Poems of Muneer Agragami

 

Poems of Muneer Agragami


മുനീർ അഗ്രഗാമിയുടെ കവിതകൾ






ഒട്ടകത്തിന്റെ കരച്ചിൽ

 

എൻറെ മറവികളിൽ എവിടെയോ

മല തുരന്ന്

വീടുണ്ടാക്കിയ 

ഒരു അപ്പൂപ്പൻ ഉണ്ട്

 

പ്രാകൃതമായ പൊടിക്കാറ്റിനോട്

യുദ്ധം ചെയ്ത്

അദ്ദേഹം 

തന്നെമൂടിയ മണൽത്തരികൾ  കുടഞ്ഞെറിയുന്നു

 

ജീവിതത്തിൽ കണ്ട മൂന്നു മഴയുമെടുത്ത് 

ഓരോ ദിവസവും അദ്ദേഹം 

അതിൻറെ കുളിരു നോക്കും

ജീവിതം കാണും

 

എൻറെ ഓർമ്മകളുടെ ശീതീകരിച്ച മുറികളിലൊന്നും

അങ്ങനെ ഒരാളില്ല

അദ്ദേഹത്തിൻറെ നടത്തമോ

മഴത്തുള്ളികളോ

ദൂരേക്ക് തട്ടിത്തെറിപ്പിച്ച

മണൽതരികളോ ഇല്ല

 

ദൂരെയെവിടെനിന്നോ 

ഒരു ഒട്ടകം കരയുന്നുണ്ട്.

 

അതിൻറെ കരച്ചിൽ എടുത്തു വെക്കാൻ

ഈ ഓഫീസിൽ ഒരിടവും ഇല്ല

 

എൻറെ വസതിയിൽ നിന്ന് 

അതിനെ തിരഞ്ഞു പോകുവാനും സാധ്യമല്ല

 

എൻറെ മറവിയിൽ നിന്ന്

ഒരു നീരുറവ ഓർമ്മകളിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്

ഓർമ്മകളിൽ നിന്നും

ഒട്ടകത്തിന്റെ നാവിലേക്കും

അത് ഒഴുകേണ്ടതുണ്ട് 

 

എന്നെയും കൊണ്ട് 

മായാജാലത്തിൻറെ നഗരത്തിൽനിന്നും

അതിജീവനത്തിന്റെ ഭൂമിയിലേക്ക്

അത് ഒഴുകേണ്ടതുണ്ട്.



 

എന്നിട്ട്

സമാധാനത്തിന്റെ ഒട്ടകപ്പുറത്ത്

എനിക്കിന്ന് അപ്പൂപ്പൻറെ 

മരുഭൂമിയിലൂടെ സവാരി ചെയ്യണം.


ഇറങ്ങിപ്പോയ  വാക്കുകൾ

 

 

ഇറങ്ങിപ്പോയ എല്ലാ വാക്കുകളും

ഒരിക്കൽ തിരിച്ചു വരുമെന്ന തോന്നലിൽ

അൽപ നേരമിരുന്നു

മക്കളെ കാത്തിരിക്കുന്ന

വൃദ്ധമാതാവിനെപ്പോൽ

നിറഞ്ഞുവോ കൺതടം ?

വിറച്ചുവോ വിരലുകൾ ?

വരുമോരോ വാക്കും

വന്നടുത്തിരിക്കും

നെറ്റിയിൽ തൊട്ടു നോക്കും

നീ മൊഴിഞ്ഞവ,

സ്പർശിച്ചവ

തീർച്ചയായുമെന്നെ ചേർത്തു പിടിക്കും

ചുംബിക്കും

വീഴുമ്പോൾ താങ്ങി നിർത്തും

കൈ പിടിച്ച് നടത്തും.

തിരിച്ചെത്തുമോരോ വാക്കും;

വാക്കിന്നർത്ഥവും.

 

ഒറ്റയാവാതെ കാക്കുവാൻ

ഒപ്പമിരുന്നു

ജീവിതത്തിന്നു

നിറം കൊടുക്കുവാൻ!

 

മഞ്ഞ

 

വാൻഗോഗ്,

മഞ്ഞ നീലയോട് എന്തു ചെയ്യുന്നു എന്ന്

എനിക്കിപ്പോൾ കൂടുതൽ

വ്യക്തമാകുന്നു

 

രാത്രിയിലെ ആകാശം

എൻറെ ഏകാന്തതയോട്

അതേ കാര്യം ചെയ്യുമ്പോൾ

 

നക്ഷത്രങ്ങൾ

മഞ്ഞപ്പൂമ്പാറ്റയായ്

എന്റെ പ്രണയത്തിന്റെ കൺനീലിമയിൽ

ഭ്രമണം ചെയ്യുന്നു

 

ജീവിതത്തിന്റെ ജ്വാലകൾ

നിന്നെ പൊള്ളിച്ചതത്രയും

വരയ്ക്കുമ്പോൾ

അവ സൂര്യകാന്തികളായ് വിടരുന്നു

 

നിറഞ്ഞുതൂവുന്ന മഞ്ഞ

ഫ്ലവർവെയ്സിൽ നിന്നും

എന്നിലേക്ക് പറക്കുന്നു

 

ജ്വാലകളോ ശലഭങ്ങളോ എന്ന്

തിരിച്ചറിയാനാവാതെ ഞാൻ

എന്റെ ഇതളുകല്ലേ അവയെന്ന്

കൗതുകത്തോടെ നോക്കി നിൽക്കുന്നു

 

നീലയ്ക്ക് മഞ്ഞയോടോ

മഞ്ഞയ്ക്ക് നീലയോടോ

കൂടുതൽ സ്നേഹമെന്ന്

എന്റെ രാത്രി

നിന്റെ രാത്രിയോട് ചോദിക്കുന്നു

 

മഞ്ഞയിൽ വരച്ച മഞ്ഞപ്പൂവ്

നീലയിൽ വരച്ച മഞ്ഞപ്പൂവിനോട്

പറഞ്ഞത്

ഞാനിപ്പോൾ കേൾക്കുന്നു.

 

കാഴ്ച കേൾവിയായ് ത്തീരുന്ന

ഭ്രാന്തമായ ഒരു നിമിഷത്തിൽ

ഏകാന്തതയുടെ ധ്യാനത്തിൽ

ഞാൻ രാത്രിയാവുന്നു

 

നക്ഷത്രങ്ങൾ എന്നിൽ

സൂഫീ നൃത്തം ചെയ്യുന്നു

മഞ്ഞയുടെ  പ്രഭാവലയത്തിൽ

നീ തെളിയുന്നു

 

നിന്റെ കയ്യിൽ ഒരു ബ്രഷുണ്ട്

ഞാനതുവാങ്ങി 

പ്രഭാതത്തെ വരയ്ക്കുന്നു

അതിൽ

നിന്റെ സൂര്യകാന്തി വിടരുന്നു.

ഇതളുകളിൽ

ഓർമ്മയുടെ മഞ്ഞ ജ്വാലകൾ

ആളുന്നു.


 


Previous Post Next Post