Poems of Sahira Kuttipuram

 

Poems of Sahira Kuttipuram





പലരിൽ ചിലർക്കുണ്ടാകാവുന്ന പ്രേമപ്പച്ച

 

 

 

ഓളങ്ങളില്ലാതെ കമഴ്ന്നുകിടന്നുറങ്ങുന്ന

വെള്ളത്തിനുമുകളിലെ ബോട്ടിനുള്ളിൽ

രണ്ട് സീറ്റുകൾ മിണ്ടാനൊരുങ്ങുന്നു.

ബോട്ടിന്റെ പള്ള വെള്ളത്തോട്

കുറേക്കൂടി ഒട്ടി 

മൗനം മുങ്ങാങ്കുഴിയിട്ടതിനെ മായ്ച്ചു.

 

കമഴ്ന്നുകിടക്കുന്ന വെള്ളത്തിനുള്ളിൽ

ഇരുട്ട്, തണുപ്പ്,മീൻ.

മീനിട്ട കാഷ്ഠം

കാഷ്ഠം കുഴഞ്ഞ മണ്ണ് .

 

കമഴ്ന്നുകിടന്ന വെള്ളത്തിനുള്ളിൽ

പച്ച മീൻ, പച്ചത്തവള

പച്ചക്കുതിര, പച്ചപ്പായൽ

പച്ചയിട്ട കാഷ്ഠം.

കാഷ്ഠം കുഴഞ്ഞ മണ്ണ് .

 

ഇവയ്ക്കെല്ലാം മുകളിൽ

ഏറ്റവും മുകളിൽ

ആകാശമാണ് വേണ്ടതെന്ന്

മിണ്ടാനൊരുങ്ങുന്നവർക്ക് വാശിയില്ല.

അവിടവും പച്ച നിറഞ്ഞു.

 

പച്ചമാങ്ങ, പച്ചത്തേങ്ങ

പച്ചപ്ലാവില, പച്ചത്തത്ത

പച്ചയ്ക്കുമാത്രമുള്ള മണം.

 

കാൽ തൊടാവുന്ന ദൂരത്തിൽ

അടുത്തുണ്ടായിട്ടും

എന്തുകൊണ്ടിങ്ങനെ നീളത്തിൽ

വെറുതെ കിടന്നുവെന്ന്

രണ്ടുപേർക്കും ഓർത്തെടുക്കാനായില്ല.

 

എത്ര പേർ തങ്ങളിൽ ചൂടേറ്റിരുന്നു.

എത്ര ചുണ്ടുകൾ ചുംബിച്ചലിഞ്ഞു.

എത്ര പ്രേമം പിറന്നു.

കണ്ണ് കണ്ണിനെ തൊട്ടു …

 

എന്നിട്ടും എന്തുകൊണ്ടിങ്ങനെ

നീളത്തിൽ വെറുതെ മരിച്ചുവെന്ന്

ഇരുവർക്കും ചികഞ്ഞെടുക്കാനായില്ല. 

 

എന്തിനിപ്പോൾ 

മിണ്ടാനൊരുങ്ങുന്നുവെന്നുപോലും

അറിയാതെ മിഴിച്ചിരുന്ന സീറ്റുകൾ

ശ്രമം ഉപേക്ഷിച്ച്

നീണ്ടുനിവർന്ന് കിടന്നു.

ശ്വാസം വലിച്ചുവിട്ടു.

 

ബോട്ട് ആടിക്കരഞ്ഞു

വെള്ളം കണ്ണീരൊലിപ്പിച്ച്

ചീരാപ്പ് ചീറ്റി.

 

ഉണർന്നുകിടന്ന് ഓളം വെട്ടുന്ന

വെള്ളത്തിനുമുകളിലെ ബോട്ടിൽ

സീറ്റുകളേയില്ല.

പ്രേമമുണ്ട്. പച്ചയും!

 

 

 

02. നിങ്ങൾ നിങ്ങളെ കണ്ടിട്ടുണ്ടോ?? 

 

 

ഇന്നലെ കുറ്റിപ്പുറം ബസ്റ്റാന്റിൽ വെച്ച് 

ഞാൻ എന്നെക്കണ്ടു. 

എനിക്കിഷ്ടമല്ലാത്ത സബർജലിയും വാങ്ങി 

ഞാനിതെങ്ങോട്ട് പോകുന്നുവെന്ന് 

ഞാനന്തം വിട്ടു. 

 

വലതുകൈത്തണ്ടയിൽ കാലൻകുട 

കൊളുത്തിയിട്ടിട്ടുണ്ട്. 

ചുരുട്ടിക്കെട്ടിയ മുടി, വലിയ മൂക്കുത്തി, വലിയ പൊട്ട്. 

എന്റെ അതേ വയലറ്റ് കുർത്ത. 

ഞാൻ എന്നെത്തന്നെ നോക്കി നിന്നു. 

ഇത്രയും മെലിഞ്ഞിട്ടാണോ ഞാൻ !

കണ്ണാടിയിൽ കാണുന്നതിനേക്കാൾ മെലിഞ്ഞ്, ഇരുണ്ട്. 

നഖത്തിന് ഇളം നിറങ്ങൾ തന്നെയാണ് ചേരുന്നത്. ( സന്തോഷം തോന്നി )

മുഖത്ത് ഇത്രയും ഗൗരവം വേണ്ട. 

ഒരു ചെറുമന്ദഹാസം നല്ലതാണ്. 

ചുണ്ടിനുമുകളിലെ കാക്കപ്പുള്ളിയിൽ അതൊളിപ്പിച്ചുവെച്ചാൽ നന്നായിരിക്കും. 

അപ്പോഴെന്റെ മുഖം നാലുമണിപ്പൂക്കളുടേതു പോലെ നിർമ്മലമാവും. 

കൺതടങ്ങളിലെ കറുപ്പ് രാശി കുറയ്ക്കണം ( അഭംഗിയായി തോനുന്നു ). 

കാൽവിരലുകളിലണിയാൻ വെള്ളിയിൽ പണിത മിഞ്ചി വാങ്ങണം. 

പിൻകഴുത്തിലെ രോമം അതിമനോഹരമാണ്. 

ഒരു കാമുകകാഴ്ചയേക്കാൾ മികവോടെ അവയെന്റെ മുന്നിൽ വെളിവാകുന്നു. 

 

ഞാൻ എന്നെക്കണ്ടമ്പരന്നു. 

ഞാനിതെങ്ങോട്ടുള്ള ബസ്സിനാണ് കാത്തു നിൽക്കുന്നത്!

എന്റെ മുഖത്തെ ഗൗരവവും 

എന്റെ ശോഷിച്ച ശരീരവും 

എന്റെ സൗന്ദര്യവും കണ്ടെനിക്ക് വേദനിച്ചു. 

ഞാൻ എന്റെ അടുത്തുചെന്ന് 

എന്നെ ചേർത്തുപിടിച്ചു. 

" വരൂ കുട്ടീ, നീ എങ്ങോട്ടാണ്

നിനക്കിഷ്ടമല്ലാത്ത സബർജലിയും വാങ്ങി നീയിതെങ്ങോട്ടാണ്? !

തണ്ണിമത്തൻ വാങ്ങാമായിരുന്നല്ലോ.. 

പൊട്ടുകടലയുള്ള മിക്സ്ചർ ഇഷ്ടമാണല്ലോ.. 

ബ്ലാക്ക് ഫോറസ്റ്റിന്റെ പീസും ജീവനാണല്ലോ.. 

ഇതൊന്നും വാങ്ങാതെ നിനക്കൊട്ടും ഇഷ്ടമല്ലാത്ത 

ഈ പഴങ്ങളും വാങ്ങി നീയെങ്ങോട്ടാണ്

പിന്നെ

എങ്ങോട്ടാണെങ്കിലും എന്തിനാണെങ്കിലും 

കറുപ്പിച്ച് കണ്ണെഴുതാമായിരുന്നില്ലേ

കുറച്ചുകൂടി തൊങ്ങലുള്ള കമ്മലും 

മയിൽപ്പീലിക്കണ്ണുള്ള ആ ചുരിദാറും 

അണിയാമായിരുന്നില്ലേ

എങ്ങോട്ടുള്ള പോക്കാണെങ്കിലും 

ഇന്നലെ രാത്രി നന്നായി ഉറങ്ങാമായിരുന്നില്ലേ? "

ഞാൻ എന്നെ തുറിച്ചു നോക്കി.

തറപ്പിച്ചു നോക്കി. 

............................. 

അന്ന് കുറ്റിപ്പുറം ബസ്റ്റാന്റിൽ വെച്ച് 

ഞാൻ എന്നെക്കണ്ടതിനു ശേഷം 

പിന്നീടൊരിക്കൽ പോലും 

' സബർജലി ' വാങ്ങിയിട്ടില്ല. 

ശേഷം ഞാനൊരു സൂര്യകാന്തിയാവുകയും 

പൂക്കുകയും രമിക്കുകയും ചെയ്യുന്നു. 

എനിക്കറിയാം ഞാനിപ്പോൾ 

മുമ്പത്തേക്കാൾ സുന്ദരിയാണ്.

 

 

 

03. നമുക്കുള്ളിൽ.. 

 

 

മുതുകത്ത് മുള്ളുള്ള കാട്ടുപൊന്തകൾ 

ഇടയ്ക്കിടയ്ക്ക് ഹർഷന്റെ മുറിയിൽ വന്നുപോവാറുണ്ട്. 

 

ഹർഷൻ മുറിയിലേക്ക് കേറുമ്പോൾ 

പതുങ്ങി നിൽക്കുന്ന പൊന്തകൾ 

അയാൾക്കുമേൽ ചാടിവീഴുകയും 

തങ്ങളുടെ ഇരുട്ടിലേക്ക് വലിച്ചിടുകയും ചെയ്യും. 

കൂട്ടം തെറ്റിയ താറാവിനെപ്പോലെ 

തപ്പിത്തടയുന്ന പാവം ഹർഷനെക്കാണുമ്പോൾ 

ഇരുട്ട് കുറേക്കൂടി വലുതാവുകയും 

കൂടുതൽ ഇരുളുകയും ചെയ്യും. 

 

ഹർഷൻ കിടക്കുമ്പോൾ 

മെത്ത നിറയെ മുള്ളുകൾ പാകി

അലറിക്കരയുമ്പോളയാളുടെ വായ്ക്കുള്ളിൽ 

ഇലകൾ കുത്തിനിറച്ച്

പിടയുന്ന കൈകാലുകൾ 

വേരുകളിൽ മുറുക്കിക്കെട്ടി

അയാളുടെ ജീവിതം 

അയാൾക്കുമുമ്പിൽ വെളിപ്പെടാനൊരുങ്ങുന്ന 

നേരത്തിന്റെ തൊട്ടുമുമ്പ് 

വെറുതെ വിട്ടെന്ന് ധരിപ്പിച്ച് മുതുകത്ത് മുള്ളുള്ള കാട്ടുപൊന്തകൾ 

ജനൽ വഴി പുറത്ത് കടക്കും. 

 

ഹർഷൻ ഷേവുചെയ്യുന്നത് 

അതേ മുറിയുടെ കണ്ണാടിക്കുമുമ്പിലാണ്. 

അയാൾ പോലുമറിയാതെ ഷേവിങ് ക്രീമിൽ കൊടുംചൂടിന്റെ വിത്തിട്ട്

വസന്തത്തെ ബ്ലേഡ് മുനയിൽ കൊരുത്ത്

പൊള്ളുകയും ചുവക്കുകയും ചെയ്യുന്ന 

അയാളുടെ താടിയും കഴുത്തും കണ്ട് 

ഭോഗസുഖം അറിയുന്ന 

കാട്ടുപൊന്തകൾക്ക് 

എത്ര കൈകളാണെന്നോ.!

 

തൊട്ടുരുമ്മി കടന്നുപോയവരുടെ 

കഫവും മൂത്രവും വിയർപ്പും 

പൊന്തകൾ ഛർദ്ദിയ്ക്കുന്നത് 

ഹർഷന്റെ മുറിയിലാണ്. 

 

വാവൽ ചപ്പിയകായ്കളും 

പുഴുവരിച്ച തൊലിയും 

കൊഴിച്ചിടുന്നത് ഹർഷന്റെ മുറിയിലാണ്. 

 

മുതുകത്ത് മുള്ളുള്ള കാട്ടുപൊന്തകൾ 

വന്നു പോകുമ്പോഴൊക്കെ അയാളൊരു ചിലന്തിയാവുകയും അനക്കമറ്റിരിക്കുകയും ചെയ്യും. 

 

പാവം ഹർഷൻ. 

വിളറിയും വെളുത്തും തൊട്ടടുത്ത മുറിയിലെ 

എന്നോടിത് പറയുമ്പോൾ

ഒട്ടും രോമമില്ലാത്തൊരു ഹിമക്കരടി 

പല്ലികളുടെ കൈപിടിച്ച് 

എന്റെ മുറിയിൽ ഇടയ്ക്കിടെ 

വരാറുള്ളത് ഞാനവനോട് പറഞ്ഞില്ല. 

 


Sahira kuttippuram
Melethil (h)

Karalmanna (p.o)
Naduvattom
Palakkad
Kerala
679506
Mob-9946069465


Previous Post Next Post