Poems Of Ra Prasad



Poems Of Ra Prasad

 

 

രാ പ്രസാദിന്റെ കവിതകൾ




 

 

 

ശേഷം

 

 

 


1

 


കുന്നിൻ ചരിവിൽ വച്ചു പരിചയപ്പെട്ട
മഴയെ ഞാൻ
കടത്തിക്കൊണ്ടു പോന്നു,
ആരുമറിയാതെ.

നേരിയ സംഭ്രമത്തോടെ,
എന്നാൽ അനുസരണയോടെ അത്
കാറിന്റെ ഡിക്കിയിലൊളിച്ചു

ആർത്തു പെയ്തുല്ലസിച്ചും
നൃത്തം ചെയ്തു രസിച്ചും
അപൂർവമായി മാത്രം
ഇരമ്പിപ്പെയ്തും
കൂടുതൽ നേരം കിടന്നുറങ്ങിയും
ജീവിതം തള്ളിനീക്കിയ മഴ
ഇപ്പോളിവിടെ ഒതുങ്ങിയിരിക്കുന്നു
എന്ന ചിന്ത എന്നെ സന്തുഷ്ടനാക്കി
എത്രയോ മികച്ച ഒരൊതുങ്ങൽ.

ഞാൻ വണ്ടി വിട്ടു.
ഹെയർപിൻ വളവുകളിറങ്ങി.
താഴത്തെ
ചെക്ക് പോയിൻറിൽ
ഞങ്ങൾ പിടിക്കപ്പെട്ടു



2

 


ഇന്റെറൊഗേഷൻ റ്റേബിളിന്റെ
ഒരു വശം ഞാനും
മറുവശം പോലീസ് ഓഫീസറും ഇരുന്നു.
മുകളിൽ നിന്നുള്ള വെളിച്ചം
ഞങ്ങൾക്കു മേൽ ചാറി.

"
തട്ടിക്കൊണ്ട് വന്നതല്ല,
സ്വമേധയാ വന്നതാണ് "

ഞാൻ പറഞ്ഞു:

''
മഴ ഒറ്റയ്ക്കായിരുന്നു താമസം.
കുന്നിൻ മുകളിലെ വീട്ടിൽ.
ഞാൻ അവിടെ പോകാറുണ്ട്.
നൃത്തമാടിയും
ഇരമ്പിയും
കലമ്പിയും
ഞങ്ങൾ ഉറ്റവരായിത്തീർന്നിരുന്നു''.

എന്റെ വാക്ക് ആരും വിശ്വസിച്ചില്ല..
കോടതിപോലും.
മഴയ്ക്ക് സംസാരിക്കാനോ
എഴുതാനോ അറിയില്ലായിരുന്നു.

അതിന്റെ ഗോത്രഭാഷ
നമുക്കു മനസിലാക്കാനാവാത്തത്ര
ലളിതവും നശ്വരവുമായിരുന്നു.
മണ്ണിലാഴുന്ന തുള്ളി പോലായിരുന്നു
അതിന്റെ കരച്ചിൽ.
എനിക്കു മാത്രം അത് മനസിലാകുന്നത്.

എന്നെ ജയിലിലേക്കയച്ചു.
മഴയെ റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്കും.




3

 

 


മൂന്ന് വർഷമായിരുന്നു തടവ്.
ഒറ്റമുറിവീട്ടിൽ
ഒറ്റയ്ക്ക് കഴിഞ്ഞ എനിക്ക്
അത് സാരമുള്ളതല്ലായിരുന്നു.
എങ്കിലും മഴയെച്ചൊല്ലിയുള്ള ആധി
എന്നെ തളർത്തി.

ഇറ്റു വെളിച്ചത്തിന്റെ
ആ ദ്വാരത്തിലൂടെയെത്തുന്ന,
ഒരു നുള്ളു തണുപ്പിനെ
ഞാൻ കിനാക്കണ്ടു.

ശംഖിലെ കടലൊച്ച തേടും പോലെ
ഭിത്തിയിൽ ചെവി ചേർത്ത്
മഴയെ കേൾക്കാൻ ശ്രമിച്ചു.
[
ശംഖിലെ കടലിനെ കേൾക്കുന്നത്
മഴയ്ക്ക് ഭയമായിരുന്നു
എന്നു ഞാനോർത്തു ]

തടവുമുറിയിൽ വന്നുപെട്ട പാറ്റയുമായി
ഞാൻ ചങ്ങാത്തത്തിലായി.
മഴയോട് പറയാൻ വച്ച
വാക്കുകളിലൂടെ,
പാറ്റയോടു ഞാൻ
മനസു തുറന്നു.
മാസങ്ങളോളം
എന്റെ രാത്രി പങ്കിട്ട ആ സുഹൃത്ത്
ഇരുന്നൂറു ദിവസങ്ങൾക്കു ശേഷം
മൃതിയടഞ്ഞു.
അന്നാദ്യമായി എനിക്ക് നിയമസംവിധാനങ്ങളോട് പക തോന്നി.
അതിന്റെ മൃതശരീരം
ദ്രവിച്ചു തീരും വരെ
ഞാൻ സൂക്ഷിച്ചു.
ആത്മാവോളം ഏകാന്തനായ ഒരുവന്റെ
ഏക സമ്പാദ്യമായിരുന്നു അത്.

ഫറവോയുടെ  മമ്മിയെപ്പോലെ
അതിനൊരിക്കൽ
ജീവൻ മുളയ്ക്കുമെന്ന്
ഞാൻ വിശ്വസിച്ചു.

ഏറ്റവും മികച്ച സ്വപ്നങ്ങളിൽ
എന്റെ സമീപം വന്നിരിക്കാൻ
സമയം കണ്ടെത്തിയതിന്
അതിനോട് ഞാൻ
കടപ്പെട്ടു.




4

 


ഒരിക്കൽ മഴ എന്നെ കാണാൻ വന്നു.
ഇരുമ്പുവലയ്ക്കപ്പുറം അത് നിന്നു.
ഞങ്ങൾ ഒന്നും ഉരിയാടിയില്ല
മഴ തിരിച്ചു പോയി.
മലയും മഞ്ഞുമിറങ്ങി
മരുഭൂമിയണഞ്ഞവനെപ്പോലെ
ഞാനനാഥനായി.

അന്നെനിക്കു ഭ്രാന്തിളകി.
കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു.
തടയാൻ വന്ന പോലീസുകാരനെ
തൂക്കിയെടുത്ത് തറയിലടിച്ചു.
അവിടം ചോരക്കളമായി.




4

 

 


പിന്നെ കഠിനതടവായിരുന്നു.
കൊടിയ പീഡനങ്ങളായിരുന്നു.
ചോരയിൽ മുങ്ങിയ ഒരു മാംസപിണ്ഡമായി ഞാൻ തൂങ്ങിക്കിടന്നു.
വേദനയുടെ പാരമ്യത്തിൽ പല്ലിളിച്ചു.

വായിൽ നിന്നിറ്റിയ ചോരത്തുള്ളി പയ്യെ കണ്മിഴിച്ച് ചിറകനക്കി.
പിന്നെ പല തുള്ളികളും
അതനുകരിച്ചു.

ഇരുട്ടായപ്പോൾ അവ തിളങ്ങി.
ഡ്രാക്കുളക്കഥയുടെ മിന്നാമിനുങ്ങുകളായി
അവ പുറത്തേക്കു പറന്നു പോയി.

5.
അന്നു രാത്രിയിൽ
ചതഞ്ഞ കാതുകൾ കൂർപ്പിച്ചു ഞാൻ കേട്ടു .
മഴയുടെ ആരവം.

മിന്നൽ പിണറുകൾ
ഒരു നിമിഷത്തേയ്ക്ക് രാത്രിയെ വെള്ളിപൂശി.
ജയിലഴികൾ വിറച്ചു.
പ്രണയപ്രഖ്യാപനത്തിന്റെ നിമിഷം
എല്ലാറ്റിനെയും കടപുഴക്കിക്കൊണ്ട്
കടന്നുവന്നു.

പീരങ്കിയാൽ തുറുങ്കു തകർത്ത്,
കുതിരപ്പുറത്തെത്തുന്ന യോദ്ധാവായി
മഴ കടന്നു വന്നു.

വിറങ്ങലിച്ചു നിൽക്കുന്ന
ചുറ്റുപാടുകളെ വകവയ്ക്കാതെ,
വീരോചിതമായി
അതെന്നെ കോരിയെടുത്ത് മടങ്ങി.
പുറപ്പെടും മുമ്പ് എന്റെ
സുഹൃത്തു കിടന്നിടത്തേയ്ക്ക്
ഞാൻ നോക്കി.
വിട !!




6

 

 


മിന്നാമിനുങ്ങുകളുടെ അകമ്പടിയോടെ
ഞങ്ങൾ യാത്രയാരംഭിച്ചു.
ഇരുട്ടിൽ
ഞങ്ങളുടെ യാത്ര മാത്രം തിളങ്ങി.
വീശുമ്പോൾ മാത്രം തെളിയുന്ന
ചൂട്ടുകറ്റകളായി അത്
രാത്രിയെ വക്രാക്ഷരങ്ങളിലെഴുതി.

രാത്രിയിൽ ഞങ്ങൾ മലകളേറി.
പുലർച്ചയിൽ ചെങ്കുത്തായ ഇറക്കമിറങ്ങി.

പൂക്കളുടെ വിശാല ഭൂമിക,
അരുവികളും വെള്ളച്ചാട്ടങ്ങളും,
പാടുന്ന കിളികൾ
ചെടികൾക്കു പോലും
പാൽ തൂകുന്ന എരുമകൾ,
വിമോഹന സൈകതങ്ങൾ,
നിറങ്ങൾ കുതിരുന്ന നൃത്തവേദി.

പൂർവജന്മത്തിലെ
പാട്ടുകാരായ പക്ഷികൾ
ഞങ്ങൾക്കു ചുറ്റും കൂടി.

അവിടെ വച്ച്,
മഴ
അഭൗമമായ തന്റെ നൃത്തമാരംഭിച്ചു.
എന്റെ വേദനകൾ ഒപ്പിയെടുക്കപ്പെട്ടു.




7

 


''
നഷ്ടപ്പെട്ടവരും ലഭിച്ചവരും
എന്ന് രണ്ടു വർഗങ്ങൾ
നിലവിൽ വന്നതിന്റെ ചരിത്രപശ്ചാത്തലം ഇതാണല്ലേ ?"
-
ഒത്തിരിക്കാലം കഴിഞ്ഞ്,
ഒരു വൈകുന്നേരം
സ്കൂൾ വിട്ടു വന്നപ്പോൾ
മഴയുടെ മകൾ അമ്മയോടുമച്ഛനോടുമായി ചോദിച്ചു.

 

 

 

 

 

 

[മതപ്രചരണാർത്ഥം കടന്നുചെന്ന പാസ്റ്ററെ അമ്പെയ്തുകൊന്ന സെന്റിനൽ ദ്വീപുവാസികൾക്ക് ]


 

 

ദ്വീപ്



ക്ലോക്കിൽ
മൂന്ന് സൂചികൾ മത്സരിക്കുന്നുണ്ട്
ആരാണ് ആദ്യമെത്തുക ?

മഹാഘടികാരത്തിന്റെ കേന്ദ്രബിന്ദു
ഒരു ദ്വീപാണ്
സമയം ബാധകമേ അല്ലാത്തൊരിടം
നേരങ്ങളുടെയെല്ലാം അച്ചുതണ്ട്
ആരംഭിക്കുന്നിടം

അവിടെ
ജലത്തെക്കാൾ സുതാര്യതയുളള ജനതയുണ്ട്
കയ്യിൽ ,
കുലച്ച വില്ലായി
തൊടുത്ത അമ്പായി ജാഗ്രതയുണ്ട്

ഉള്ളിലും പുറത്തും ജലം നിറഞ്ഞവർക്ക്
കടലിൽ ഒരു സൗമിത്രരേഖ വരയാനാവും
അകത്തേയ്ക്കോ പുറത്തേയ്ക്കോ
കടക്കാനാവാത്ത ഒന്ന്

കടലേക്കാൾ നീലിച്ച
കരയേക്കാൾ ചോന്ന ദ്വീപിൽ
ജലവും വെയിലുമുടുത്തവർ പ്രണയിച്ചു
ഇലയും മണ്ണുമണിഞ്ഞവർ കളിച്ചുനടന്നു
ഒപ്പം
ഓരോ തിരയും ചുരുളഴിച്ച
കുറിമാനം വായിച്ച്
അമ്പുകളൊരുക്കി വച്ചു

അവർക്കും ദൈവത്തിനുമിടയിൽ
കടലുകളില്ലായിരുന്നു
ആകാശമില്ലായിരുന്നു

ഘടികാരസൂചിയിൽ നിന്ന്
അമ്പുകളുതിർന്നു

കടന്നുചെല്ലും മുൻപേ
ദേശങ്ങൾ മുറിഞ്ഞുവീണു
ഭാഷകൾ മരിച്ചുവീണു.
ഞാണിന്റെ കമ്പനമായി ദ്വീപ് സ്പന്ദിച്ചു

ഒരു നിലവിളിയോ സ്തോത്രമോ
ചൂഴ്ന്നു പോകാനും
കൊടികൾ പിളർന്നു പോകാനും
സെക്കന്റ് സൂചിയിൽ നിന്നുതിരുന്ന
ഒരമ്പു മതി

ഉറങ്ങുമ്പോഴും
കണ്ണുകൾ തുറന്നുവച്ച
മത്സ്യം പോലൊരു ദ്വീപിൽ '



 വരവ്

 

 

 

പൂക്കളിലേയ്ക്ക്

 ഞങ്ങൾ തിരിച്ചു വരും.
മഞ്ഞയും ചുവപ്പും
ഇതളുകളിലേക്ക്
പച്ചയും വെള്ളയുമായ ഇലകളിലേക്ക്.
അതിലേറെ
നീലയായ ശംഖുപുഷ്പങ്ങളിലേയ്ക്ക്.

പക്ഷികളുടെ
ചിറകടിയും പാട്ടും കൊണ്ട്
അലങ്കരിക്കപ്പെട്ട പ്രഭാതങ്ങളിലായിരിക്കും
അത് സംഭവിക്കുക.
രാത്രിയുടെ നനവ് വിട്ടുമാറാതെ
മഷിപ്പച്ചകളുണരുന്ന നേരത്ത്.

നീയപ്പോൾ
ദേശാടനക്കിളികളുടെ ചിത്രമുള്ള
ഒരു ഫ്റോക്കുമിട്ട് മുന്നിൽ നിൽക്കുന്നുണ്ടാകും.

നിനക്കൊപ്പം
ആയിരക്കണക്കിനു മനുഷ്യർ
പൂക്കളുടെ ഒരു കടൽ പോലെ
എങ്ങും
ഇളകി നിൽക്കുന്നുണ്ടാകും

താഴ് വരയിലെ ഉദ്യാനത്തിന്റെ
പടിഞ്ഞാറേയറ്റത്ത് ,
മരിച്ച ഭൂപതിയാൽ സ്ഥാപിതമായ
വലിയ ഗ്ലോബ്,
കടലും കരയും മാത്രമായവശേഷിച്ച് തിരിയുന്നുണ്ടാകും.
അക്ഷാംശ രേഖാംശങ്ങൾ പോലും
മാഞ്ഞു്
കടലിരമ്പുന്നുണ്ടാകും

ബുദ്ധപ്രതിമയുടെ ചുണ്ടിൽ
നിഴലെഴുതും പുഞ്ചിരിയോളം
സ്വാഭാവികമായും,
തേനീച്ച പേറുന്ന തുള്ളിയോളം
കാമ്യമായും
അതുണ്ടാകും.

എല്ലാവരും
ഒരു വിജയനൃത്തത്തിന്
ഒരുങ്ങി നിൽക്കുകയാവും.
ഇടയ്ക്ക് അമ്മയുടെയോ ആയയുടെയോ
എളിയിൽ നിന്നിറങ്ങിയ
കൊച്ചു പെൺകുട്ടി,
കൂട്ടം ഭേദിച്ച്
ഞങ്ങളിലൊരാളിലേയ്ക്ക്
ഓടിയണയും.
ഒരു ഹൃദയം അവളെ വാരിയണയ്ക്കും.
ഞങ്ങളിൽ മുറിവേറ്റവർ ഒളിഞ്ഞും
അംഗഭംഗം വരാത്തവർ
തെളിഞ്ഞും
അവളെ ഓമനിക്കും


അപ്പോൾ
പൂക്കളിലേക്കെന്ന പോലെ
പാട്ടിലേക്കും
അതുവഴി കടലുപ്പിലേക്കും
അതു സംഭവിക്കും.

വിശപ്പിന്റെ പഴയ പാട്ടുകളിലേക്ക്
ഒപ്പിയ കൈലേസുകളിലേക്ക്
കളിപ്പമ്പരങ്ങളിലേക്ക്
തിരിച്ചുവരവുണ്ടാകും

ഒരുങ്ങിയിരിക്കുക.
മണവും നിറവുമെടുത്തവർ
പൂക്കൾക്ക് അതു തിരിച്ചു കൊടുത്തേക്കുക,
അവർക്കു വേണ്ടിടത്തോളം.

അല്ലെങ്കിൽ കരുതിയിരിക്കുക.
ഇളം കാറ്റിന്റെ മൃദുലതയോടെയോ
ചെറുമഴയുടെ കുളിർമയോടെയോ ആവില്ല
എല്ലാം സംഭവിക്കുക.

 


Previous Post Next Post