Poems Of Shameena Begam Falak
ഷമീന ബീഗം ഫലകിന്റെ കവിതകൾ
മലകളേ, നിങ്ങളും ദൈവവും തമ്മില്‍ എന്ത്?
വീണ്ടും ചോദിക്കയാണു...
മലകളേ, സത്യമായിട്ടും
നിങ്ങളും ദൈവവും
തമ്മിലെന്ത്?
അപ്പോൾ
അറഫാമല
ആദാമിന്റെയും ഹവ്വയുടെയും
പ്രണയപുസ്തകം തുറന്നു
തന്നു.
ഹിമശൈലം
വറുതിയിലൊരു ഗംഗയെ
പ്രവഹിപ്പിച്ച് തന്നു.
ജൂദീമല
നോഹയുടെ പേടകത്തിൽ നിന്ന്
ഒരരിപ്പിറാവിനെ
പറത്തിത്തന്നു.
സഫയും മർവയും
സംസം കിണർ
തുറന്നു തന്നു.
വീണ്ടും ചോദിക്കയാണു...
മലകളേ, സത്യമായിട്ടും
നിങ്ങളും ദൈവവും
തമ്മിലെന്ത്?
സീനാമല
മോശയുടെ കൈയ്യിലുള്ള
പ്രമാണങ്ങൾ
ചുരുട്ടിത്തന്നു.
പരുന്തുമ്പാറയില്‍
ഒരു ബുദ്ധൻ
ശരണം വിളിച്ചു നിന്നു
പഴനിമലയിലെ
സ്കന്ദനൊരു ജ്ഞാനപ്പഴം
പാതി തിന്നു തന്നു.
ശബരിമലയിൽ
'അത് നീ
തന്നെ' എന്നരയനയ്യൻ
എഴുതിക്കാണിച്ചു തന്നു.
ഗലീലാമല
മിശിഹയുടെ ഗിരിപ്രസംഗം
മുഴുവൻ പറഞ്ഞു തന്നു.
ഹിറാമല
ഇതു നീ 'വായിക്കെന്നു'
കെട്ടിപ്പുണർന്നു നിന്നു.
ദൈവത്തെ പറ്റി ഈ
മലകൾക്കല്ലാതെ...
അഹദോനെ
പറ്റി 'അഹി'ക്കല്ലാതെ
മറ്റാർക്കറിയാൻ!
എന്ന് ഉള്ളം
തെളിഞ്ഞ് നിന്നു .
അപ്പോൾ പിന്നെ ,
മലകളേ,
സത്യത്തിൽ
നിങ്ങളും മനുഷ്യരും
തമ്മിലെന്ത്?
ചോദ്യം നെറുകയിൽ കയറിയതും
രായിരനല്ലൂർ മല
പന്ത്രണ്ട് കഷ്ണങ്ങളായ്
തുമ്മിത്തെറിച്ച് പോയി.
ഒരു കാലിലെ മന്ത്
മറുകാലിലാവുന്നത്
കണ്ടാൽ....
പ്രാന്ത് പിടിച്ച പോലെ
പൊട്ടിച്ചിരിക്കാതെ
പിന്നെന്ത്!
അതിർത്തിയിലെ ബോഗൻവില്ലകൾ
എനിക്കും
ലീനയാന്റിക്കുമിടയിൽ
ഒരതിർത്തിയുണ്ട്
അതിർത്തിയിൽ ഒരു മതിലും.
ഇരുപുറവും ഞങ്ങൾ ബോഗൻ
വില്ലകൾ നട്ടു
നിറയെ മുള്ളുകളുള്ളവ
വെളളയും ചുവപ്പും
നിറമുള്ളവ.
തമ്മിൽ കാണേണ്ട താമസം
മുള്ളുകൾ
മുറുമുറുക്കും
മൂർച്ചകൂട്ടും,
തമ്മിൽ കോർക്കും
ഇലകൾ
വെറുതെ ഇടയും
കലപിലകൂട്ടും
പൂക്കൾ മാത്രം
കണ്ടാൽ പുണരും
പൂമ്പൊടികൈമാറും
ഋതുവേതെന്നു നോക്കാതെ
ഏതു വേനലിലും പൂത്തിറങ്ങും.
ഒരേ ചില്ലയിൽ
വെള്ളയും ചുവപ്പും പൂക്കാൻ
തുടങ്ങും
ഒരേ പൂവിൽ
വെള്ളയും ചുവപ്പും കലരാൻ
തുടങ്ങും.
അതിൽ പിന്നെ മുള്ളുകളെയും
ഇലകളെയും
ഞങ്ങൾ കണ്ടിട്ടില്ല.
ഒരു മതിലുണ്ടായിരുന്നെന്നു
ഞങ്ങൾ
ഓർക്കാറേ ഇല്ല!
രാമാ,
ആദികാവ്യത്തിൽ നീയെന്റെ ...
അല്ല.. ലോകത്തിന്റ് തന്നെ
ആദ്യ കൗതുക വായനയായിരുന്നു.
സ്കൂളിൽ പഠിച്ച
കിളിപ്പാട്ടിൽ
നീയെത്ര മര്യാദാ
രാമനായിരുന്നൂ.
അമർച്ചിത്രകഥയിലെ ആ പഴയ നീ
ഏവർക്കും പ്രിയ തോഴനായിരുന്നൂ.
സീരിയലിൽ വന്നപ്പോഴേക്കും
എല്ലാപേർക്കും നീ നായകനായ് മാറി ക്കഴിഞ്ഞിരുന്നല്ലോ!
എന്നിട്ടും...
ബാബറി മസ്ജിദിൽ
എത്തിയപ്പോൾ ..മാത്രം
എങ്ങനെ
എനിക്ക് നീ
അന്യനായിപ്പോയി?
ഇന്ന് ,ആൾക്കൂട്ടത്തിന്റെ
ആക്രോശങ്ങൾക്ക് നടുവിൽ
നാം മുഖാമുഖം
നിൽക്കുമ്പോൾ..
രാമാ...
നിന്നെ ഞാൻ നന്നായ്
അറിയുന്നു..
ആദികാവ്യത്തിന്റെ
ആദ്യാക്ഷരം
കൊണ്ട് തന്നെ
ആദികവി
'അരുത് '
എന്നാജ്ഞാപിച്ചത്
നിന്നോടായിരുന്നു....
അല്ലേ..രാമാ...!
മാ..രാമാ..
മാ..രാമാ..
പണ്ട്
ഇരട്ടക്കുട്ടികളെയും
ഗർഭത്തിൽ ചുമന്ന്
ക്രൗഞ്ചപ്പക്ഷിയെ പോലെ
കരഞ്ഞ്
കാട്ടിലലഞ ഒരുവളെ കണ്ട ആ
വേടൻ
മാരാമാ മാറാമാ..എന്ന്
ജപിച്ച് ജപിച്ചല്ലെ
ചിതലെടുത്തതും
സഹികെട്ട് കവിയായിപ്പോയതും?
ഷമീന ബീഗം
ഫലക്
തിരുവനന്തപുരം ജില്ലയില്‍
തോന്നയ്ക്കല്‍ താമസിക്കുന്നു.
ആറ്റിങ്ങള്‍ സ്വദേശം. അബുദാബി ആരോഗ്യ വകുപ്പില്‍
ആയിരുന്നു ജോലി ചെയ്തിരുന്നത്.
ആനുകാലികങ്ങളിലും പുസ്തകങ്ങളിലും
കവിത വിവർത്തനം ലേഖനങ്ങള്‍ തുടങ്ങിയവ
പ്രസിദ്ധീകരിച്ചിട്ടുണ്ട്.