ്യുന്നു. ചോളഭൂമിപോലും വിപണിയുടെ തിരയില്‍ കച്ചവടത്തിന്‍റെ തീരഭൂമിയാവുമെന്നാണ് കവിയുടെ വേവലാതി.


 


കവിചിത്രം കാവ്യചിത്രം


        കവി വരയ്ക്കുന്ന ചിത്രമാണീക്കവിത. തഞ്ചാവൂരിന്‍റെ ഭൂഭംഗിയും കാവേരിയുടെ ജലഭംഗിയും കൃത്യമായി ഒപ്പിയെടുക്കുന്നു. ലോകപ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഘ് പറയുന്നു: 'ക റൃലമാ ാ്യ ുമശിശേിഴെ മിറ ക ുമശിേ ാ്യ റൃലമാ'. ഞാനെന്‍റെ ചിത്രങ്ങളെ കിനാവ് കാണുന്നു. ഞാനെന്‍റെ കിനാവുകളെയാണ് വരയ്ക്കുന്നത്. ഇത് കുഞ്ഞിരാമന്‍ നായരുടെ കലാകാരന്‍ എന്ന കവിതയുടെ വായനാവൃത്തിക്കായി പറയപ്പെട്ട വാക്കുകളാകുന്നു. കാരണം ഇതില്‍ കുഞ്ഞിരാമന്‍ നായരുടെ സ്വപ്നങ്ങളുണ്ട്. കലയെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടാണ് പി പങ്കുവക്കുന്നത്.  ഒരിക്കല്‍ പി തന്നെ എഴുതിയിരിക്കുന്നു: ഉടലില്‍ മറക്കുക, ലോകം മറക്കുക, തന്നെ മറക്കുക ;അവിടെയാണ് കല ഉറവെടുക്കുന്നത്. സാക്ഷാല്‍ കവിത ഉറവെടുക്കുന്നത്.'  ഇവിടെ ആഷാമേനോന്‍റെ കലയുടെ 'ധര്‍മകായം' എന്ന ലേഖനം ഓര്‍ക്കാം. കലയെക്കുറിച്ചുള്ള പതിവുകല്‍പനകള്‍ പുതുക്കേണ്ടതിനെക്കുറിച്ച് മേനോന്‍ പറയുന്നുണ്ട്. സ്വരവ്യഞ്ജനങ്ങള്‍ക്കും ഗുരുലഘുക്കള്‍ക്കും വ്യാകരണക്രമങ്ങള്‍ക്കുമപ്പുറം സംവേദനത്തിന്‍റെ തലമായി കലയുടെ അന്തസത്തയെ മനസ്സിലാക്കുന്ന പ്രബന്ധമാണിത്. പൂവിന്‍റെ സത്തയെക്കുറിച്ച് കല്‍പന ചെയ്തുകൊണ്ടാണ് ലോകത്തെ കലാചിന്തകരൊക്കെയും കലയെ സംഗ്രഹിക്കുന്നത്. പൂവിന്‍റെ സത്തയില്‍ മണവും ഇതളുകളുടെ സുഗന്ധവും മാത്രമല്ല അടിവേരിലെ നനവിന്‍റെ പവിത്രത കൂടിയുണ്ട്. വേരുപടലത്തിലെ നനവുകൂടി ചേര്‍ന്നതാണ് പൂവെന്ന സത്ത. അനഭിഗമ്യമായ തിരിച്ചറിവ്. എന്നാല്‍ പൂവും കലാസൃഷ്ടിയും തമ്മിലുള്ള സാജാത്യം കാവ്യാത്മകമെങ്കിലും അല്‍പം ഉപേക്ഷകളോടെയേ സ്വീകരിക്കാവൂ എന്ന് ആഷാമേനോന്‍ എഴുതുമ്പോള്‍ നാം ആശ്ചര്യപ്പെട്ടുപോകുന്നു. പ്രകൃതിയില്‍ സൗന്ദര്യ ആവിഷ്കാരങ്ങളില്ല എന്ന തത്ത്വം ലേഖകന്‍ നിരത്തുന്നു. ഇങ്ങനെ സാഹിത്യത്തിന്‍റെ ആവിഷ്കാരങ്ങളെ മനസ്സിനോട് ചേര്‍ത്ത് വെക്കുന്ന പ്രവര്‍ത്തനമാണ് കലാകാരന്‍ ചെയ്യുന്നത്. മനസ്സുകളോട് സംവദിക്കാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയ. കല ആത്മീയമോ ധാര്‍മികമോ ആയ അര്‍ത്ഥം കൈവരിക്കുന്ന നിമിഷം. കലാകാരന്‍റെ ധര്‍മത്തെക്കുറിച്ച് ഇതിലും ലളിതമായ നിര്‍വചനം സാധ്യമല്ല തന്നെ. കലയുടെ അനിവാര്യതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്, ഈ ലേഖനത്തില്‍. കലാകാരന്‍റെ നിര്‍വ്യക്തികമായ പ്രേരണയാണ് കലയുടെ ആവിഷ്കാരം സാധ്യമാക്കുന്നത്. എന്നാല്‍ മഹത്തായ പല സൃഷ്ടിക്കു പിന്നിലും വ്യക്തിനിഷ്ഠമായ അഭിവാഞ്ഛകള്‍ കാണുവാനും കഴിയും. ഡാവിഞ്ചിയുടെ മോണാലിസയ്ക്കു പിറകില്‍ വ്യക്തിനിഷ്ഠമായ പ്രണയമാണുള്ളതെന്നും ദസ്തയേവ്സ്കിയുടെ അക്ഷരച്ചൂടിനു പിന്നില്‍ ചൂതുകളിച്ചൂടുകൂടിയുണ്ടെന്നും ഇന്ദുലേഖയ്ക്കു പുറകില്‍ ഭാര്യയുടെ പ്രേരണയുണ്ടെന്നും അറിയാം. പ്രായേണ അവയെ പ്രചോദനങ്ങളെന്നു വിളിക്കാതിരിക്കാന്‍ നമുക്ക് കഴിയുന്നു.


 


ആഷാമേനോന്‍ തുടര്‍ന്നെഴുതുന്നു: 'വേദനയും ചൂഷണവും ഉള്‍പ്പെടുന്നൊരു സാമൂഹികാവസ്ഥയിലൂടെ കടന്നുപോയ പ്രവചനാത്മകമായൊരു മനസ്സിന്‍റെ സ്വപ്നദര്‍ശനങ്ങളാണ് ഉദാത്തമായ കല. അതിന്‍റെ സ്വരം പരിണാമത്തിന്‍റേതാണ്'.


 


പ്രവചനാത്മകമായ സ്വപ്നദര്‍ശനമായി പി കാണുന്നത് കലാസൃഷ്ടിയേയാണ്. പ്രണയിനി തന്‍മിഴിനീരു വീണു/വറുതിയില്‍ വെന്തു പൊരിയുകിലും/ പദമൂന്നിയില്ലദ്ദേവഗാന/മരചന്‍റെ ഗോപുരദ്വാരങ്ങളില്‍. എന്നാല്‍ കലയുടെ വിശുദ്ധിക്കിടയിലും കലാസൃഷ്ടികളുടെ മഹാമേളനം കലാകാരനില്‍ ഗര്‍വ്വ് നിറയ്ക്കുമത്രെ. പക്ഷെ അത് പനിമതിബിംബമുദിച്ചുനില്‍ക്കെ ദൂരെ ധനമദഗര്‍വം കുരച്ചുചാടുന്ന പോലെയാണെന്നാണ് കവി പറയുന്നത്. ധനഭോഗമോഹങ്ങളെ 'കുരച്ചു ചാടുക' എന്ന ബിംബകല്‍പനയിലൂടെ  സാധൂകരിക്കുന്നു.


 


 


ചോളസാമ്രാജ്യവും കലയും


        ഇന്ത്യയിലെ സാമ്രാജ്യങ്ങളില്‍ തദ്ദേശീയതയെ ഏറ്റവും ആഴത്തിലറിഞ്ഞത് ദക്ഷിണേന്ത്യന്‍ സാമ്രാജ്യങ്ങളാണ്. കലയുടെ തദ്ദേശീയതയെക്കുറിച്ച് പഠിക്കാനിറങ്ങുന്നവര്‍ക്ക് ഖനിയാണ് ദക്ഷിണേന്ത്യ. എന്നാല്‍ അത്തരം പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ചോളന്‍മാര്‍ സാമ്രാജ്യമായി വികസിച്ചില്ല എന്ന മട്ടിലുള്ള വാദങ്ങള്‍ ഉണ്ടായിട്ടുണ്ടുതാനും.


 


        ചോളരാജാക്കന്‍മാരില്‍ 'അരുണ്‍മൊഴിതേവര്‍' എന്ന രാജരാജചോളന്‍ കലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചു. ദക്ഷിണേന്ത്യയിലെ ചെറുരാജ്യങ്ങളെ കീഴടക്കുകവഴി ഇദ്ദേഹം ചോളസാമ്രാജ്യത്തെ തെക്ക് ശ്രീലങ്ക വരെയും വടക്കുകിഴക്ക് കലിംഗം വരെയും വ്യാപിപ്പിച്ചു. എന്നാല്‍ തലസ്ഥാനമായിരുന്ന തഞ്ചാവൂര്‍ കേന്ദ്രമാക്കിയുള്ള കലാദര്‍ശനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അകം/പുറം എന്നിങ്ങനെ സംഘസാഹിത്യത്തെ വിഭജിക്കുന്നതിനു സമാനമായി രാജാക്കന്‍മാര്‍ക്ക് ദേശീയത/ദൂരദേശീയത എന്ന വിചാരസങ്കല്‍പം ഉണ്ടായിരുന്നു. അതിനാല്‍ കലാപരമായ പ്രോത്സാഹനങ്ങള്‍ തഞ്ചാവൂരിന്‍റെ ദേശീയതയിലൊതുങ്ങുകയും കലാകാരന്‍മാരുടെ സേവനം തന്‍റെ സാമ്രാജ്യാതിര്‍ത്തിയിലെവിടെനിന്നും ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തത്. ക്ഷേത്രനഗരിയും നഗരകലയും രൂപീകരിക്കുന്നതിനെ സംബന്ധിച്ച വിചാരമാതൃകയായി ഇതിനെ കണക്കാക്കാം.


 


        ഒരു നൂറ്റാണ്ടുനീണ്ട ചോളഭരണത്തിനാണ് രാജരാജചോളന്‍ അടിത്തറയിട്ടത്. നൂറുവര്‍ഷംകൊണ്ട് തദ്ദേശീയകലയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തേണ്ട ബാധ്യത കൂടിയാണ് ഒരര്‍ത്ഥത്തിലദ്ദേഹം ഏറ്റെടുത്തത്. ഭരണം ഏറ്റെടുക്കാനുള്ള ആദ്യനിര്‍ബന്ധം രാജരാജന്‍ നിരസിച്ചതായി തിരുവാലങ്ങാട് ലിഖിതത്തില്‍ പറയുന്നു. ശരീരത്തിലുള്ള പാടുകളില്‍ ഇദ്ദേഹം മൂന്നുലോകങ്ങളുടേയും സംരക്ഷകനായി ലോകത്തവതരിച്ച വിഷ്ണു തന്നെയാണെന്ന് കാണാന്‍ സാധിച്ചതിനാല്‍ യുവരാജാവായി വാഴിക്കുകയായിരുന്നെന്ന് ലിഖിതത്തില്‍ കാണുന്നത് വിശ്വാസസംബന്ധമായ വാചകമല്ല, ഉദാത്തമൂല്യങ്ങളെ സര്‍ഗാത്മകമായി സമന്വയിക്കാനും പുനരാവിഷ്കരിക്കാനുമുള്ള മിടുക്കാവണം അംഗീകരിക്കപ്പെട്ടത്.


 


        രാജരാജചോളന്‍റെ ഭരണത്തിന്‍റെ 25-ാം വര്‍ഷമാണ് തഞ്ചാവൂര്‍ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായി പൂജകള്‍ ആരംഭിക്കുന്നത്. അതായത് 1007 വര്‍ഷത്തിന്‍റെ പഴക്കം ക്ഷേത്രത്തിനുണ്ട്. ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ട് ചില നടപ്പുകള്‍ രാജരാജന്‍ കൊണ്ടുവന്നു. ഓരോ ഗ്രാമത്തില്‍ നിന്നും വിഭവങ്ങള്‍, കലാവിഷ്കാരങ്ങള്‍ എന്നിവ ക്ഷേത്രത്തിലേക്ക് എത്തിക്കുന്ന സംവിധാനം ഇദ്ദേഹം തുടങ്ങിവച്ചു. ഗ്രാമീണകലാകാരന്‍മാരെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. ഇങ്ങനെ ക്ഷേത്രത്തിന്‍റെ പ്രചാരവും നിലനില്‍പ്പും ഭൗതികമായി ഭദ്രമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.


 


        ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഒരുപക്ഷേ ഏറ്റവും ഉയരമുള്ള ഗോപുരം തഞ്ചാവൂരിലേതായിരിക്കും. അതുപോലെ ശില്‍പങ്ങളാല്‍ നിബിഡമായ പര്യാവരണത്തിനു മുതിര്‍ന്നാണ് ഭിത്തികളില്‍ 81 ഭരതനാട്യമുദ്രകള്‍ കൊത്തിവച്ചത്. ക്ഷേത്രമെന്നത് ദൈവക്ഷേത്രമാകുന്നത് സൗന്ദര്യാവിഷ്കരണത്തിന്‍റെ ഫലമാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞത് കലാകാരനെയും ദൈവികതയുടെ അംശമായി കണ്ടതിനാലാണ്.


 


കലയും അധികാരവും


        കലയും അധികാരവും തമ്മിലുള്ള ബന്ധം ചരിത്രത്തിലെന്നേ രേഖപ്പെടുത്തപ്പെട്ടതാണ്. അധികാരമുള്ളവരുടെ കലകളേ അംഗീകരിക്കപ്പെടുകയുള്ളൂ. അഥവാ അധികാരമരുളുന്നവര്‍ക്കുവേണ്ടിയുള്ള കലകള്‍ അംഗീകരിക്കപ്പെട്ടു. മേലാളസൗന്ദര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുകയും മറ്റുള്ളവ നിഷ്കരുണം തള്ളപ്പെടുകയും ചെയ്തു. എങ്കിലും കവി തിരിച്ചറിയുന്നുണ്ട്: കലകള്‍ വിളയാത്ത മാനസഭൂമി/കതിരുവിളയാത്ത ശൂന്യഭൂമി എന്ന്. അതിനാല്‍ ഏത് അധികാരവടംവലിക്കിടയിലും തമസ്ക്കരണത്തിനിടയിലും കലയുടെ ഗരിമ തിരിച്ചറിയാതെ പോകരുതെന്ന് കവി പറയുന്നു. തന്‍റെ കലാതത്ത്വം തുറന്നുപ്രഖ്യാപിക്കാന്‍ പി തയ്യാറാവുന്നു. ഭരണകൂടത്തിനും മാറും നയത്തിനും/ അടിമയല്ലെന്‍ കലയന്നുമിന്നും. രാജാക്കന്‍മാരാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കലാചരിത്രമുള്ള കേരളത്തിലും രാജാവിന്‍റെ അഭിനന്ദനത്തിനായി കലാകാരന്‍ കാത്തുനിന്ന ചരിത്രസന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്.ആധുനിക ജനായത്ത ഗവണ്‍മെന്‍റുകളുടെ കാലത്തും ഇത് തന്നെയാണ് സംഭവിക്കുന്നത്. കലാകാരന്‍റെ രാഷ്ട്രീയം എന്നും രാജാവിനോടല്ല ജനങ്ങളോടാണ് ചേര്‍ന്നു നില്‍ക്കേണ്ടത്. കല അനവദ്യചിന്തകളുടെ ഉയിര്‍പ്പിന്‍റെ വഴിത്താരയാണ് സൃഷ്ടിക്കുന്നതെന്നും പിരിയുന്ന ആത്മാക്കള്‍ക്ക് അമൃത് നല്‍കുന്ന പ്രവര്‍ത്തിയാണെന്നും കവി കൂട്ടിച്ചേര്‍ക്കുന്നു.


 


        കവിതയുടെ ഒടുവില്‍ തഞ്ചാവൂരില്‍ നിന്ന് മടങ്ങുന്ന ചലിതചിത്രം വരയ്ക്കുന്നുണ്ട്. കാഴ്ചകള്‍ പിന്നിലേക്കു പിന്നിലേക്കു വന്ന് പ്രപഞ്ചമത്രയും ഒറ്റക്കാഴ്ചയിലൊതുങ്ങുമ്പോഴാണ് കവിത പൂര്‍ത്തിയാവുന്നത്. അത്തരമൊരു സ്വാതന്ത്ര്യദീപ്തിയില്‍ അധൃഷ്യനായി നില്‍ക്കുന്ന കലാകാരനിലാണ് കവിത അവസാനിക്കുന്നത്. പ്രപഞ്ചത്തിലേക്ക് കലാകാരന്‍ മിഴിയൂന്നുന്നു. സൗന്ദര്യവക്താവായി മാത്രമല്ല മറ്റെന്തിനെക്കാള്‍ മുകളില്‍ കലാകാരനെ പ്രതിഷ്ഠിക്കുന്ന ദര്‍ശനം ഈ കവിതയില്‍ നേരിട്ട് തന്നെ പ്രത്യക്ഷമാകുന്നു. തഞ്ചാവൂരിലെ അറിയപ്പെടാതെപോയ കലാകാരന്‍മാര്‍ പ്രകൃതിയെ പകര്‍ത്തുകയായിരുന്നു. ചോള വിക്രമസിംഹാസനം വെറും കസേരയായി മാറിയിരിക്കുന്നു. വറ്റാതൊഴുകുന്ന കാവേരിപോലെ കലാകാരന്‍റെ കരുത്തുള്ള ശബ്ദം മുഴങ്ങുകയും ചെയ്യുന്നു. കാവേരിയുടെ ഒഴുക്കിലാണ് കവിത അവസാനിക്കുന്നത്.


 


സാംസ്കാരിക ഭൂമിശാസ്ത്രം


        സാംസ്കാരിക ഭൂമിശാസ്ത്രം വച്ചുകൊണ്ട് വായിക്കേണ്ടുന്ന കവിതയാണ് പിയുടെ കലാകാരന്‍. തഞ്ചാവൂരും മലനാടിനപ്പുറം കലയുടേതു മാത്രമായി ഉരുവം കൊണ്ടതായി ഭാവന ചെയ്യുന്ന കവിത അതാണര്‍ഹിക്കുന്നത്. ഭോഗപരതയുടെ ദിനസരികളുടെ തിരശീല നീക്കിയാല്‍ മാത്രം കാണുന്ന ഭൂമിശാസ്ത്രമാണ് കവിതയുടെ മണ്ണ്. കുടകിന്‍റെ മടിയിലൂടിറങ്ങി മാത്രമേ നിങ്ങള്‍ക്ക് ഇവിടേക്കെത്താന്‍ കഴിയൂ. എത്തിയാലാദ്യം കാണുന്നതാകട്ടെ കാവ്യാനുഭൂതിപോലൊഴുകുന്ന കാവേരിയെ.മഹനീയശിപങ്ങളുള്ള കോവിലുകളും അമരഗന്ധര്‍വസംഗീതം പൊഴിക്കുന്ന ഗാനവൈഖരിയുമായി ബൃഹത്തായ വീണയായി കിടക്കുന്ന ഭൂപ്രദേശമാണ.്  കുഗ്രാമത്തെ വൃന്ദാവനമാക്കുന്ന കലയുടെ സംസ്കാരപ്രവര്‍ത്തനമാണവിടെ നടന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്. കരികാലചോളന്‍ അധികാരഗര്‍വ്വുകൊണ്ട് നാട്ടുരാജ്യങ്ങള്‍ കീഴടക്കി വിപുലപ്പെടുത്തിയപ്പോള്‍ ഇവിടത്തെ കലാകാരന്‍മാര്‍ -ത്യഗരാജനടക്കം- കലകൊണ്ടാണ് ലോകത്തെ വെട്ടിപ്പിടിച്ചത്. കാലം പിന്നിട്ടിട്ടും ലോകം അവരിലേക്ക് ഒഴുകിയെത്തുകയാണ്. 


 


        കവി ഉപാസിക്കുന്ന കലയെന്താണ്? അത് മലരുകള്‍ പൂജക്കെടുക്കുന്ന ഭൂമിയായത് യാദൃച്ഛികമല്ല. പരമപ്രണയത്തിന്‍റെ വിത്തുവിതയ്ക്കുന്ന ഭൂമികൂടിയാണത്. സത്യത്തില്‍ മണ്ണില്‍ നിന്ന് ഉയിരെടുത്ത ജീവസ്വരൂപമായി കലയെ കാണുകയാണ് കവി. പറവകള്‍ പാടുന്നതും അരുവികള്‍ നിര്‍ബാധം ഒഴുകുന്നതുമൊക്കെ ജീവസ്വരൂപത്തിന്‍റെ കലാത്മകതകൊണ്ടുകൂടിയാണ്. പുളകം പുതപ്പിച്ചു ഭൂമിയെത്താരാട്ടും/ പുതുമഴയായ് വന്നു പാടുന്നു ഞാന്‍ എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സാംസ്കാരികഭൂമിശാസ്ത്രചിഹ്നങ്ങള്‍ മൂര്‍ത്തമാവുകയാണ്. സ്വാതന്ത്ര്യദീപ്തിയില്‍ പുലരുന്ന കലാകാരനെ കാണുമ്പോള്‍ മലനിരകള്‍ കടന്നെത്തിയ 'പൂര്‍ണ്ണമാംകലകളൊത്ത ശരത്ചന്ദ്രമണ്ഡലം' ദര്‍ശിക്കാന്‍ കഴിയുന്നതിന് കൂടുതല്‍ ന്യായീകരണം തിരയേണ്ടതില്ല. ഉറവുതെറ്റാതൊഴുകുന്ന കാവേരിയിലാണ് കവിത അവസാനിക്കുന്നതെങ്കിലും അത് കലാകാരനാല്‍ നിര്‍മിക്കപ്പെടുന്ന ലോകബോധ്യത്തിന്‍റെ ഉറവയെടുക്കല്‍ തന്നെയാണ്. കലയുടെ തുന്നല്‍ക്കാരനല്ല, ലോകത്തിന്‍റെ തയ്യല്‍ക്കാരനാണവനെന്ന് ഉറവ തെളിച്ചപ്പെടുത്തുന്നു.


 


 


 


ഡോ സി ഗണേഷ്


മലയാള സര്‍വകലാശാല


തിരൂര്‍, വാക്കാട് പിഒ


മലപ്പുറം  676502


ഫോ 9847789337 



       

Previous Post Next Post