അനൂപ് ഷാ കല്ലയത്തിൻ്റെ കവിതകൾ
മറവി
ഒന്നുകൂടി പ്രണയിക്കാൻ കഴിഞ്ഞാൽ
ഞാനെന്റെ മറവികളെ മാത്രമേ
പ്രണയിക്കത്തൊള്ളൂ…!
മധുരസ്മരണകൾ തന്ന്-
മറന്നേച്ചുപോയ
മറവികൾ മാത്രമായിരുന്നു,
എന്നെ
വേദനിപ്പിക്കാതിരുന്നത്.
അച്ചായി
അച്ഛൻ മരിച്ച രണ്ടുപെണ്ണുങ്ങളോട്
ഞാൻ മിണ്ടിയിട്ടുണ്ട്
അതും മരിച്ചതിന്റെ അന്ന്.
ഒരാള് നന്നായി മിണ്ടി
ചടങ്ങ് സമയം അറിയിച്ചു
വഴി പറഞ്ഞു തന്നു
പക്ഷേ സ്റ്റാറ്റസ്,
തൂങ്ങിച്ചത്തപോലെ നിശബ്‌ദമായിരുന്നു.
രണ്ടാമത്തെയാൾ
തീരെ മിണ്ടിയില്ല,ക്ഷണിച്ചില്ല
എന്നാ സ്റ്റാറ്റസിൽ
പിറന്നാളിന് ഒക്കുന്ന
അച്ഛന് കൂടെയുള്ള കളറ് ഫോട്ടോ-
യിട്ടു കണ്ട്.
കാരണം ഒന്നാണേലും,കണക്കില്
കർമ്മവും പെലയും വെവ്വേറെയാർന്നു-
രണ്ടിടത്തും ചോദ്യമില്ലാതെ,അന്വേഷിക്കാനാവാതെ
എവിടെയെക്കെയോ മൂളി,
നിർത്തലുകളിൽ വാക്ക് വറ്റി-
അന്യരായി;
പകല്
ആ
ഭയപ്പെടുത്തുന്ന വിടവിൽ
ഞങ്ങൾ മൂന്നും കൈപിടിച്ചു നിന്നു.
ഇരുട്ട് കേറി വരുംതോറും
കൈകള് മുറുകി
കണ്ണുകളില് ഓരുവെള്ളം
കേറിയെറങ്ങി,
വെളിച്ചം തലചുറ്റിയടഞ്ഞു.
പകർന്നു കിട്ടിയ പോലെ
ഉള്ളിലൊരിരമ്പൽ,
നീ സമനില വഴങ്ങിട്ടൊള്ളൊരിടം അമ്മയാണ്
ആ അമ്മയുറങ്ങുന്ന മരമാണ് അച്ചായി,
എവിടേം തങ്ങി നിക്കാത്ത ഒഴുക്കുള്ള പുഴ.
ഒന്നുകൊണ്ടും
നികത്താൻ കഴിയാതെ വരുമെന്ന്
ജീവിച്ചിരിക്കുമ്പോളും
അ
ച്ചാ
യി
എന്നെ
ഭയപ്പെടുത്തുന്നു
മഷി പുരളാത്ത കണ്ണുകൾ
അടക്കങ്ങളെല്ലാം ഉരിഞ്ഞ്
ഒരു തുണ്ടുതുണിപോലുമില്ലാതെന്റെ കട്ടിലിൽ-
മുടിയിഴപൊട്ടിച്ചിട്ട്
കണ്ണടച്ച്
കാല് താളത്തിൽ കുടഞ്ഞ്
ഒന്ന് കണ്ണെഴുതി തരോന്ന നിന്റെ നിവേദനം-
ഇരമ്പുന്നു.
എഴുത്ത് പാതിക്കൊഴിഞ്ഞ് ഞാനത് പരിഗണിക്കുമ്പോ
ക്ലോക്കില് നേരം നട്ടുച്ച.
മുഷുക്ക് -ഒഴിവാക്കി
അടുക്കാൻ വിരലോടിച്ചു,
എന്റെ വേഗതകൂടിയെന്നല്ലാതെ
നിനക്ക്
തൊള്ളി നാണം കൂടി കാണാതെ വന്നപ്പോ,
കഴുത്തിന് കീഴിൽ ശ്വാസം മുട്ടിച്ചു.
കുതറി മാറിയപ്പോ
കൈക്ക് പിടിച്ച് കണ്ണ് തൊട്ടയിടങ്ങൾക്ക്
താഴേക്ക് ചുംബിച്ചു,
എനിക്ക്
ആരോഹണത്തിൽ ചോര ഒലിച്ചിൽ,
നീ
തണുത്ത് മരച്ച് കോടകേറിയമാതിരി;
ചേർന്നിരിക്കാനാവാതെ-
നമ്മൾ,
മുറിക്കകത്തു നിന്നും നിശബ്ദമായി
പുറത്തേക്കൊഴുകുന്ന-
രണ്ട് പുഴകളാകുന്നു,
രണ്ടറ്റമുണ്ടാകുന്നു.
അതിനുമേലെ നീല പടുതയായി
നിരാശയുടെ മൂടൽ മഞ്ഞ്
നിസ്സംഗമായ ചിരി
അപരിചിതത്വം.
കൊതിച്ചതിലേറെ
മഷിപരക്കാതെ കട്ടിക്കെഴുതിയെന്ന
മീശക്കനത്തിൽ
തൊലിച്ച്
സിഗരറ്റ് കത്തിച്ച്
പാതി വെച്ചതിലേക്ക് ഞാൻ തിരിച്ചുപോയി.
നീ അപ്പഴും
മുടിയിൽ ചാരി
കണ്ണടച്ച്
കാലിന് താളം കൊടുത്ത്
ഒന്ന് കണ്ണെഴുതി തരോന്ന് തന്നെ-
ചോദിച്ചു.
Anoop sha kallayam
Independent researcher
Kallayam (h)
Padicup (po),padicup
Idukki 685561
Ph:7510897742