Poems of Vijisha Vijayan


Poems of Vijisha Vijayan


വിജിഷ വിജയന്റെ കവിതകൾ





കവിതയും പച്ചയും

 

പച്ചഞരമ്പുകളുള്ള

ലോകം കാണാനെന്തു

ഭംഗിയാണെന്നതിൽപ്പരം

ചന്തമുള്ള

വരിയേതെഴുതാനാണ്?

 

ഫോൺ ബെല്ലടിച്ചു.

തലതെറിച്ച നാലാമനാണ്.

കിഴക്കേപ്പുറത്തെ

വരിക്കപ്ലാവിന്റെ

കഴുത്തറുത്തവൻ.

'മോനേ'

എന്നവനെ നീട്ടി വിളിച്ചു.

 

കൊച്ചുമക്കൾ

മരങ്ങളുടെ

പേരറിയാൻ

വിളിച്ചതാണ്.

'കൂവളം, അശോകം, ഞാവൽ, ചെമ്പകം, വേപ്പ്, വാക '

പട്ടിക നീണ്ടപ്പോൾ

'മതി മുത്തച്ഛാ'

എന്നൊരു ശബ്ദം.

എനിക്കാണേൽ

പറഞ്ഞു മതിയായില്ല.

പടിഞ്ഞാറേതിലെ

നാൽപാമരക്കാട് കണ്ടവർ

വണക്കം പറഞ്ഞു.

 

ഒന്നാമത്തവളോടൊരു

പേര നടാൻ പറഞ്ഞതിന്

കൈവെള്ളയിൽ

ചേറണിയാൻ പണിപ്പെട്ട്

ആരോ നട്ട

പതിനെട്ടാംപട്ടയോട്

ചേർന്നു നിന്ന

സെൽഫിയവൾ

പോസ്റ്റിട്ടു.

 

രണ്ടാമത്തവന്റെ

മക്കൾ ഫ്ലാറ്റിന്റെ

പതിനഞ്ചാംനിലയിൽ നിന്ന്

പ്രകാശസംശ്ലേഷണം

പഠിക്കുന്നു.

വടക്കേതൊടിയിലെ

ആൽമരം കാണാൻ

വീഡിയോ വിളിക്കുന്നു.

 

ജീവവായുവില്ലാതെ

ആളുകൾ മരിക്കുന്ന

സ്‌ഥിതിവിവരങ്ങൾ

നിരത്തുന്നു.

'സംശ്ലേഷണം നന്നായി പഠിക്ക് '

ഞാൻ കളി പറഞ്ഞു.

 

ചന്ദനക്കാവുകൾ

വെട്ടി വിറ്റ അരുമമോനാണ്

പിന്നെ വിളിച്ചത്.

'വീടിനുള്ളിൽ പൂളുണ്ട് മുത്തച്ഛാ'

കൊച്ചുമോൾ കൊഞ്ചിപ്പറഞ്ഞു.

നാട്ടുകുളങ്ങളിലെ

മീനോട്ടങ്ങളും

തോട്ടുവരമ്പിലെ

ആമ്പൽപ്പൂക്കളും

പറഞ്ഞവരെ

മോഹിപ്പിച്ചില്ല.

 

തെക്കേപ്പറമ്പിലേക്ക്

ഒപ്പം കിടക്കാൻ

കരുതിവെച്ച

തേൻമാവിന്റെ

കടക്കൽ

മഴു വെച്ചവനോട് മാത്രം

കണ്ണുരുട്ടി.

 

അവന്റെ മകന് സംശയം

'പ്രകൃതിക്ക് എന്ത് നിറമാ മുത്തശ്ശോ?'

 

'കറുപ്പ്,

കറുത്ത രാത്രി,

കരുത്ത പകൽ,

കരിമ്പടം പുതച്ച ഭൂമി

കറുപ്പിനേഴഴക്.

മകൻ വെളുക്കെ ചിരിച്ചു.

 

നട്ടും നനച്ചും

നെഞ്ചിലെ കരുതലും

അടക്കിപ്പിടിച്ച

വിങ്ങലിൽ തീർത്തു.

 

ഏകാന്തത

ഹരം പിടിപ്പിക്കുന്നു.

മഴ നനച്ചു.

മഞ്ഞു പുതപ്പിച്ചു.

മേൽക്കൂര കാറ്റിലാടി.

 

ക്ഷയിച്ച

പച്ചഞരമ്പുകളിലൂടെ

ലോകം

തെളിയുന്നുണ്ട്..

എഴുതിയതെല്ലാം

വെട്ടി താളുകൾക്ക്

സാക്ഷയിട്ടു.

വീണ്ടെടുക്കാനാവാത്തതാണെല്ലാം

 

 

 

മാലാഖ

 

അയാൾക്കവളെ

ജീവനായിരുന്നു.

തന്റേത് മാത്രമെന്ന്

പറയിക്കാൻ

നെറുകിലെന്നും

സിന്ദൂരച്ചോപ്പ്

തുന്നിക്കൊടുക്കും.

 

കണ്ടു കണ്ണുവെക്കാതിരിക്കാൻ

വഴിയരികുകളിൽ

അവനാദ്യം

മുള്ളുവേലി കെട്ടി.

അതിരുകൾ

പ്രതിരോധങ്ങളാം വിധം

പിഴുത്തെറിഞ്ഞു

പിന്നെ കമ്പിവേലിയും.

 

അയൽക്കാരനോട്

സംസാരിച്ചതിനാൽ

കമ്പി കല്ലാവാൻ

ഒട്ടും താമസിച്ചില്ല.

സൈറാത്ത

ജോലിക്ക് പോണത്

നോക്കിക്കൊതിച്ചപ്പോൾ

ആലിംഗനം പുതപ്പിച്ചു.

 

തട്ടുമ്പുറത്തെ മോഷണക്കുറ്റം

ചാർത്തിയ ചാക്കുപ്പൂച്ചയെ

ഒമനിച്ചതിനു 

ഇന്നലെയതിനെ

കുഴിച്ചിടാനുള്ള

യോഗവും

അവൾക്കായിരുന്നു.

 

വയലറ്റ് സാരിയിലെ

ഇളംമഞ്ഞപ്പൂക്കളോട്

ഓട്ടോക്കാരൻ

കിന്നാരം പറഞ്ഞതിനാൽ

ഒരു തീപ്പെട്ടിക്കൊള്ളിയിൽ

അഞ്ചുമീറ്റർ നിന്നു കത്തി.

 

പാൽക്കാരൻ നാണുപ്പാപ്പന്

ചിരി കൊടുത്തതിനു

ഒരു മാസത്തെ പാൽക്കാശ്

മുഴുവൻ കൊടുത്തു

പാലും വറ്റി.

 

വിടവുകളിൽ

ചുരുട്ടിവെച്ച കടലാസുകൾ

ബെഡ്ഷീറ്റിലെ

ചുളിച്ചിലിന്റെ

എണ്ണമെടുക്കലുകൾ.

 

ജീവിതത്തിൽ

വെളിച്ചം മാത്രം

വിതച്ച് അയാളവളെ

നിറഞ്ഞു സ്നേഹിച്ചു.

കടവാവലുകളെപ്പോലെ

അവൾക്ക് ചുറ്റും പറന്നു.

 

വീടെന്നുമൊരു

സ്വർഗമാക്കി.

അവൾ

മാലാഖയും.

 

എന്നിട്ടും

മുക്കല്ലുകൂട്ടി

വേവാനിട്ട

നാവൂരിച്ചോറിൽ

അല്പം വിഷം ചേർത്ത്

അവൾ മാത്രം കഴിച്ചു

 

 

 

 

മത്സരത്തിൽ നന്മ വരച്ച് തോറ്റുപോയ കുട്ടി..

 

'നന്മമനുഷ്യൻ'

മത്സരവിഷയം!

പതിനായിരത്തൊന്നു രൂപയും 

പ്രശസ്തിപത്രവും മോഹിച്ച്

കുട്ടി പെൻസിലെടുത്ത്

മുഖം വരച്ചു തുടങ്ങി.

 

എത്ര വരച്ചാലും ചിത്രത്തിന്

ശത്രുതയുടെ തീച്ചൂട്,

കണ്ണിൽ എന്നോചെയ്ത

പാപക്കറ അപ്പടിതിളങ്ങുന്നു.

തെറ്റുകൾ മാന്തിക്കോറിയ 

നെറ്റിയിലെ ചുളിവുകളിൽ

മഷി കോരിയിട്ട് മടുക്കുന്നു.

വെളുത്ത നീണ്ടമൂക്കിന്റെ

അറ്റത്തെ കാക്കപ്പുള്ളി

ശൃഗാലനെ ഓർമിപ്പിക്കുന്നു.

തക്കം പാർത്തൊരു സൂത്രശാലി

നോക്കിയിരിപ്പുണ്ടെന്ന് ദ്വയാർഥം!

 

ചുണ്ടുകളിൽ കാമക്കളങ്കം,

നാവിൽ വികടസരസ്വതി.

പുരികക്കൊടി ഉയർത്തുമ്പോൾ

ഏതോ പ്രാകൃതരൂപം,

ഏതൊരാളും മോഹിക്കുന്ന

നെഞ്ച്, വിരൽപായിക്കാനവിടെ

നിറയെ രോമങ്ങൾ.

ഇടയിലൊക്കെയും കുറ്റങ്ങൾ ചെയ്തതിന്റെ

തിണർപ്പുകൾ..

അവയവങ്ങളെല്ലാം

വരച്ചു കഴിഞ്ഞും

എവിടെയാണെന്ന

ബോധ്യമില്ലാത്തതിനാൽ

മനസ് മാത്രം വരക്കാനായില്ല.

 

അംഗവൈകല്യം ബാധിച്ച

ചിത്രത്തിലെ പാകപ്പിഴകൾ

ഓരോന്നും തെളിഞ്ഞു തുടങ്ങി.

മാറ്റി വരഞ്ഞിട്ടും

മാറ്റങ്ങളൊന്നും വന്നില്ല.

 

മനുഷ്യർക്കൊക്കെയും

ഇപ്പോൾ

പാപിയുടെ

മുഖഛായയായതിനാൽ

കുട്ടി തോറ്റു പോയി

മത്സരം അസാധുവായി!

 

 

 

 



Previous Post Next Post