Poems of Sunitha Kalyani

Poems of Sunitha Kalyani


സുനിത കല്യാണിയുടെ കവിതകൾ






ഏക ഭാവം / പൂച്ച ഭാവം

 

 

എനിയ്ക്കൊരു പൂച്ചയുണ്ടായിരുന്നു !

മഞ്ഞപ്പഞ്ഞിക്കെട്ടുപോലൊന്ന്.

പാദത്തിനടിയിൽ കറുത്തമറുക്

നിത്യം നക്കി വൃത്തിയാക്കുന്നവൾ .

മറ്റു പൂച്ചകളെപ്പോലയേയല്ല,

മടിയിലിരുന്നുറങ്ങാനൊക്കെ

വലിയ മടിയുള്ളവൾ .

വേണമെങ്കിലെന്നെ

വളർത്തിക്കോളൂയെന്നമട്ട്.

 

എനിക്കൊരു പൂച്ചയുണ്ടായിരുന്നു !

കിടക്കയിലെന്റെ വലതു വശത്ത്

ഒരു കുറുകൽകൊണ്ടുപോലുമെന്നെ ഉണർത്താതെ;

മതിലോരംചേർന്ന് ഉറങ്ങുന്നവൾ .

മറ്റു പൂച്ചകളേപോലയേയല്ല,

പൂച്ച കണ്ണടച്ച് പാലുകുടിക്കുമെന്ന

ചൊല്ലുകേട്ട് ഞാൻ വെച്ച

പാൽ കിണ്ണത്തേയപ്പാടെ

അവഗണിച്ച് ക്യാറ്റ് വോക്ക് നടത്തിയവൾ .

 

എനിക്കൊരു പൂച്ചയുണ്ടായിരുന്നു !

തിളങ്ങുന്ന രോമത്തെ നക്കിത്തോർത്തി,

മതിലിൽ കുത്തിച്ചാരിയിരിക്കുന്നോൾ.

കഴിഞ്ഞ ജന്മത്തിലെന്നെ ഭരിച്ചയാരോയെന്ന പോലെ

തുറിച്ചുനോക്കി പേടിപ്പിക്കുന്നോൾ.

മറ്റു പൂച്ചകളേപോലയേയല്ല,

മ്യാവൂ എന്ന് വിളിച്ച് കാലിലുരുമാത്തതെന്ത്ന്ന ചോദ്യത്തിന്

അമ്മായെന്ന് വിളിച്ച് മറുപടി തന്നോൾ.

 

എനിക്കൊരു പൂച്ചയുണ്ടായിരുന്നു !

പുന്നാരിപ്പിക്കാൻ ചെല്ലുമ്പോളൊക്കെ

പോ പെണ്ണുമ്പിള്ളേയെന്നെന്നെ

പുച്ഛിച്ചു പോവുന്നവൾ .

ഈ നശിച്ച ലോകവും അതിന്റെ കാഴ്ചകളും വേണ്ടയെന്ന് ,

മുഖമാകെ കൈ കൊണ്ട് മൂടി കിടന്നുറങ്ങുന്നവൾ .

പോകപ്പോകെ ഞാനാണവൾടെ

പൂച്ചയെന്ന് എന്നെ തോന്നിപ്പിച്ചവൾ .

 

എനിക്കൊരു പൂച്ചയുണ്ടായിരുന്നു !

അതേ ; എനിക്കൊരു പൂച്ചയുണ്ടായിരുന്നു

അവളെയിപ്പോൾ കാണ്മാനില്ല.

ഞാനിവിടെ ഭിത്തിയിൽ ചാരിയിരുന്ന്

എന്റെ കൈകാലുകൾ

നക്കി തോർത്തി മിനുക്കുന്നു.

 


കൊതിച്ചി

 

 

പോകുന്നിടത്തേം

വരുന്നിടത്തേം

വീടുകളെ നോക്കി

കൊതിപിടിക്കുന്നൊരുത്തി.

 

ന്റെ വീട് ... ന്റെ വീട്ന്ന്,

ഞാൻ കെട്ടുമായിരുന്ന

കോവയ്ക്ക പന്തൽന്ന്,

തക്കാളിത്തൈയെന്ന്,

പത്തുമണിച്ചെടിയെന്ന്,

 

കിണറ്റു വക്കത്തെ

തെങ്ങിലേക്ക്

പടർത്തിവിട്ട

നല്ലെരിയൻ കുരുമുളകെന്ന്

തന്നിഷ്ടം വള്ളി വീശിയ

പാവൽന്ന്,

കിളികളെന്ന്,

അണ്ണാറക്കണ്ണനെന്ന്,

 

 

 

 

വടക്കുവശത്ത് ഞാൻ

വെച്ച കോഴിക്കൂട്ന്ന്,

ശ്ശോ! ശ്ശോ!

പോ കോഴി ...

പോയ് കൂട്ടിൽ കേറ് കോഴീന്ന്,

 

അങ്ങനങ്ങനെ

നോക്കി നോക്കി

കൊതിപിടിക്കുന്നോരുത്തി,

സ്വപ്നങ്ങളിലാ വീടിനെ

ഉപ്പിലിട്ട് വെച്ച്

ഓർത്തോർത്ത്

നാവ് നുണയുന്നൊരുത്തി.



അമ്മ അഥവാ സകല വിശുദ്ധരോടുമുള്ള ലുത്തിനിയ!

 

മഴക്കാറ് മാനത്തുകാണും മുന്നേ

മാതാവേ ...  ഇത്തിരി വെയില് തായോ

മുഷിഞ്ഞ തുണി എമ്പാടും കുമിഞ്ഞെന്ന് ,

ഞാനൊന്നലക്കി വിരിക്കട്ടെന്ന് .

 

ദാ ! പറയും മുന്നേ

മാതാവ് ഒരു കയില് വെയിലെടുത്ത്

വീക്കി.

കണ്ടോടി ... കണ്ടോടി -ന്ന്

അമ്മയുടെ നെഗളിപ്പ്.

 

സമാധാനക്കേടിന്റെ

കൂടുതല് കൊണ്ട്

എരിപൊരി സംഭ്രമമമ്മേന്ന് ഏങ്ങുമ്പോ

കണ്ണ് രണ്ടും മോളിലേക്കെറിഞ്ഞ്

ന്റെ പുണ്യാളാ!

ന്റെ കുഞ്ഞിന് തുണയായിരിക്കോ ന്ന്

എടപ്പള്ളി പുണ്യാളന്റെ

കിണറ്റും വെള്ളമെടുത്ത്

തലതടവി കരാറാക്കും.

 

ഒന്ന് മയങ്ങി വരുമ്പോ

അടുത്ത് വന്ന്

കണ്ടാ കണ്ടാ എനിക്കറിയാം

ഞാം പറഞ്ഞാ ന്റെ

പുണ്യാളൻ കേക്കുംന്ന്

തലകുലുക്കും.

 

കാലത്ത് മുതൽ അടുക്കള ചതുരത്തിൽ

നെട്ടോട്ടമോടുന്നതിനിടയിൽ

കടകം മറിഞ്ഞൊരു വിളിയുണ്ട് ,

യേശുവേ ന്റെ കഞ്ഞിക്കലംന്ന്.

 

സമയം തെറ്റിയ വാർപ്പിൽ

ഇനി കുറച്ച് ശർക്കര കലക്കിക്കോമ്മാന്ന്

ഞങ്ങടെ എരികേറ്റലിന്

" ഒന്നു പോടീ അവിടുന്ന് "

അങ്ങനൊന്നുമെന്റെ തമ്പുരാൻ

എന്നെ കൈ വിടത്തില്ലന്ന്

ഒര് ഒന്നൊന്നര നെഗളിപ്പാ.

 

പൊരുതി തളർന്ന ജീവിതത്തിന്റെ

ബാക്കിപത്രമായ കൊളുത്തിപ്പിടിക്കലുകൾ

ചങ്കിനുള്ളിലിരുന്നു നഖമമർത്തുമ്പോൾ

ഒന്നും മിണ്ടാതെ പോയിരുന്നു

ജപമാല ചൊല്ലി തീർക്കുമ്പോ

" മാതാവേ ന്റെ കൊച്ചിന്റേൽ കായില്ലാത്തതാ

എന്നതേലും വരുത്തിയാണ്ടല്ലോ

തിരി ഞാൻ കത്തിക്കില്ല " ന്നൊരു ഭീഷണിയെ

മരുന്നാക്കും .

 

ശരിക്കിനും ഇവരൊക്കെ കൂടാ

അമ്മയ്ക്ക് വളം വച്ച് കൊടുക്കുന്നേന്നാ

എന്റൊരിത് .



Previous Post Next Post