Poems of Krishnakumar Mapranam
കൃഷ്ണകുമാർ മാപ്രാണത്തിന്റെ കവിതകൾ
നേരെത്ര ?
ചരിത്രം
തെരയുമ്പോൾ
കൊത്തിവച്ച
ശിലാലിഖിതങ്ങളിൽ
നേരെത്ര ?
ആരോ
പണിതീർത്ത
മഹനീയ
ഗോപുരങ്ങളിൽ
കൊത്തുശിൽപ്പങ്ങളിൽ
തൻ പേരു
ചേർത്തുവച്ച
ശിലാശാസനങ്ങളിൽ
നേരെത്ര ?
പഠിച്ചുവച്ച
ചരിത്ര
പുസ്തകങ്ങളിൽ
നേരെത്ര ?
പഴയശിലാലിഖിതങ്ങൾ
കാലമേറുമ്പോൾ
പഴംപുരാണമായി
മാറുന്നു
ചരിത്രത്തിൽ
രേഖപ്പെടുത്താത്തവ
കണ്ടെടുക്കുന്നു
പുതിയ
ശിലാലിഖിതങ്ങൾ
കൊത്തിവയ്ക്കപ്പെടുന്നു
ചരിത്ര
പുസ്തകം
പഠിച്ചതൊക്കെയും
വൃഥാ
തെരയുന്നു….
സത്യമേത് ?
ചരിത്രങ്ങളിൽ
നേരെത്ര?
മൗനത്തിൻ്റെ
നാനാർത്ഥങ്ങൾ
മൗനത്തിന്
ഒരുപാട്
അര്‍ത്ഥതലങ്ങളുണ്ടെന്ന്
നീ
കുറിച്ചിട്ടപ്പോൾ അറിഞ്ഞതേയില്ല
ഇപ്പോൾ പലതും
അറിയുന്നു
കൊടുങ്കാറ്റിനു
മുന്‍പുള്ള
നിശബ്ദതപോലും
മൗനമാണെന്നും
പ്രതികാരത്തിന്‍റേയും
പ്രതിഷേധത്തിന്‍റേയും
വൈരാഗ്യത്തിന്‍റേയും
വിഷാദത്തിന്‍റേയും
അവഗണനയുടേയും
ഒരു രൂപം
മൗനമാണെന്നും
ചോദ്യങ്ങള്‍ക്ക്
ഉത്തരമില്ലാതെ
പതറുമ്പോഴും
അജ്ഞതഒരാവരണമായി
വന്നുമൂടുമ്പോഴും
ഒരുസമ്മതത്തിന്
കാതോര്‍ത്തു
നില്‍ക്കുമ്പോഴും
ചിന്തകളുടെ
നേര്‍ത്ത
വലകളിലൂടെയൂര്‍ന്നിറങ്ങുമ്പോഴും
വേദനയുടെയും
മുറിവിന്‍റേയും
ആഴങ്ങളില്‍
സഞ്ചരിക്കുമ്പോഴും
അറിയുന്നു
മൗനത്തിന്‍റെ
അനേകം
അര്‍ത്ഥങ്ങള്‍
എന്തൊരു
ഒച്ചയും
അനക്കവുമുള്ള
വീടായിരുന്നു അത്
അങ്ങിനെയൊരുനാള്‍
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു
കാണാതാവും
രാവും പകലും
ഒച്ചവച്ച
ഇടങ്ങളിലെല്ലാം
മൂകത പരക്കും
പൊടുന്നനെയുണ്ടായ
അനക്കമില്ലായ്മ
എല്ലാവരും
തിരിച്ചറിയും
ഒരു ഒച്ച
പെട്ടെന്നങ്ങു
നിലച്ചു
പോകുമ്പോഴാണല്ലോ
നിശബ്ദതയുടെ
ആഴമറിയുന്നത്
ഒരു കുട്ടി
അച്ഛനിപ്പോളെത്തുമെന്നോർത്ത്
പടിക്കലേയ്ക്കും
നോക്കി
എത്രനേരം
ഇരുന്നിട്ടുണ്ടാവും
അച്ഛനില്ലാത്ത
പിന്നീടുള്ള
എത്ര
രാപകലുകളിൽ
ദുഃസ്വപ്നങ്ങളാൽ
കരഞ്ഞിട്ടുണ്ടാവും
അത്താഴത്തിനു
രണ്ടാമതൊന്നുണ്ടാക്കാന്‍
ഒന്നുമില്ലെന്നറിഞ്ഞ്
ദേഷ്യത്താൽ
മുരണ്ട്
സഞ്ചിയും
തൂക്കി പോയപ്പോൾ
എപ്പോഴും
ഒച്ചയും വഴക്കുമെന്ന്
മനസ്സിൽ
ചീത്ത വിളിച്ച
അകത്തുള്ളവള്‍
നേരമെത്രയായിട്ടും
കാണാതാകുമ്പോൾ
ഉള്ളുപിടഞ്ഞ്
ഉമ്മറതിണ്ണയിലെത്ര
നേരം
ഇരുന്നിട്ടുണ്ടാവും
അടക്കിപിടിച്ച
ഒരു വിതുമ്പൽ
എത്ര വേഗം
നിലവിളിയായി
മാറുന്നുണ്ടാവും
ഇന്നൊന്നും
അങ്ങേവീട്ടിൽ
ഒരു
ഒച്ചയുമില്ലല്ലോ
എന്ന് കാതോര്‍ത്ത്
അയല്‍ക്കാര്‍
തമ്മില്‍ അപ്പോഴും
കുശുകുശുക്കുന്നുണ്ടാവും
അത്ര നേരം
വരെ വേലിയ്ക്കലും വഴിയിലും നിന്നവരെ
ആ കരച്ചിൽ
വീട്ടിലെത്തിയ്ക്കുന്നുണ്ടാവും
ചിലരുടെ
ആർത്തിപിടിച്ച നോട്ടങ്ങൾ
അവിടെചുറ്റിത്തിരിയുന്നുണ്ടാവും
ചിലരുടെ
രഹസ്യ വർത്തമാനങ്ങളിൽ
കുറ്റപ്പെടുത്തലുകളുടെ
ആണികൾ തറച്ചു കേറുന്നുണ്ടാവും
പലപല സന്ദര്‍ഭങ്ങളില്‍
ഓരോയിടങ്ങളിലും
ഉണ്ടാക്കിയെടുത്ത
ഒരു ഒച്ച
വേഗം തന്നെ
അമര്‍ന്നു പോയത്
നന്നായെന്ന്
പലയാളുകളുടേയും
അസൂയപൂണ്ട
അടക്കം പറച്ചിലുകള്‍
അവിടവിടെയൊക്കെ
കേള്‍ക്കുന്നുണ്ടാവും
അങ്ങിനെയൊരുനാള്‍
നോക്കി
നോക്കിയിരിക്കെ
പെട്ടെന്നങ്ങു
കാണാതാവുമ്പോൾ
വിരലിലെണ്ണാവുന്നവർ
മാത്രം പറയുന്നുണ്ടാകും
വല്ലാത്തൊരു
മൂകത
ഇത്രനാളും
എന്തൊരു
ഒച്ചയും അനക്കവുമുള്ള
വീടായിരുന്നു
അത്
കൃഷ്ണകുമാർ മാപ്രാണം
തൃശ്ശൂർ ജില്ലയിലെ മാപ്രാണത്ത് മാടായിക്കോണം ഗ്രാമത്തിൽ താമസം.
സർക്കാർ സർവ്വീസീൽ സാമൂഹ്യനീതി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ജൂഡീഷ്യറി വകുപ്പിൽ നിന്നും സീനിയർ ക്ളാർക്കായി വിരമിച്ചു.
എഴുത്തുകാരൻ, കവി, കഥാകൃത്ത് സാഹിത്യവിമർശകൻ.
ആനുകാലികങ്ങളിലും സമാന്തര പത്രമാസികകളിലും ഓൺലൈൻ മാസികകളിലുമായി നിരവധി കവിതകളും കഥകളും ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
*മൺസൂൺ ബുക്സ് പ്രസിദ്ധീകരിച്ച ''കഥവിരിയുന്നിടം'' എന്ന കഥാസമാഹാരം എഡിറ്റുചെയ്തു. സെവൻലീഫ് ഡിജിറ്റൽ മാഗസിൻ്റെ എഡിറ്ററാണ്*
വളഞ്ഞരേഖകൾ എന്ന കഥാസമാഹാരത്തിന് ''സർഗ്ഗസ്വരം'' സാഹിത്യ പുരസ്ക്കാരം (2017) ,വാരിയർ സമാജം ജില്ലാതലത്തിൽ ആദരവ് (2018) വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേലമഹോത്സവത്തിൻ്റെ ആദരവ് (2019) ശ്രീമുരുക കലാക്ഷേത്രത്തിൻ്റെ ആദരവ് (2019) നവോത്ഥാന സംസ്കൃതിയുടെ കവിതാപുരസ്ക്കാരം ,സർഗ സാംസ്കാരിക സമിതിയുടെ മാധവിക്കുട്ടി പുരസ്ക്കാരം(2021)
( കാവ്യശിഖയുടെ ആദരവ് (2022) ഒച്ച മാസികയുടെ ആദരവ്(2022) എന്നിവ ലഭിച്ചിട്ടുണ്ട്.
'പോത്തിക്കരമ്മ' (ഭക്തിഗാനങ്ങൾ) 'യക്ഷിയമ്മ' (കവിതകൾ) തുടങ്ങിയ ഓഡിയോ സിഡികൾ പുറത്തിറക്കി.
'ഫേയ്റ്റ് ' എന്ന ഷോർട്ട് ഫിലിമിന് തിരക്കഥയും സംഭാഷവും രചിച്ചു.
മരണസങ്കീർത്തനം എന്ന സിനിമയ്ക്ക് ഗാനരചന നിർവഹിച്ചു
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
യാത്രാമൊഴി , മഴനൂല്‍ക്കനവുകള്‍ ,
സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍ , ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍, (കവിതാസമാഹാരങ്ങൾ)
വളഞ്ഞരേഖകള്‍. ,പാതിരാവിൽ ഒരുപ്രണയകാലത്ത് (കഥാസമാഹാരങ്ങൾ)
ഒരില മഴത്തുള്ളിയോട് പറഞ്ഞ 'സ്വ'കാര്യങ്ങൾ (ഓർമ്മക്കുറിപ്പുകൾ)
വിലാസം
ശങ്കരമംഗലം വാരിയം
പി.ഓ.മാടായിക്കോണം
തൃശ്ശൂർ-680712
ഇമെയിൽ.tvkrishnakumar123@
Mob.7025783216