Poems of Sooryagayatri

Poems of  Surya gayathri. P.V


സൂര്യഗായത്രിയുടെ കവിതകൾ







എന്റെ ജനത എന്ത് കൊണ്ടു സ്വയം 

തീകൊളുത്തി സമരം ചെയ്യുന്നു

 

കൊടുംമഴയ്ക്കൊപ്പം 

മൊബൈലിലെ 

മങ്ങിയ ബ്രൈറ്റ്നസിൽ 

ഇളംചൂടിലെരിയുന്ന സൂര്യനെപ്പോലെ

പടിഞ്ഞാറേക്ക് ചെരിയുന്നു,

പൊളിഞ്ഞ തടവറപോലൊരു വീട്.

 

തകർന്ന വീടുകളുള്ള ഗ്രാമങ്ങളാണ്

ഏറ്റവും കൂടുതൽ തീപ്പെട്ടിയുരക്കുന്നത്

മൃദുലഭാഗങ്ങളിൽ കനലു വീഴ്ത്തുന്നത്.

അതായത്; അവർക്ക്

 പൊള്ളുന്നതായിരുന്നു ഭേദം,

പൊള്ളിക്കുന്നതിനേക്കാൾ.

കരുവാളിപ്പിന്റെ നിറമുള്ള

ഇരുട്ടിലെ ഉണർവ്വായിരുന്നു

 അവർക്ക് മരണത്തിനറുതി.

പെട്ടെന്നുപെട്ടെന്ന് കരയുന്നതവർ 

കുറച്ചുകൊണ്ടുവന്നു.

കടുംനിറങ്ങളിൽ ഇഴചേർന്നു.

 

ഉറക്കത്തിൽ ഞാൻ ചെന്ന്

വാതിൽ തുറക്കുന്നു

ഇരുമ്പാണി വീഴുന്നു.

വീട് ഇരുമ്പഴികളില്ലാത്ത

പൊളിയാറായ തടവറയായിരുന്നു 

സ്വപ്നത്തിന്റെ അറയ്ക്ക്

കറുത്ത വാതിൽ.

പുറത്ത് ഇല്ലട്ടക്കരിയുടെ

 കൂമ്പാരത്തിനിടയിൽ 

നക്ഷത്രങ്ങളുടെ വരവേൽപ്പ് 

അവർ എന്റെ നേർക്ക് ഒഴിഞ്ഞ

അരിപ്പാത്രം നീട്ടുന്നു

വറ്റിയ മണ്ണെണ്ണക്കുപ്പിയിൽ

പറ്റിപ്പിടിച്ച പത നുരക്കുന്നു

കടുംനീലയിൽ.

 

എന്റേത് കരുത്തുള്ള ഗ്രാമമല്ല,

എന്റെ നിലയും വിലയും കരുത്തുള്ളതല്ല.

ഞാൻ ഹതാശയായി

പെട്ടെന്ന്പെട്ടെന്നു വിയർക്കുന്നു.

പെയ്യാത്ത മേഘങ്ങൾക്ക് ചൂടുള്ള

 വിഷാദത്തിന്റെ കനമായിരുന്നു

കൊതിക്കുന്നതെല്ലാം

അകലത്തുള്ള അനന്തത

എന്റെ മുറിവുകളിൽ സമുദ്രത്തിന്റെ

 മദജലത്തിൽ നിന്ന് കുറുക്കിയ

ഉപ്പ് നിറയ്ക്കുന്നു.

പൊളിയാറായ വീടുകൾ മുഷിപ്പനാണ്

മരിച്ച കുട്ടികൾ വിരാജിക്കുന്ന

ഗർഭപാത്രം .

 

വീട് കുറ്റവാളികളില്ലാത്ത തടവറയായിരുന്നു 

മുന്നിലെ മുൾവഴികൾ

മാൻവേഷമണിഞ്ഞ മാരീചകന്റെയും.

ഞങ്ങളുടെ അമ്മ

'എന്ത് കൊണ്ട് എന്തു കൊണ്ട് '

എന്നിങ്ങനെ വാചകങ്ങളെഴുതിയ

ഒരു നിവേദനം എപ്പോഴും

പോസ്റ്റ്‌ ചെയ്യുന്നതോർക്കുന്നു.

മതിയായ സ്റ്റാമ്പില്ലാത്തതിനാൽ

പൂച്ചക്കുഞ്ഞിനെപ്പോലെ തിരിച്ചു വരുന്നത്.

 

ഞാൻ തിരിച്ചു പോയി പിന്നെയും കിടക്കുന്നു

നെഞ്ചിനുള്ളിലെ ഘടികാരത്തിൽ

അലാറം വെക്കുന്നു.

ഞാൻ എന്റെ ജനത എന്ത് കൊണ്ടു

സ്വയം തീകൊളുത്തി

സമരം ചെയ്യുന്നു എന്ന

സ്വപ്നം കാണുകയാണ്.

ഉറക്കത്തിൽ പൊളിഞ്ഞ വീട്ടിൽ

മുഷിഞ്ഞ തലയിണയിൽ

പഴയ തീസീസിൽ 

കേലവെള്ളമൊലിക്കുന്നു,

അതൊരു ഉറവ 

ഉറവയൊരു കിണറാകുന്നു 

പരോളിനിറങ്ങിയ

തടവുപുള്ളികൾ പോകുന്നു.

ഇരുട്ടിലായ വീട്ടിൽ നിന്ന് നദി

ഒഴുക്ക് തുടങ്ങുന്നു 

കരിമൺ പാത്രത്തിൽ

മറന്നു വെച്ചൊരു കണം തുളുമ്പുന്നു.

 

പഴമ എന്റെ

അരികിലാണ് വന്നിരിക്കുന്നത്

മൗനത്തിന്റ കടുംകട്ടിപോലെ

വാഗ്മിയെപ്പോലെ.

ഉറക്കത്തിൽ ഞാൻ

കടുപ്പമേറിയ അപ്പക്കഷണം തിന്നുന്നു

വരണ്ട തൊണ്ടയിൽ കുടുങ്ങുന്നു.

വിശപ്പ് ഒന്നിനും പകരം വയ്ക്കാനാവാത്തത് അതിനു പവിത്രമല്ലാത്ത ചവർപ്പ്

മണ്ണെണ്ണച്ചുവ.

നാൽപ്പത്തിനാല് വരകളിൽ

പല നാടുകളിൽ 

അറിയപ്പെടാത്ത

മണ്ണെണ്ണ നിറമുള്ള നദിക്കരയിലിരുന്ന്

തൊണ്ടയിൽ അപ്പം തികട്ടുന്നു.

അതിന്റെ നിമ്നോനതങ്ങളിലെ 

 ആന്ദോളനങ്ങൾ

ഇക്കിളിപ്പെടലുകൾ

ആകാശത്തെക്കുറിച്ചും

ഭൂമിയെക്കുറിച്ചുo

വിശപ്പിനെക്കുറിച്ചുമുള്ള 

അസ്സീമമായ പരന്ന വായനകൾ.

അലൗകികമായ ഗമകങ്ങളിൽ

ചിട്ടപ്പെടുത്തുന്നു

നദിയുടെ ആസക്തിയാർന്ന

വെയിലിനൊപ്പമുള്ള

നിശബ്ദ സംഗീതത്തെ.

 

ഞാൻ പിന്നെയും തിരിഞ്ഞു കിടക്കുന്നു

നെഞ്ചിനുള്ളിലെ ഘടികാരത്തിൽ

അലാറമടിക്കുന്നു.

എന്റെ ജനത

എന്ത് കൊണ്ടു സ്വയം തീകൊളുത്തി

സമരം ചെയ്യുന്നു എന്ന സ്വപ്നം

പിന്നെയും കാണുന്നു.

ഞങ്ങളുടെ അമ്മ

'എന്ത് കൊണ്ട് എന്തു കൊണ്ട് '

എന്നിങ്ങനെ വാചകങ്ങളെഴുതിയ

ഒരു നിവേദനം എപ്പോഴും ഇപ്പോഴും 

പോസ്റ്റ്‌ ചെയ്യാൻ പോകുന്നു.

 

നദിക്കരയിലിപ്പോൾ പക്ഷികളുടെ

ഗർജ്ജനം കേൾക്കാം.

പുല്ലുകൾ ഭൂമിയുടെ എഴുന്നു നിൽക്കുന്ന

 രോമങ്ങളാണെന്ന് കരുതി

ഞാനവ പിഴുതെടുക്കുന്നു.

പിടച്ചിലിനെ പിടിച്ചു വെക്കുന്നു

എലിയുടെ പിടച്ചിലിൽ പൂച്ചയെപ്പോലെ.

 

എന്റേത് കരുത്തുള്ള ഗ്രാമമാണ് ,

എന്റെ നിലയും വിലയും കരുത്തുള്ളതാണ്.

ഞാൻ തീപ്പെട്ടിയുരച്ചു പുറപ്പെട്ടു 

മൗനത്തിന്റെ മൃദുലഭാഗങ്ങളിലെ

വടുക്കൾ സുന്ദരമായിരിക്കുന്നു

ഞാൻ തീസിസ് അവതരിപ്പിക്കുന്നു

അത് നിങ്ങളെന്നും കാണുകയോ

കേൾക്കുകയൊ ചെയ്യുന്നതാണ്,

'എന്റെ ജനത എന്ത് കൊണ്ടു സ്വയം 

തീകൊളുത്തി സമരം ചെയ്യുന്നു'..

 

 

 

വെളിപാട്

 

കാക്കയ്ക്ക് പെട്ടെന്നു വെളിപാടുണ്ടായി.

അത് ന്യൂട്ടനെപ്പോലെ ശാസ്ത്രീയമോ 

ബുദ്ധനെപ്പോലെ താത്ത്വികമോ അല്ല.

"യൂറേക്കാ യൂറേക്കാ" എന്നലറിയില്ല.

ഒരില മരണത്തോടെ

പൊഴിഞ്ഞു വീഴുമ്പോൾ

നമ്മൾ കാണാത്ത മണ്ണിന്റെ

ജൈവികമായ ഞെട്ടൽ പോലെ.

വെയില് പോറിയ മുറിവിലൂടെ 

മഴ തൊട്ട നീറ്റൽ .

കരിപ്പാത്രങ്ങൾക്കിടയിൽ നിന്ന്

"അയ്യോ, അരി വെന്തു ചീഞ്ഞു കാണുമോ"

എന്നൊരുടൽ ഉരുണ്ട്

പിടഞ്ഞെണീറ്റോടും പോലെ.

വെളിപാട് എല്ലാർക്കുമുണ്ടെന്നു ന്യായം.

കാക്ക ഉൾവിളിയിൽ ചിറക് നീർത്തുന്നു.

 

അപ്പോൾ നട്ടുച്ചക്കൊരു

പൊള്ളിയ വെയിൽ ആളൊഴിഞ്ഞ 

ഫുട്പാത്തിലൂടെ വലിച്ചിഴച്ചു

കൊണ്ടു പോകുന്നു,

വെട്ടിയെടുത്തൊരു മാവിന്റെ ശവശരീരം.

അതിന്റെ അവസാനത്തെ ചില്ലയുടെ നിഴലിൽ കുന്തിച്ചിരിപ്പായിരുന്നു കാക്ക.

"കാക്കേ കാക്കേ കൂടെവിടെ

കൂട്ടിനകത്തൊരു കുഞ്ഞില്ലേ...."

കാക്കക്കപ്പോൾ

'ജരിത'യുടെ ഖിന്ന മുഖം.

 

അന്ന് കാട്ടുപൂക്കൾക്ക് പലവിധ

നിറങ്ങൾ വീണൊരു വൈകുന്നേരം

കാക്ക സ്വദേശം വിട്ടു.

പറക്കുന്തോറും രാവ് നീളെ

കാക്കക്ക് കണ്ണുകളിൽ

വെളിച്ചം കനക്കുന്നു.

പുലർച്ചെയായെന്നു കാക്കക്ക്

മിഥ്യയായ വെളിപാടുണ്ടായി.

അത് വെയിലിനെ വിളിച്ചു കരഞ്ഞു.

കാട്ടുകവിത പാടി.

അടുക്കളപ്പുറങ്ങളിൽ എച്ചിൽ തിരഞ്ഞു.

"പണിയുണ്ടോ പണിയുണ്ടോ..."

ചെരിഞ്ഞു നോക്കിക്കരഞ്ഞ കണ്ണുകൾക്ക് 'കാക്കനോട്ട'മെന്ന് പേര്.

അശ്രീകരമെന്ന പ് രാക്ക്.

 

പരദേശത്തെത്തി കുടത്തിലെ

വെള്ളത്തിൽ കല്ലിടുമ്പോഴാണ്

കാക്കയും കൊറ്റിയും കണ്ടു മുട്ടിയത്.

ഒറ്റക്കാഴ്ചയിൽ കൊറ്റി കാക്കയുടെ ആദിമ ഗോത്രമേതെന്നു ആരാഞ്ഞു.

വംശപാരമ്പര്യമില്ലാത്ത വെള്ളത്തിന്റെ

ഉറവിടം പോലൊന്നെന്നു

കാക്കയുടെ ഉത്തരം.

നിറത്തെക്കുറിച്ച് ചോദിച്ചു.

ഉടയാത്ത കാഠിന്യത്തിന്റെ

പര്യായമെന്ന് മറുപടി.

ആമയെയും മുയലിനെയും പോലെ

കാക്കയും കൊറ്റിയും മത്സരിച്ചു,

കുടത്തിലെ വെള്ളത്തിൽ കല്ലിട്ടു തുടങ്ങി.

 

"ഇപ്പോൾ നീയേതാത്മാവിന്റെ

ഉടൽപാതിയിൽ നിന്നും

വൻകര താണ്ടി വന്നതാണ്?"

കൊറ്റി ചോദിച്ചു.

"ഞാൻ പാതി വെന്തൊരു

വൃക്ഷത്തിന്റെ ആത്മാവ്.

വിശ്വാസത്തിൽ നിന്ന് 

മനുഷ്യ ദേഹിയോടൊപ്പം 

വിഷ്ണുമായയിൽ ലയിച്ചു.

പിന്നെ പക്ഷിവംശത്തിൽ വന്നു പിറന്നു.

ബലിക്കാക്കയെന്ന് നാമകരണം.

എരിഞ്ഞു തീരാത്ത ശ്മശാനങ്ങളിൽ,

സദ്യവട്ടങ്ങളുടെ എച്ചിൽ കൂനകളിൽ,

ഉപേക്ഷിച്ചുപോയ ശവം തീനികളിൽ,

മുഷിഞ്ഞ അടുക്കളപ്പുറങ്ങളിൽ,

പലവിധ ഉപമകളിൽ,

കഥകളിൽ കവിതകളിൽ 

ബലിച്ചടങ്ങുകളിൽ ഞാൻ

ഉണ്ണാനായി ക്ഷണിക്കപ്പെട്ടു.

പലയിടങ്ങളിലായി

ഉപേക്ഷിക്കപ്പെട്ടതാണു

കാക്കയുടെ സ്വത്വം."

 

കാക്ക ചിറകുകൾ വിടർത്തി.

"നോക്കു, കറുത്ത നിഴൽ."

കൊറ്റിയും ചിറകുകൾ വിരിയിച്ചു.

കറുത്ത നിഴൽ.

നിറഭേദങ്ങളില്ലാത്ത സത്യത്തിന്റെ

സ്ഥായിയായ വെളിച്ചം.

കാക്കയ്ക്ക് പെട്ടന്ന് വെളിപാടുണ്ടായി.

"കാ കാ കാ"

കാക്ക എള്ളിന്റെ മണമുള്ള 

വായ തുറന്നു കാട്ടുകവിത ചൊല്ലി.

മൂന്നാമത്തെ കൈകൊട്ടിലത് 

പരോക്ഷമായ സൂക്ഷ്മ ശരീരവുമായി

ഉച്ഛിഷ്ടപിണ്ഡത്തിനു പറന്നു.

 

****

 

ജരിത ---മഹാഭാരതത്തിലെ ഖാണ്ഡവ ദഹന സർഗ്ഗത്തിലാണ് ജരിത എന്ന പക്ഷിയെക്കുറിച്ചും അവളുടെ നാല് മക്കളെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നത്. ഖാണ്ഡവ വനം ദഹിപ്പിക്കുന്ന സമയം കരുണ തോന്നിയ പാണ്ഡവർ ജരിതയെയും മക്കളെയും അഗ്നിയിൽ നിന്നും രക്ഷപ്പെടുത്തി..

 

 

 

പെൺസഞ്ചാരങ്ങളിലെ 

ബൈനോക്കുലറിസം 

 

താഴ് വാരത്തിലെ

ഇഞ്ചിപ്പാടത്ത് നിന്നവൾ 

തിരിച്ചു പോകുന്നു.

അവളുടെ മണൽപാതകളിൽ നിറയെ 

വണിക്കുകളുടെ

സഞ്ചാരങ്ങളിൽ മുറിഞ്ഞ

 കാൽപ്പത്തികളുടെ അനന്തമാർന്ന

 ബിംബങ്ങളാണ്.

 

അവളുടെ സ്വരത്തിന് പഴയനിയമത്തിലെ 

വിലാപകാവ്യങ്ങളുടെ താളബോധമില്ല

അവളുടെ കാലുകളെ

കേട്ടുകേൾവിയില്ലാത്ത

പറയപ്പെടാത്ത 

അപതാളങ്ങളുടെ സങ്കീർണതയിലേക്ക് 

ഉരുളൻ വാക്കുകളിൽ പണിത 

 ചങ്ങലക്കണ്ണിക്കൊണ്ട് കെട്ടിവലിക്കുന്നു

ആളുകൾ മരണം വരെ ചെവി പൊത്തട്ടെ.

 

അവൾ മുരടൻമാരായ

ഉരുളൻമലകളെ 

പിന്നിൽ വലിച്ചു നടന്നു,

ഹിമശൈലജ.

അടിവാരങ്ങളിൽ

പുറമ്പോക്കുകളിൽ അവളവളെ

നെടുനീളൻ വരകളാൽ പോറിവെച്ചു.

ആഴത്തിൽ കണ്ണുകളെ 

കല്ലുകളുടെ ഹൃദയത്തിലേക്ക്

വിവർത്തനം ചെയ്തു 

അതിലൊന്നും പൈങ്കിളികളുടെ ദയനീയത

അവൾക്കലങ്കാരമായിരുന്നില്ല.

 

ഒരു ചെറുചിരിയിലവൾ

മെഴുകുനാളത്തിന്റെ ഇളകിയാട്ടം 

ഒറ്റനില്പിലേക്ക് ക്രമീകരിക്കുന്നു.

വിറങ്ങലിച്ച കാറ്റിനെയും

ഏറ്റിയവൾ പോകുന്നു 

മരങ്ങൾ വേരുകളെയും കൂട്ടി

സഞ്ചരിക്കാത്തയിടത്തേക്ക്. 

 

അക്കരെ കുറെനാൾ

തെണ്ടിത്തിരിഞ്ഞു നടക്കും,

'ഇസ'ങ്ങളിൽ മടുത്ത്

സർവകലാശാല വിട്ടു പോയ ഭിക്ഷുകി.

തെരുവിൽ കിടക്കും 

യാചിക്കുന്ന രാജകുമാരിയാകും.

 അവസാനവാരത്തിലൊരു ദിനം

ജലാശയത്തിനു കരയിലവൾ 

കരിമ്പു കൃഷിയാരംഭിച്ചു തുടങ്ങും.

പൂച്ചകൾ കാണും വിധം 

മത്സ്യക്കുഞ്ഞുങ്ങളെ പോറ്റും.

കുറുക്കന്മാരുള്ളിടം കോഴികളെയും

കരിമ്പുലി മേയുന്നിടത്ത് ആടുകളെയും

 പശുക്കളെയും വളർത്തും.

സ്രാവുകൾക്കും മുതലകൾക്കും 

 തിമിoഗലങ്ങൾക്കുമിടയിലൂടെ

കടലാസ് തോണിയൊഴുക്കും.

അതിലൊന്നിലവൾ ആഴ്ചയിലൊരിക്കൽ

 നിറയെ ഇഞ്ചിപ്പാടമുള്ള

താഴ് വരയിലെ നാട് കണ്ടു വരും.

 

വെള്ളപ്പൊക്കത്തിൽ അവയെല്ലാം

ഒഴുകിപ്പോയാലുമവൾ കരയില്ല.

പടയോട്ടത്തിൽ കൊല്ലപ്പെട്ട

സൈന്യാധിപന്റെ ഭാര്യയാണല്ലോ അവൾ

ഏതോ പട്ടാള സിനിമയിലെ

നായികയെപ്പോലെ.

മണ്ണ് അതിന്റെ ഉരവും

വെയിൽ തീക്ഷണതയും

മഴ സംയമനവും അവൾക്ക്

പകർന്നു കാണുo.

 

അവൾ ഇഞ്ചിപുല്ലുകൾക്കിടയിൽ

വളർന്നവളാണ്.

അവളുടെ നിശ്ചയങ്ങൾ

കല്ലിന്റെ ദൃഢതയിൽ മൂർച്ചയിൽ

ഉരുത്തിരിഞ്ഞു വരുന്നു.

കാരണം

ഭൂമിയിൽ പൊന്നു വിളയിക്കുകയും

അവയെ വരുതിയിൽ നിർത്തുകയും

മണ്ണിനെ പുഷ്പിണിയാക്കുകയും ചെയ്ത

തന്ത്രശാലിയായ ശില്പിയാണവൾ,

കൃഷിക്കാരി.

 

കരിമ്പു കടിച്ച് ജലാശയത്തിനു

കരയിലിരുന്നവൾ 

പണ്ടെങ്ങോ ആവേശിച്ച

 ഏകാകിതയെന്നു മനോഹരമായ

 പേരുള്ളവൾക്കൊപ്പമുള്ള ധ്യാനം

എളുപ്പം വെടിയുന്നു.

അവൾക്ക് തിരക്കുണ്ട്.

ഇപ്പോഴവൾ കൂടുതൽ സുന്ദരിയും

തിരക്കുള്ളവളും 

ധനാഢ്യയും ഉത്സാഹിയുമായ

കരിമ്പു കൃഷിക്കാരിയാണ്.

അവൾ മണ്ണിന്റെ വിസ്താരം

 വർദ്ധിപ്പിക്കുന്നു.

അവൾ അവളുടെ രാജ്യത്തെ

ചക്രവർത്തിനിയാണ്,

ഭിക്ഷുകിയും.

 

മുതിർന്നവളായിരുന്നിട്ട് കൂടി

പടയോട്ടത്തിൽ കൊല്ലപ്പെട്ട

സൈന്യാധിപന്റെ ഭാര്യയായിരുന്നിട്ട് കൂടി

ഒറ്റയ്ക്ക് താമസിക്കുന്നവളായിരുന്നിട്ട് കൂടി

അവൾ മലഞ്ചരുവിൽ ഉടുത്തൊരുങ്ങി 

രാത്രികളിൽ മാനുകൾക്കും 

 കരിമ്പുലികൾക്കും

 സിംഹക്കൂട്ടങ്ങൾക്കുമൊപ്പം 

പുൽമേടുകൾക്കിടയിലൂടെ

മേഞ്ഞു നടക്കുന്നു.

ഒരു വനത്തെ മുഴുവൻ 

അയവിറക്കി തുള്ളിച്ചാടിക്കൊണ്ട് പലനാടുകൾ താണ്ടുന്നു.

 

ഇരുട്ടാവുമ്പോൾ 

*എഡ്ഗാർ റൈസ് ബറോസിന്റെ

പേനക്കുള്ളിലെ ഒരിക്കലും വറ്റാത്ത

സ്രാവുകളും മുതലകളും

തിമിംഗലങ്ങളും വിരാജിക്കുന്ന 

 മഷിക്കുളത്തിൽ കുളിക്കാൻ പോകുന്നു.

ഞാനവളെ 'ടാർസൻ' എന്ന് വിളിക്കും.





പി. വി സൂര്യഗായത്രി
ചിത്രമഠം കുന്നുമ്മൽ
മുഴക്കുന്ന് പി ഒ
കണ്ണൂർ
പിൻ 670673
ഫോൺ 9946529529..

 


Previous Post Next Post